'13 -കാരി ഇത് ചെയ്യുമെന്ന് ഞാൻ കരുതിയില്ല'; 5 മാസത്തിൽ അമ്മയുടെ അക്കൌണ്ടിലെ 53 ലക്ഷം 5 രൂപയാക്കിയ ഗെയിം കളി!
അമ്മയുടെ അക്കൌണ്ടിൽ നിന്ന് അഞ്ച് മാസം കൊണ്ട് 53 ലക്ഷം രൂപ ഗെയിം കളിച്ച് കളഞ്ഞ് പെൺകുട്ടി
13 വയസ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി പേ ടു പ്ലേ മൊബൈൽ ഗെയിം കളിച്ച് കളഞ്ഞത് 64000 ഡോളർ (52.78 ലക്ഷം രൂപ). ചൈനയിലാണ് സംഭവം. സ്കൂളിൽ നിന്ന് വിളിയെത്തുന്നതുവരെ പെൺകുട്ടിയുടെ അമ്മ ഗോഹ് യിവാങ്ങിന് സംഭവത്തെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഇൻസൈഡർ പറയുന്നതനുസരിച്ച്, യിവാങ് തന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ വെറും ഏഴ് സെന്റ് (അഞ്ച് രൂപ) മാത്രമായിരുന്നു അതിൽ ബാലൻസ് ഉണ്ടായിരുന്നത്. ഇത് അവർക്ക് വിശ്വസിക്കാനാകുന്നതിലും അപ്പുറത്തായിരുന്നു. തുടർന്നാണ് ജനുവരിയിൽ മുതൽ മെയ് വരെയുള്ള മകളുടെ അഞ്ച് മാസത്തെ ചെലവ് അവരുടെ ശ്രദ്ധയിൽ പെട്ടത്. ഈ കാലയളവിൽ മാത്രം പെൺകുട്ടി ഗെയിം അക്കൗണ്ടുകൾക്കായി ഏകദേശം 16,800 ഡോളറും ഗെയിം വാങ്ങാനായി 30,000 ഡോളറും ചെലവഴിച്ചു.
13 വയസുള്ള ഒരു പെൺകുട്ടിക്ക് ഇത് ചെയ്യാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. എനിക്ക് ഇപ്പോഴും മയക്കത്തിൽ നിന്ന് ഉണരാൻ സാധിക്കുന്നില്ല. തല പൊട്ടിത്തെറിക്കുമെന്ന അവസ്ഥയിലാണ് താനെന്നും അവർ പറഞ്ഞു. പ്രാദേശിക മാധ്യമമായ എലിഫന്റിന് നൽകിയ അഭിമുഖത്തിൽ പെൺകുട്ടി ഇതിനെ കുറിച്ച് പറഞ്ഞതും റിപ്പോർട്ടിൽ പറയുന്നുണ്ട്. താൻ ചെലവഴിച്ച പണത്തെ കുറിച്ചോ അതിന്റെ ഉറവിടത്തെ കുറിച്ചോ പെൺകുട്ടിക്ക് അറിയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അമ്മയുടെ അക്കൌണ്ട് തന്റെ ഫോണുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് അറിയാമായിരുന്നു. എന്നാൽ താൻ ചെലവഴിക്കുന്നത് ഇത്ര വലിയ തുകയാണെന്നും അതിന്റെ അനന്തരഫലം ഇത്രത്തോളം ഭീകരമാണെന്നോ അവൾ മനസിലാക്കിയിരുന്നില്ല.
എന്നാൽ, ചെലവഴിക്കുന്ന കാര്യം മാതാപിതാക്കളിൽ നിന്ന് മറയ്ക്കാൻ പെൺകുട്ടി ശ്രമിച്ചിരുന്നു. ഇടപാടുകൾ നടത്തുമ്പോൾ വരുന്ന മെസേജുകൾ മായ്ച്ചു കളയുമായിരുന്നു. ഗെയിം കളിക്കാൻ പണം ചോദിച്ച സുഹൃത്തുക്കൾക്കും പെൺകുട്ടി പണം നൽകി. അവർക്ക് പണം നൽകിയില്ലെങ്കിൽ ഗെയിം കളിക്കാൻ സമ്മതിക്കാതെ ശല്യം ചെയ്യുമെന്ന് കരുതിയാണ് ഇതെന്നുമാണ് പെൺകുട്ടി പറഞ്ഞത്. പിന്നെ അധ്യാപകർ അറിഞ്ഞാൽ ഇത് രക്ഷിതാക്കളെ അറിയിക്കുമെന്ന ഭയവും മൂലമാണ് കൂട്ടുകാർക്കും പണം നൽകിയതെന്നും പഞ്ചാത്തപിക്കുകയാണ് പെൺകുട്ടിയിപ്പോൾ.
Read more: ലേലം ചെയ്ത മീനിൽ നിന്ന് 'വാരൽ'; പരാതിയിലും തീരാത്ത 'ബാധ' ഒഴിപ്പിക്കാൻ ഒരുങ്ങി തൊഴിലാളികൾ
കുട്ടിയുടെ ഗെയിമിംഗ് ആസക്തി മൂലമുണ്ടായ സാമ്പത്തിക ബാധ്യതയുമായി ഏറ്റുമുട്ടുകയാണ് യിവാങ് ഇപ്പോൾ. വിവിധ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് റീഫണ്ടുകൾക്കായി ശ്രമം നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഈ ശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.. അമിതമായ ഗെയിമിങ് ആസക്തി ഉണ്ടാക്കുന്ന പ്രശ്നങ്ങൾ നിരന്തരം വാർത്തയാവുകയാണ്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇത്തരം സംഭവങ്ങൾ നിരന്തരം ആവർത്തിക്കപ്പെടുകയാണ്. ഇത്തരം കെണികളിൽ നിന്ന് കുട്ടികളെയടക്കം സംരക്ഷിക്കാൻ പല രാജ്യങ്ങളും നടപടികൾ സ്വീകരിച്ചിട്ടുമുണ്ട്.