ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് ഈ രാജ്യം; ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും
ന്യൂസിലാന്‍ഡില്‍ നിന്നെത്തിയ ഒരു യാത്രക്കാരനാണ് കൊവിഡ് ടെസ്റ്റ് പോസിറ്റിവായതെന്ന് ടോംഗോ പ്രധാനമന്ത്രി പൊഹിവ ട്യുനോറ്റ അറിയിച്ചു. ഇയാള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരുന്നെന്നും ക്രൈസ്റ്റ് ചര്‍ച്ചില്‍ നിന്ന് വിമാനം കയറുമ്പോള്‍ കൊവിഡ് നെഗറ്റീവായിരുന്നെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ലോകമാകെ കൊവിഡ് (Covid-19) മഹാമാരി കൊണ്ട് വലഞ്ഞപ്പോഴും ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ഈ രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു. ദക്ഷിണ പസിഫിക് ദ്വീപ് രാഷ്ട്രമായ ടോംഗയിലാണ് (Tongo) കഴിഞ്ഞ ദിവസം ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. ന്യൂസിലാന്‍ഡില്‍ (New zealand) നിന്നെത്തിയ ഒരു യാത്രക്കാരനാണ് കൊവിഡ് ടെസ്റ്റ് പോസിറ്റിവായതെന്ന് ടോംഗോ പ്രധാനമന്ത്രി പൊഹിവ ട്യുനോറ്റ അറിയിച്ചു.
ഇയാള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരുന്നെന്നും ക്രൈസ്റ്റ് ചര്‍ച്ചില്‍ നിന്ന് വിമാനം കയറുമ്പോള്‍ കൊവിഡ് നെഗറ്റീവായിരുന്നെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിമാനത്തിലെ യാത്രക്കാരും ക്രൂ അംഗങ്ങളും ക്വാറന്റൈനിലാണ്. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഒരാള്‍ക്ക് കൊവിഡ് ബാധിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെ വാക്‌സീനേഷന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. രാജ്യത്ത് 86 ശതമാനം പേരും ആദ്യ ഡോസും 62 ശതമാനം പേരും രണ്ടാം ഡോസും സ്വീകരിച്ചെന്നും ആരോഗ്യമന്ത്രി അമേലിയ ട്യുപൊലുറ്റു പറഞ്ഞു. എത്രയും വേഗം വാക്‌സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയാക്കുമെന്നും അവര്‍ പറഞ്ഞു.
കൊവിഡ് വ്യാപകമായ 2020 മാര്‍ച്ച് മുതല്‍ അയല്‍ രാജ്യങ്ങളുമായി അതിര്‍ത്തി അടച്ചിരിക്കുകയാണ്. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കൊവിഡ് ബാധിക്കാത്ത അപൂര്‍വം രാജ്യങ്ങളിലൊന്നായിരുന്നു ടോംഗോ. ഒരു ലക്ഷമാണ് ടോംഗോയിലെ ജനസംഖ്യ. ന്യൂസിലാന്‍ഡില്‍ നിന്ന് 2380 കിലോമീറ്ററും ഫിജിയില്‍ നിന്ന് 800 കിലോമീറ്ററുമാണ് ദൂരം.