സുഡാൻ തലസ്ഥാനത്ത് നിന്ന് കൂട്ട പലായനം; കുടിവെള്ളവും ഭക്ഷണവുമില്ലെന്ന് ഖാർത്തൂമിൽ കുടുങ്ങിയ മലയാളി വ്ലോഗർ
ഇന്ത്യൻ എംബസി വിവരങ്ങൾ ശേഖരിച്ചു തുടങ്ങിയതിൽ പ്രതീക്ഷയുണ്ടെന്നും, നടപടികൾ വേഗത്തിലാക്കണമെന്നാണ് അപേക്ഷയെന്നും ഖാർത്തൂമിൽ കുടുങ്ങിയ മലയാളി വ്ലോഗർ മാഹീൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഖാർത്തൂം: വെടിനിർത്തൽ പ്രഖ്യാപനം പാളിയതിന് പിറകെ സുഡാൺ തലസ്ഥാനത്ത് നിന്നും കൂട്ട പലായനം. സംഘർഷം നാലാം ദിവസത്തേക്ക് കടന്നതോടെ മേഖലയിൽ ഭക്ഷ്യ, കുടവെള്ള ക്ഷാമവും രൂക്ഷമായി. ആശുപത്രികളിൽ അത്യാവശ്യ മരുന്നുകളുടെ ക്ഷാമവും നേരിടുന്നുണ്ട്. കുടിവെള്ളവും ഭക്ഷണവുമില്ലെന്ന് ഖാർത്തൂമിൽ കുടുങ്ങിയ മലയാളി വ്ലോഗർ മാഹീൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, ഇന്ത്യൻ എംബസി വിവരങ്ങൾ ശേഖരിച്ചു തുടങ്ങിയതിൽ പ്രതീക്ഷയുണ്ടെന്നും, നടപടികൾ വേഗത്തിലാക്കണമെന്നാണ് അപേക്ഷയെന്നും മാഹീന്‍ കൂട്ടിച്ചേര്‍ത്തു.
സുഡാനിലെ സ്ഥിതി നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. ആളുകളെ ഒഴിപ്പിക്കുന്നതിന് സജ്ജമായിരിക്കുമെന്നും സ്ഥിതി നിരീക്ഷിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു. എംബസി സ്ഥിതി ചെയ്യുന്ന മേഖലയിൽ സംഘർഷമുണ്ട്. എന്നാല്‍, ഇന്ത്യൻ എംബസിക്ക് നേരെ ആക്രമണമില്ലെന്നും മന്ത്രാലയം അറിയിച്ചു.
സുഡാനിൽ സംഘർഷം തുടരുകയാണ്. സംഘർഷത്തിൽ ഇതുവരെ മൂന്നൂറോളം പേർ കൊല്ലപ്പെട്ടതായും മൂവായിരത്തോളം പേർക്ക് പരിക്കേറ്റതായുമാണ് ഔദ്യോഗിക കണക്ക്. സൈനിക തലവൻ ജനറൽ അബ്ദുൽ ഫത്തഹ് അൽ ബുർഹാനും ഇദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന അർധ സൈനിക വിഭാഗം തലവൻ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് ഹംദാനും തമ്മിലെ ഭിന്നതയാണ് ചോര ചീന്തിയ ആഭ്യന്തര സംഘർഷങ്ങൾക്ക് കാരണം. മൂന്നു ലക്ഷം പേരുടെ ജീവനെടുത്ത ദാർഫർ യുദ്ധത്തിന്റെ സൂത്രധാരനാണ് ജനറൽ അബ്ദുൽ ഫത്തഹ് അൽ ബുർഹാൻ. ഒട്ടേറെ യുദ്ധ കുറ്റകൃത്യങ്ങളിൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് ഹംദാനും ആരോപണ വിധേയനാണ്.
ഇവർ ഇരുവരും ഒന്നുചേർന്നാണ് സുഡാനിൽ ജനാധിപത്യം സ്ഥാപിക്കാനുള്ള നീക്കത്തെ അട്ടിമറിച്ചത്. മുപ്പതു വർഷമായി അധികാരത്തിലിരുന്ന പ്രസിഡന്റ് ഒമർ അൽ ബഷീർ 2019 ൽ ജനകീയ പ്രതിഷേധത്തിൽ പുറത്തായിരുന്നു. തുടർന്ന് ജനകീയ സർക്കാർ രൂപീകരിക്കാൻ സൈന്യവും പ്രതിപക്ഷ പാർട്ടികളും ധാരണയിൽ എത്തി. എന്നാൽ സമയമെടുത്തപ്പോൾ സൈന്യം അധികാരം കവരുകയും ചെയ്തു. ആർഎസ്എഫിനെ സൈന്യത്തിൽ ലയിപ്പിക്കാനെടുത്ത തീരുമാനമാണ് ഇപ്പോഴത്തെ സംഘർഷങ്ങൾക്ക് കാരണം.
സംഘർഷത്തിനിടെ കഴിഞ്ഞ ദിവസം ഒരു മലയാളി കൊല്ലപ്പെട്ടിരുന്നു. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിനാണ് കൊല്ലപ്പെട്ടത്. ദാല്‍ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനാണ് ആല്‍ബര്‍ട്ട് അഗസ്റ്റിന്‍. 48 വയസായിരുന്നു. സുഡാൻ അതിർത്തി 14 ദിവസം അടച്ച സാഹചര്യത്തില്‍ ആല്‍ബര്‍ട്ടിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കും എന്നാണ് വിവരം. മൃതദേഹം ഖർത്തൂമിലെ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ആൽബർട്ടിന്റെ ഭാര്യയും മകളും ഇവർ താമസിച്ചിരുന്ന ഫ്ലാറ്റ് കെട്ടിടത്തിന്റെ ബേസ്മെന്റിലാണ് കഴിയുന്നത്.