ഫൈറ്റർ പൈലറ്റുമാരെ തിരഞ്ഞുപിടിച്ച് വധിച്ച് താലിബാൻ, രാജിവെച്ച് രക്ഷപ്പെട്ടത് ഇരുപതോളം പേർ
കാബൂളിൽ വെച്ച് സഞ്ചരിച്ചുകൊണ്ടിരുന്ന കാറിൽ സ്ഥാപിച്ച ഒരു സ്റ്റിക്കി ബോംബ് പൊട്ടിത്തെറിച്ചാണ് അസിമി കൊല്ലപ്പെടുന്നത്.
കാബൂൾ : അഫ്ഗാനിസ്ഥാൻ സൈന്യത്തിന്റെ ഫൈറ്റർ പൈലറ്റുമാരെ തിരഞ്ഞു പിടിച്ച് വധിച്ച് താലിബാൻ സൈന്യം ഭീതി പടർത്തുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ എട്ടോളം പേർ കൊല്ലപ്പെട്ടതോടെ പൈലറ്റുമാർക്കിടയിലും പരിഭ്രാന്തി പടർന്നിരിക്കുകയാണ്. ലക്‌ഷ്യം വെച്ചുള്ള ഈ കൊലപാതകങ്ങളുടെ പേരിൽ സൈന്യത്തിലെ നിരവധി പൈലറ്റുമാർ രാജിവെച്ച് ജീവനും കൊണ്ട് സ്ഥലം വിട്ടുകൊണ്ടിരിക്കുകയാണ് എന്ന റിപ്പോർട്ടുകളാണ് കാബൂളിൽ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ രാജിവെച്ച് ഒഴിഞ്ഞിരിക്കുന്നത് ചുരുങ്ങിയത് 20 പൈലറ്റുമാരെങ്കിലുമാണ്.
ഏറ്റവും ഒടുവിൽ കൊല്ലപ്പെട്ടത് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ പൈലറ്റായ ഹമീദുല്ലാ അസിമി ആണ്. കാബൂളിൽ വെച്ച് സഞ്ചരിച്ചുകൊണ്ടിരുന്ന കാറിൽ സ്ഥാപിച്ച ഒരു സ്റ്റിക്കി ബോംബ് പൊട്ടിത്തെറിച്ചാണ് അസിമി കൊല്ലപ്പെടുന്നത്. പൈലറ്റുമാരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്ന ഈ കുറവ് അല്ലെങ്കിൽ തന്നെ താലിബാനെ എതിരിടാൻ വേണ്ടത്ര ആൾബലമില്ലാത്ത അഫ്ഗാൻ സേനയ്ക്ക് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന പരിമിതമായ എയർ സപ്പോർട്ട് വീണ്ടും കുറച്ചിരിക്കയാണ്.
അഫ്ഗാൻ സൈന്യത്തിന്റെ വിമാനങ്ങളും ഹെലികോപ്റ്ററുകളും അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തന ക്ഷമമാക്കിക്കൊണ്ടിരുന്ന അമേരിക്കൻ കോൺട്രാക്ടർമാരും സൈന്യത്തോടൊപ്പം സ്ഥലം വിട്ടതോടെ, വേണ്ടത്ര സ്പെയർ പാർട്സും, സമയ ബന്ധിതമായ സർവീസും ഇല്ലാഞ്ഞ് പല മിലിട്ടറി വിമാനങ്ങളും ചോപ്പറുകളും പ്രവർത്തനരഹിതമായിക്കഴിഞ്ഞു എന്നതും സൈന്യത്തിന് ക്ഷീണമായിട്ടുണ്ട്.
പൈലറ്റുമാരെ താലിബാൻ കാബൂൾ നഗരത്തിൽ തിരഞ്ഞു പിടിച്ച് വധിച്ചുകൊണ്ടിരിക്കുകയാണ്. വധഭീഷണി ഉള്ളതുകൊണ്ട്, സ്ഥിരമായി ഒരു കാറിൽ സഞ്ചരിക്കാനോ, പുറത്തിറങ്ങി നടക്കാനോ, സോഷ്യൽ ലൈഫ് ആസ്വദിക്കാനോ പറ്റാത്ത സാഹചര്യമാണ് നിലവിൽ അവർക്കുള്ളത്. പൈലറ്റ് ആണെന്ന വിവരം പുറത്തറിയിക്കാതെ, അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങി, ഏറെക്കുറെ ഒരു ഒളിവുജീവിതമാണ് ഇപ്പോൾ അവരിൽ പലരും കാബൂളിൽ നയിച്ചു കൊണ്ടിരിക്കുന്നത്. താലിബാന്റെ പക്ഷത്തുനിന്ന് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ നേരിടാൻ ഇപ്പോൾ തന്നെ പ്രയാസപ്പെട്ടുകൊണ്ടിരിക്കുന്ന അഫ്ഗാനിസ്ഥാൻ സൈന്യത്തിന്, ഏറ്റിരിക്കുന്ന അവസാന പ്രഹരമാണ് പൈലറ്റുമാരുടെ ഈ കൂട്ടരാജി.