കാറ്റിൽ നിന്ന് വൈദ്യുതിക്കായുള്ള അദാനി പദ്ധതിയും ചൈനീസ് പദ്ധതികളും പുനഃപരിശോധിക്കും; ദിസനായകെ ആർക്കൊപ്പം?
ഇന്ത്യയെ ഭീഷണിപ്പെടുത്താൻ തന്‍റെ രാജ്യത്തിന്‍റെ കടലും കരയും വ്യോമാതിർത്തിയും ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ദിസനായകെ അടുത്തിടെ പറഞ്ഞത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.
കൊളംബോ: ശ്രീലങ്കയെ ചുവപ്പിച്ച് പുതിയ പ്രസിഡന്‍റായി അനുര കുമാര ദിസനായകെ ഇന്ന് ചുമതലയേൽക്കുമ്പോൾ ഇന്ത്യയോട് നിലപാട് ഇനി എന്തായിരിക്കും എന്നാണ് അറിയാനുള്ളത്. കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ അദാനിക്ക് അനുവദിച്ച പദ്ധതി റദ്ദാക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ പദ്ധതി റദ്ദാക്കുന്നത് എല്ലാ വശവും പരിശോധിച്ചാകുമെന്നാണ് ദിസനായകെ ഇപ്പോൾ പറയുന്നത്. ചൈനീസ് പദ്ധതികളെക്കുറിച്ചും പരിശോധന നടത്തുമെന്ന് ജെവിപി നേതൃത്വം (ജനത വിമുക്തി പെരുമുന) വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ശ്രീലങ്കയുമായുള്ള സഹകരണം ശക്തമായി കൊണ്ടുപോകാൻ ദിസനായകയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പാരിസ്ഥിതിക പ്രശ്‌നങ്ങൾ കാരണം വിവാദത്തിലായ അദാനി ഗ്രൂപ്പിന്‍റെ കാറ്റാടി വൈദ്യുതി പദ്ധതി ശ്രീലങ്കയുടെ ഊർജ്ജ പരമാധികാരം ലംഘിക്കുന്നുവെന്ന് നേരത്തെ ദിസനായകെ വിമർശിച്ചിരുന്നു. അതേസമയം അതിർത്തി കടന്നുള്ള വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്ന സിലോൺ ചേംബർ ഓഫ് കൊമേഴ്‌സ്, രാജ്യത്തേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കാൻ പദ്ധതി സഹായിക്കുമെന്ന് ദിസനായകെയോട് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ഹമ്പൻടോട്ട തുറമുഖം, കൊളംബോ തുറമുഖ നഗര പദ്ധതി തുടങ്ങിയ ചില ചൈനീസ് പദ്ധതികളുടെ നടത്തിപ്പിലെ അഴിമതിയെക്കുറിച്ചും സുതാര്യതയില്ലായ്മയെക്കുറിച്ചും ദിസനായകെയ്ക്ക് ആശങ്കയുണ്ട്. ഇവയെല്ലാം വിശദമായി പരിശോധിക്കും എന്നാണ് ജെവിപി നേതൃത്വത്തിന്‍റെ നിലപാട്.
ദിസനായകെ ചൈനയുമായി കൂടുതൽ ശക്തമായ ബന്ധമുണ്ടാക്കാൻ ഇടയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു. എന്നാൽ ഇന്ത്യയെ ഭീഷണിപ്പെടുത്താൻ തന്‍റെ രാജ്യത്തിന്‍റെ കടലും കരയും വ്യോമാതിർത്തിയും ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ദിസനായകെ അടുത്തിടെ പറഞ്ഞത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.
സഖാവ് എ.കെ.ഡി എന്ന ജനകീയ മുഖം
ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായാണ് ഒരു ഇടതുപക്ഷ നേതാവ് പ്രസിഡന്‍റാകുന്നത്. സാമ്പത്തികമായി തകർന്നടിഞ്ഞ് രാഷ്ട്രീയ അനിശ്ചത്വത്തിലേക്ക് കൂപ്പുകുത്തിയ രാജ്യത്തെ പുനരുദ്ധരിക്കാൻ അനുര കുമാര ദിശനായകെ എന്ന സഖാവ് എ.കെ.ഡി.ക്ക് സാധിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. 59 വർഷത്തെ പാരമ്പര്യമുള്ള, സായുധ പോരാട്ടങ്ങളുടെയും കലാപ കാലത്തെ ക്രൂരതകളുടെയും ഇരുണ്ട ഭൂതകാലമുള്ള പാർട്ടിയുടെ ജനകീയ മുഖമാണ് അനുര കുമാര ദിശനായകെ എന്ന എകെഡി.
ഗലേവേല എന്ന ചെറു ഗ്രാമത്തിൽ സാധാരണ കുടുംബത്തിൽ ജനനം. അച്ഛൻ സർക്കാർ സർവേ വകുപ്പിൽ സഹായിയായിരുന്നു. പഠിച്ചതെല്ലാം പൊതുവിദ്യാലയങ്ങളിൽ. 1992ൽ കെലാനിയ സർവകലാശാലയിൽ ബിഎസ്‍സി അഗ്രിക്കൾച്ചർ വിദ്യാർത്ഥിയായി. സജീവ രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശവും അവിടെവച്ചാണ്. 95ൽ സർവകലാശാലയിൽ നിന്നിറങ്ങുമ്പോഴേക്കും എകെഡി ഒരു നേതാവായി മാറിയിരുന്നു. 1997ൽ ജെവിപിയുടെ യുവജന സംഘടനയായ സോഷ്യലിസ്റ്റ് യൂത്ത് ഓർഗനൈസേഷന്റെ നാഷണൽ ഓഗനൈസറായി. 98ൽ ജെവിപിയുടെ സെൻട്രൽ കമ്മിറ്റിയിലേക്ക് എത്തിയതോടെ പാർട്ടിയിൽ ശക്തനായി. ആ വർഷം തന്നെ സെൻട്രൽ പ്രൊവിൻഷ്യൽ കൗൺസിലിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിച്ചു. പാർട്ടി തോറ്റെങ്കിലും വോട്ടർമാർക്കിടയിൽ ദിശനായകെ സുപരിചിതനായി.
രണ്ട് വർഷങ്ങൾക്കപ്പുറം ദിശനായകെ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീടങ്ങോട്ട് യുവ നേതാവിന്റെ സുവർണ കാലമായിരുന്നു. 2004ൽ മികച്ച ഭൂരിപക്ഷത്തിൽ വീണ്ടും പാർലമെന്റിലേക്ക്. സഖ്യകക്ഷി സർക്കാരിൽ കൃഷി മന്ത്രിയായി മികച്ച പ്രകടനം. നല്ല ഭരണാധികാരിയെന്ന പേരെടുത്ത ദിശനായകയെ 2008ൽ ജെവിപി പാർലമെന്ററി ഗ്രൂപ്പിന്റെ തലവനാക്കി. അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടി കനത്ത തിരിച്ചടി നേരിട്ടെങ്കിലും ദിശനായകെ വീണ്ടും ജയിച്ചു. 2014ൽ സോവൻ അമരസിംഗയുടെ പകരക്കാരനായി ജെവിപിയുടെ അഞ്ചാമത്തെ പരമോന്ന നേതാവായി എകെഡി ഉയർന്നു.
ജെവിപിയുടെ മുഖം മാറി തുടങ്ങുന്നത് അവിടെ നിന്നാണ്. പാർട്ടി ജനകീയമായി. ശ്രീലങ്കയിലെ പാരമ്പര്യ രാഷ്ട്രീയ അധികാര കേന്ദ്രങ്ങളെയെല്ലാം ദിശനായകെയും പാർട്ടിയും ചോദ്യം ചെയ്തു അഴിമതി വിരുദ്ധ പാർട്ടിയെന്ന പ്രതിച്ഛായ സൃഷ്ടിച്ചു. അങ്ങനെ വോട്ടർമാർ പാർട്ടി കൊടിക്ക് കീഴിൽ അണിനിരന്നു. പാർലമെന്റിലെ എകെഡി പ്രസംഗങ്ങൾ തരംഗമായി. സാധാരണ ശ്രീലങ്കൻ പൗരൻ അയാളിൽ ഒരു മികച്ച നേതാവിനെ കണ്ടു. 2019ൽ നാഷണൽ പീപ്പിൾസ് പവർ എന്ന മുന്നണി രൂപീകരിച്ച് ആദ്യമായി പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ഇറങ്ങിയപ്പോൾ കിട്ടിയത് 3 ശതമാനത്തിനടുത്ത് വോട്ട് മാത്രം. 2022ൽ രജപക്സെ സർക്കാർ കടപുഴകിയപ്പോൾ വീണ്ടും മത്സരിച്ചെങ്കിലും ഒന്നര ശതമാനത്തിന് താഴെ വോട്ട് മാത്രമേ നേടാനായുള്ളൂ.
അവിടെ നിന്നാണ് ഈ ശക്തമായ തിരിച്ചുവരവ്. പതിഞ്ഞ ശബ്ദത്തിൽ തുടങ്ങി കത്തിക്കയറുന്ന പ്രസംഗ ശൈലിയാണ് ദിസനായകെയുടേത്. അതേ ശൈലിയിലാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് വിജയവും. ജനം അയാളിൽ ഒരു രക്ഷകനെ കാണുന്നു. രാജ്യം അയാളുടെ ശബ്ദത്തിനായി കാതോർത്തിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം