നടുങ്ങി വിറച്ച് തായ്‍വാൻ, 24 മണിക്കൂറിനുള്ളിലുണ്ടായത് എൺപതിലധികം ഭൂകമ്പങ്ങൾ
തിങ്കളാഴ്ച രാവിലെ മുതൽ ചൊവ്വാഴ്ച രാവിലെ വരെയാണ് ഭൂകമ്പങ്ങളുണ്ടായത്. ഇതിൽ ഏറ്റവും ശക്തമായ ഭൂകമ്പത്തിന് 6.3 തീവ്രതയാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത്.
തായ്പേയ്: തായ്വാനെ വലച്ച് 80ൽ അധികം ഭൂകമ്പങ്ങൾ. തായ്പേയ്ക്കും തായ്വാന്റെ കിഴക്കൻ മേഖലയിലുമായാണ് ചെറുചലനങ്ങൾ ഉണ്ടായത്. തിങ്കളാഴ്ച രാവിലെ മുതൽ ചൊവ്വാഴ്ച രാവിലെ വരെയാണ് ഭൂകമ്പങ്ങളുണ്ടായത്. ഇതിൽ ഏറ്റവും ശക്തമായ ഭൂകമ്പത്തിന് 6.3 തീവ്രതയാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത്.
ഏപ്രിൽ ആദ്യവാരത്തിലുണ്ടായ ഭൂകമ്പത്തിൽ 14 പേരാണ് തായ്വാനിൽ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ നിരവധി തുടർചലനങ്ങളാണ് തായ്വാനിലുണ്ടായത്. ഈ തുടർ ചലനങ്ങൾ പ്രതീക്ഷിക്കപ്പെട്ടതാണെന്നാണ് തായ്വാനിലെ സീസ്മോളജി സെന്റർ ഡയറക്ടർ പ്രതികരിക്കുന്നത്. ശക്തമായ മഴ കൂടിയാണ് ഈ ആഴ്ച തായ്വാനിൽ പ്രവചിച്ചിട്ടുള്ളത്. അതിനാൽ മറ്റ് നാശനഷ്ടങ്ങളുണ്ടാവാനുള്ള സാധ്യത അവഗണിക്കുന്നില്ലെന്നാണ് സീസ്മോളജി വിഭാഗം വിശദമാക്കുന്നത്.
ഏപ്രിൽ 3ന് സാരമായി തകരാറുകളുണ്ടായ രണ്ട് കെട്ടിടങ്ങൾ ചെരിയുന്നത് തുടരുകയാണ്. 2016ൽ തായ്വാന്റെ തെക്കൻ മേഖലയിലുണ്ടായ ഭൂകമ്പത്തിൽ 100ൽ അധികം ആളുകളാണ് കൊല്ലപ്പെട്ടത്. 7.3 തീവ്രതയുള്ള ഭൂകമ്പമാണ് അന്ന് സംഭവിച്ചത്. 1999ലുണ്ടായ ഭൂകമ്പത്തിൽ 2400 പേരാണ് തായ്വാനിൽ കൊല്ലപ്പെട്ടത്. 7.7 തീവ്രതയുള്ള ഭൂകമ്പങ്ങളാണ് 1999ൽ തായ്വാനിലുണ്ടായത്.
ഏപ്രിൽ 3നുണ്ടായ ഭൂകമ്പം കഴിഞ്ഞ 25 വർഷത്തിനിടയിലുണ്ടായ ഏറ്റവും ശക്തിയേറിയതായിരുന്നു. ഭൂകമ്പ സാധ്യത മുൻകൂട്ടികണ്ടുള്ള നിർമ്മാണങ്ങൾക്ക് ഏറെ പ്രശസ്തമാണ് തായ്വാൻ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം