'സിറിയയെ ഒരിക്കലും അഫ്ഗാൻ പോലെയാക്കില്ല, പുതിയ ഭരണഘടന നിലവിൽ വരും': ഉപരോധം പിൻവലിക്കണമെന്ന് ജൂലാനി
ഉപരോധങ്ങൾ ബാഷർ അൽ അസദിന്റെ ഭരണ കാലത്ത് നിലവിൽ വന്നതാണ്. അത് പുതിയ ഭരണകൂടത്തിന്റെ കാലത്തും തുടരുന്നത് ശരിയല്ലെന്ന് ജൂലാനി
ഡമാസ്കസ്: സിറിയ ഒരിക്കലും ലോക സമാധാനത്തിന് ഭീഷണി ആകില്ലെന്ന് വിമത നേതാവ് അബു മുഹമ്മദ് അൽ ജൂലാനി. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് വിമത സംഘമായ ഹയാത്ത് തഹ്‌രീർ അൽ ഷാമിന്റെ തലവന്റെ പ്രതികരണം. ലോകരാജ്യങ്ങൾ സിറിയയ്ക്ക് എതിരായ ഉപരോധം പിൻവലിക്കണം. കാരണം ഉപരോധങ്ങൾ ബാഷർ അൽ അസദിന്റെ ഭരണ കാലത്ത് നിലവിൽ വന്നതാണ്. അത് പുതിയ ഭരണകൂടത്തിന്റെ കാലത്തും തുടരുന്നത് ശരിയല്ലെന്ന് ജൂലാനി പറഞ്ഞു.
എച്ച്‌ടിഎസിനെ തീവ്രവാദ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ജൂലാനി ആവശ്യപ്പെട്ടു. സിറിയയെ ഒരിക്കലും അഫ്ഗാനിസ്ഥാൻ പോലെ ആക്കില്ല. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനെ തടയില്ല. സിറിയയിൽ വിമതർ ഭരിക്കുന്ന ഇദ്‌ലിബിൽ സർവ്വകലാശാലകൾ പ്രവർത്തിക്കുന്നുണ്ട്. ഈ സർവ്വകലാശാലകളിൽ 60 ശതമാനത്തിൽ കൂടുതൽ സ്ത്രീകൾ പഠിക്കുന്നു. നിയമ വിദഗ്ധരുടെ ഒരു സമിതി രാജ്യത്തിനായി പുതിയ ഭരണഘടനാ ഉണ്ടാക്കും എന്നും ജൂലാനി വ്യക്തമാക്കി.
വെറും രണ്ടാഴ്ച കൊണ്ടാണ് സിറിയയിലെ സർക്കാർ നിലംപൊത്തിയത്. നവംബർ 27 -നാണ് വിമതർ ആക്രമണം തുടങ്ങിയത്. ആദ്യം അലെപ്പോ, ദരാ, പിന്നെ ഹമാ, ഹോംസ്, അവസാനം ദമാസ്കസ്. പിന്നെ കേട്ടത് ബാഷർ അൽ അസദ് അധികാരം കൈമാറി രാജ്യം വിട്ടു എന്നാണ്. സർക്കാർ സൈന്യത്തിലെ കരാറിലെത്തിയ അംഗങ്ങൾ യുദ്ധം ചെയ്യാൻ പോലും വിസമ്മതിച്ചു. യൂണിഫോം അഴിച്ചുവച്ച് അവരും പോയി.
സിറിയയിൽ ഇന്ന് അധികാരത്തിലുള്ള എച്ച്ടിഎസ് മുൻ അൽഖയിദ സംഘടനയാണ്. അതിൽ ലോകരാജ്യങ്ങൾക്ക് ആശങ്കകളുണ്ട്. അതേസമയം കുപ്രസിദ്ധമായ തടവറകൾ ഓരോന്നോരോന്നായി കണ്ടെത്തി തടവുകാരെ തുറന്ന് വിട്ട് സ്വാതന്ത്ര്യ ആഘോഷവും നടക്കുന്നു. എല്ലാ തടവറകളും തുറക്കും എന്നാണ് വിമതരുടെ വാക്ക്.
സിറിയന്‍ ഭരണം പിടിച്ച് വിമതര്‍, തുറന്നുവയ്ക്കപ്പെട്ട തടവറകൾ, രാജ്യം വിട്ട ഭരണാധികാരി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം