ബംഗ്ലാദേശ് കലാപത്തെക്കുറിച്ച് ശരിയായ അന്വേഷണം നടക്കണം; ആദ്യ പ്രസ്താവനയിറക്കി ഷെയ്ഖ് ഹസീന
മകന്‍ സജീബ് വസേദിന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയാണ് ഹസീന ആദ്യ പ്രസ്താവന പുറത്തിറക്കിയത്
ദില്ലി: ബംഗ്ലാദേശ് കലാപത്തെ കുറിച്ച് ശരിയായ അന്വേഷണം നടക്കണമെന്ന് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. കുറ്റക്കാര്‍ക്ക് തക്ക ശിക്ഷ നല്‍കണമെന്നും ഷെയ്ക്ക് ഹസീന ആവശ്യപ്പെട്ടു. കലാപത്തെ തുടര്‍ന്ന് രാജ്യം വിട്ടശേഷം ആദ്യമായാണ് ഷെയ്ഖ് ഹസീന പ്രസ്താവനയിറക്കുന്നത്. കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ഷെയ്ഖ് ഹസീന ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പം ചേരുന്നുവെന്നും അറിയിച്ചു.
മറ്റന്നാളത്തെ ദേശീയ ദുഖാചരണം സമാധാനപരമായി നടത്തണമെന്നും ആഹ്വാനം ചെയ്തു. മകന്‍ സജീബ് വസേദിന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയാണ് ഹസീന ആദ്യ പ്രസ്താവന പുറത്തിറക്കിയത്. രാജിക്ക് മുൻപ് രാജ്യത്തെ അഭിസംബോധന ചെയ്യാൻ തയ്യാറാക്കിയ പ്രസംഗത്തിൽ ഷെയ്ഖ് ഹസീന വിശദമാക്കിയ കാര്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും പ്രസ്താവനയായി വന്നിരുന്നില്ല.