ടെലഗ്രാം സിഇഒ പാരീസിൽ അറസ്റ്റിൽ
ടെലഗ്രാമിൽ ക്രിമിനൽ ഉപയോഗം തടയാൻ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് ദുറോവിനെതിരെയുള്ള ആരോപണം.
പാരീസ്: മെലേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ പവേൽ ദുറോവിനെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. പാരീസിനടുത്തുള്ള വിമാനത്താവളത്തിൽ വെച്ചായിരുന്നു അറസ്റ്റ്. ഇദ്ദേഹത്തെ ഉടൻ കോടതിയിൽ ഹാജരാകുമെന്ന് വൃത്തങ്ങൾ എഎഫ്‌പിയോട് പറഞ്ഞു. അസർബൈജാനിലെ ബാക്കുവിൽ നിന്നാണ് ദുറോവ് എത്തിയതെന്ന് കേസുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. വഞ്ചന, മയക്കുമരുന്ന് കടത്ത്, സൈബർ ഭീഷണിപ്പെടുത്തൽ, സംഘടിത കുറ്റകൃത്യങ്ങൾ, തീവ്രവാദം പ്രോത്സാഹിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിലാണ് അറസ്റ്റ്.
ടെലഗ്രാമിൽ ക്രിമിനൽ ഉപയോഗം തടയാൻ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് ദുറോവിനെതിരെയുള്ള ആരോപണം. ഇയാൾക്കെതിരെ നേരത്തെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ദുബായ് ആസ്ഥാനമായാണ് ടെലഗ്രാം പ്രവർത്തിക്കുന്നത്. ടെലിഗ്രാം അതിൻ്റെ ഉപയോക്താക്കളെക്കുറിച്ചുള്ള ഒരു വിവരവും ഒരിക്കലും വെളിപ്പെടുത്തില്ല.