സ്കൂൾ റീ യൂണിയന് ചിത്രമെടുക്കാൻ അനുവാദം തേടിയെത്തി, 17കാരന്റെ മുഖത്ത് വെടിവച്ച് കൌൺസിലർ
ഗേറ്റിൽ ബെല്ല് അടിച്ചെങ്കിലും ആരും പ്രതികരിക്കാതിരുന്നതിനാലും വലിയ ശബ്ദത്തിൽ വീട്ടിൽ നിന്ന് പാട്ട് കേട്ടതിനാൽ വീടിന്റെ പരിസരത്തേക്ക് ഗേറ്റ് കടന്ന് എത്തിയ വിദ്യാർത്ഥികൾക്കാണ് വെടിയേറ്റത്.
കൊളറാഡോ: സ്കൂളിലെ പരിപാടിക്കായി വീട്ടുമുറ്റത്ത് നിന്ന് ചിത്രമെടുക്കാനായി അനുവാദം ചോദിച്ച 17കാരന്റെ മുഖത്തേക്ക് വെടിയുതിർത്ത് നഗരസഭാ കൌൺസിലർ. അമേരിക്കയിലെ കൊളറാഡോയിലാണ് സംഭവം. കൊളറാഡോയിലെ കോണിഫറിൽ സ്കൂളിലെ റീ യൂണിയൻ പരിപാടിക്കായി ചിത്രങ്ങൾ എടുക്കാനായി അനുവാദം വാങ്ങാനായി എത്തിയ 17 വയസുകാരനും 15 വയസുകാരനുമാണ് ആക്രമണത്തിനിരയായത്.
സംഭവത്തിൽ ജെഫേഴ്സൺ കൌണ്ടിയിലെ മൌണ്ടൻ വ്യൂ കൌൺസിലിലെ അംഗമായ ബ്രെന്റ് മെറ്റ്സ് എന്ന 38കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആയുധമുപയോഗിച്ചുള്ള ആക്രമണത്തിനും കൊലപാതക ശ്രമത്തിനുമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ബ്രെന്റ് മെറ്റ്സിന്റെ ഫാം ഹൌസിന് സമീപത്തുള്ള വീടിന്റെ ദൃശ്യങ്ങളുടെ ചിത്രം എടുക്കാൻ അനുവാദം തേടിയെത്തിയതായിരുന്നു വിദ്യാർത്ഥികൾ.
ഫാം ഹൌസിൽ ഒരു പാർട്ടി നടക്കുന്ന സമയത്തായിരുന്നു ഇവർ ഇവിടെയെത്തിയത്. ഗേറ്റിൽ ബെല്ല് അടിച്ചെങ്കിലും ആരും പ്രതികരിക്കാതിരുന്നതിനാൽ ഗേറ്റ് ചാടി വീടിന് സമീപത്തേക്ക് പോയ വിദ്യാർത്ഥികളിലൊരാൾക്കാണ് വെടിയേറ്റത്. 17കാരന്റെ നില ഗുരുതരമാണെന്നാണ് പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടക്കുന്നത്. വീടിന് സമീപത്ത് നിന്ന് വലിയ ശബ്ദം കേട്ടതിനാൾ വീട്ടിൽ ആളുണ്ടാവുമെന്ന ധാരണയിലായിരുന്നു വിദ്യാർത്ഥികൾ ഗേറ്റ് മറികടന്നത്.
വീടിന് അടുത്ത് എത്തി ഡോർ ബെൽ അടിച്ചിട്ടും ആരും പ്രതികരിക്കാതെ വന്നതോടെ തിരികെ മടങ്ങിയ വിദ്യാർത്ഥികളെ സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ട കൌൺസിലർ വീട്ടിൽ ആരോ അതിക്രമിച്ച് കയറിയതായി പൊലീസിൽ അറിയിച്ചതിന് ശേഷമാണ് വിദ്യാർത്ഥിക്ക് നേരെ വെടിയുതിർത്തത്. റോഡിൽ പാർക്ക് ചെയ്തിരുന്ന വിദ്യാർത്ഥികൾക്ക് അടുത്തേക്ക് പിക്ക് അപ്പ് വാഹനത്തിലാണ് കൌൺസിലർ എത്തിയത്. വിദ്യാർത്ഥികൾ റീ യൂണിയന് വേണ്ടി ചിത്രമെടുക്കാൻ അനുവാദം തേടിയെത്തിയതാണെന്ന് വീട്ടുടമയ്ക്ക് കുറിപ്പ് എഴുതുന്നതിനിടയിലാണ് ഇവരുടെ കാറിന് മുന്നിൽ വാഹനം നിർത്തി കൌൺസിലർ 17കാരന്റെ മുഖത്തേക്ക് വെടിയുതിർത്തത്.
വെടിവയ്പ് നടന്ന സ്ഥലത്ത് നിന്ന് സ്കൂളിൽ നിന്നുള്ള കുട്ടികൾക്ക് നൽകിയ കത്ത് അടക്കമുള്ളവ പൊലീസ് കണ്ടെത്തിയിരുന്നു. വിവരം പോലും തിരക്കാതെയായിരുന്നു കൌൺസിലർ വെടിയുതിർത്തതെന്നാണ് വെടിയേറ്റ 15കാരൻ പ്രതികരിക്കുന്നത്. കഴിഞ്ഞ വർഷമാണ് ബ്രെന്റ് മെറ്റ്സ് കൌൺസിലർ പദവിയിൽ എത്തിയത്. 2027 വരെയായിരുന്നു ഇയാളുടെ കൌൺസിലർ പദവിയിലെ കാലാവധി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം