ആയിരക്കണക്കിന് ടാർ പന്ത് പോലുള്ള വസ്തു ബീച്ചിലേക്ക്, എവിടെ നിന്നെന്നതിൽ ദുരൂഹത, സന്ദർശക വിലക്ക് ഒടുവിൽ നീക്കി
ടാർ പന്ത് പോലെയുള്ള ദുരൂഹ വസ്തു സ്പർശിച്ചവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിന് പിന്നാലെയാണ് സിഡ്നിയിലെ ഏറ്റവും പ്രധാനപ്പെട്ട ആറ് ബീച്ചുകളിൽ ദിവസങ്ങളോളം സന്ദർശക വിലക്ക് പ്രഖ്യാപിച്ചത്.
സിഡ്നി: ബീച്ചുകളിലേക്ക് ഒഴുകിയെത്തിയത് ടാർ പന്തുകൾ പോലുള്ള അസാധാരണ വസ്തു. പിന്നാലെ കടൽ കരയിലെത്തിയവർക്കെല്ലാം രോഗബാധ. ഏറെ നാളുകളുടെ പ്രയത്നത്തിന് ഒടുവിൽ സഞ്ചാരികൾക്കായി സിഡ്നിയിലെ ബീച്ചുകൾ തുറന്നു നൽകി. ഈ ആഴ്ച ആദ്യമായിരുന്നു ബീച്ചുകളിലേക്ക് ആയിരക്കണക്കിന് ടാർ പന്തു പോലെയുള്ള വസ്തുക്കൾ അടിഞ്ഞതിന് പിന്നാലെ ഓസ്ട്രേലിയയിലെ സിഡ്നിയെ ബീച്ചുകൾ അടച്ചിട്ടത്. തൊട്ടാൽ കൈകളിൽ ഒട്ടുന്നത് പോലയുള്ള ഈ പന്തുകൾ ബീച്ചുകളിലെത്തിയ ആളുകളാണ് ആദ്യം ശ്രദ്ധിച്ചത്.
എവിടെ നിന്ന് എത്തിയെന്ന് ഇനിയും വ്യക്തമല്ലാത്ത ഈ ടാർ പന്തുപോലെയുള്ള വസ്തുക്കളിൽ നിന്ന് സൌന്ദര്യ വർധക വസ്തുക്കളിൽ ഉപയോഗിക്കുന്നതിന് സമാനമായ കെമിക്കലുകളും ശുചീകരണത്തിനായി ഉപയോഗിക്കുന്നതിന് സമാനമായ കെമിക്കലുകളും കണ്ടെത്തിയിട്ടുണ്ട്. സിഡ്നിയിലെ പ്രമുഖ ബീച്ചായ ബോണ്ടി അടക്കം നഗരത്തിലെ പ്രശസ്തമായ എട്ട് ബീച്ചുകളാണ് അടച്ചിട്ട് ശുചീകരണ പ്രവർത്തനം ദിവസങ്ങളോളം നടന്നത്. സംഭവത്തിൽ അന്വേഷണം നടക്കുന്നതായാണ് ന്യൂ സൌത്ത് വെയിൽസ് പരിസ്ഥിതി മന്ത്രി പെന്നി ഷാർപ് വിശദമാക്കിയിട്ടുള്ളത്.
മാരക വിഷവസ്തുക്കളല്ല ഈ പന്തുകളിൽ കണ്ടെത്തിയതെന്നും എങ്കിലും ഇവ കൈ കൊണ്ട് സ്പർശിക്കരുതെന്നാണ് മാരിടൈം അതോറിറ്റി നൽകിയിരിക്കുന്ന നിർദ്ദേശം. ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ പന്തുകളിൽ ഫാറ്റി ആസിഡുകളും സൌന്ദര്യ വസ്തുക്കളിലുപയോഗിക്കുന്ന കെമിക്കലുകളും ശുചീകരണ വസ്തുക്കളിലെ കെമിക്കലുകളുമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതിന് പുറമേ കത്തിക്കാൻ സഹായിക്കുന്ന എണ്ണകളും ഈ പന്തുകളിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് ന്യൂ സൌത്ത് വെയിൽസ് മാരിടൈം എക്സിക്യുട്ടീവ് ഡയറക്ടർ മാർക്ക് ഹച്ചിംഗ്സ് വിശദമാക്കുന്നത്.
ഇവ എവിടെ നിന്ന് എത്തരത്തിൽ ബീച്ചുകളിലേക്ക് എത്തിയതെന്നത് ഇനിയും നിഗൂഡമായി തുടരുകയാണ്. ഇത്തരം പന്തുകൾ ഇനിയും ശ്രദ്ധയിൽപ്പെട്ടാൽ തൊടാതിരിക്കാൻ നോക്കണമെന്നും തൊട്ടാൽ തന്നെ പരമാവധി വേഗത്തിൽ സോപ്പും ബേബി ഓയിലും ഉപയോഗിച്ച് കഴുകണമെന്നും ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശത്തോടെയാണ് ബീച്ചുകൾ പൊതു ജനത്തിന് തുറന്ന് നൽകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം