സുഡാൻ കലാപം: പുറത്തുനിന്ന് കേൾക്കുന്നത് വെടിയുണ്ടയുടെ ശബ്ദം മാത്രം, ഖാർത്തൂമിൽ സ്ഥിതി ഗുരുതരമെന്ന് മലയാളി
സുഡാനിലെ ഖാർത്തൂമിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് മലയാളിയായ വിജയൻ നായർ ഏഷ്യാനെറ്റ് ന്യൂസിനോട്
ഖാർത്തൂം : സുഡാൻ കലാപം നാലാം ദിവസവും തുടരുകയാണ്. സംഘർഷത്തിൽ ഇതുവരെ 200 ലേറെ പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. 1800ൽ അധികം പേർക്ക് പരിക്കേറ്റുവെന്നുമാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. സുഡാനിലെ ഖാർത്തൂമിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് മലയാളിയായ വിജയൻ നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒന്നര പതിറ്റാണ്ടായി ഖാർത്തൂമിൽ ജോലി ചെയ്യുന്നയാളാണ് വിജയൻ നായർ.
ഖാർത്തൂമിൽ 150 ഓളം മാലയാളികളുണ്ട്. 6000 ഓളം ഇന്ത്യക്കാരും ഇവിടെയുണ്ട്. ഇവിടെ ഉള്ളവർ സുരക്ഷിതരാണ്. എന്നാൽ വിമാനത്താവളം എന്ന് തുടങ്ങുമെന്ന് അറിയില്ലെന്നും പറയുന്നു വിജയൻ നായർ. വലിയ നാശനഷ്ടമാണ് വിമാനത്താവളത്തിന് ഉണ്ടായിരിക്കുന്നത്. ഇവിടെ
കമ്പനികളിൽ ജോലി ചെയ്യുന്നവർ അവിടെ തന്നെ കിടക്കുകയാണ്. അവിടെയാണ് സുരക്ഷിതമെന്നാണ് അവർ പറയുന്നത്. ഇവിടുത്തെ റോഡുകൾ അടച്ചു.
വെടിയുണ്ടയുടെ ശബ്ദം മാത്രമാണ് കേൾക്കുന്നത്. പേടിക്കണ്ട കുഴപ്പമില്ലെന്നാണ് എംബസി പറയുന്നത്. വിമാനത്താവളം തുറന്നാൽ ആളുകളെ കൊണ്ടുപോകാമെന്നും എംബസി പറയുന്നുണ്ട്.എന്നാൽ പ്രശ്നമതല്ല, ഈ സ്ഥിതി തുടർന്നാൽ ഭക്ഷണമില്ലാതെയാകും. വലിയ ബുദ്ധിമുട്ടിലാകുമെന്നും വിജയൻ നായർ പറയുന്നു. പാലസിന്റെയും വിമാനത്താവളത്തിന്റെയും അധികാരം ലോക്കൽ മിൽട്ടറി ഏറ്റെടുത്തു കഴിഞ്ഞു. ജനൽ തുറന്ന് പുറത്തേക്ക് നോക്കിയാൽ വെടിയേൽക്കുന്ന സാഹചര്യമാണ് ഇവിടെയെന്നാണ് വിജയൻ നാർ വിശദീകരിക്കുന്നത്.
Read More : സുഡാനിൽ 14 ദിവസത്തേക്ക് അതിർത്തി അടച്ചു; ആൽബർട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും