സഹകരണത്തില്‍ നിര്‍ണായകം; ഇന്ത്യയില്‍ നിന്ന് സംഭരിച്ച ഡീസല്‍ യൂണിറ്റുകളുമായി ശ്രീലങ്കയില്‍ ട്രെയിന്‍ സര്‍വ്വീസ്
ശ്രീലങ്കയുമായുള്ള ഇന്ത്യയുടെ വികസന പങ്കാളിത്തത്തിലെ സുപ്രധാന ചുവട് വയ്പ് കൂടിയാണ് ഇത്. കൊളംബോ നഗരത്തെ കാങ്കസന്തുരൈയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയതായി ആരംഭിച്ച സര്‍വ്വീസ്.
ഇന്ത്യയില്‍ നിന്ന് സംഭരിച്ച ഡീസല്‍ യൂണിറ്റുകള്‍ (Indian Funded Coaches)ഉപയോഗിച്ച് ശ്രീലങ്കയില്‍ (Sri Lanka) സുപ്രധാന മേഖലയില്‍ റെയില്‍വേ സര്‍വ്വീസ് തുടങ്ങി. ദ്വീപ് രാഷ്ട്രത്തിന്‍റെ വികസനത്തിന് വേണ്ടിയുള്ള പദ്ധതികളുടെ ഭാഗമായാണ് ഇന്ത്യയില്‍ നിന്നും ഡീസല്‍ യൂണിറ്റുകള്‍ ശ്രീലങ്കയിലെത്തിയത്. കൊളംബോ (Colombo) നഗരത്തെ കാങ്കസന്തുരൈയുമായി (Kankesanthurai) ബന്ധിപ്പിക്കുന്നതാണ് പുതിയതായി ആരംഭിച്ച സര്‍വ്വീസ്. ഞായറാഴ്ചയാണ് സര്‍വ്വീസ് ആരംഭിച്ചത്.
തമിഴ് വംശജര്‍ താമസിക്കുന്ന ജാഫ്ന ഉപദ്വീപിന്‍റെ വടക്കേ അറ്റത്തുള്ള പ്രദേശമാണ് കാങ്കസന്തുരൈ. ശ്രീലങ്കയുമായുള്ള ഇന്ത്യയുടെ വികസന പങ്കാളിത്തത്തിലെ സുപ്രധാന ചുവട് വയ്പ് കൂടിയാണ് ഇത്. ശ്രീലങ്കയുടെ അടിസ്ഥാന വികസനത്തിന് ഊര്‍ജ്ജം നല്‍കുന്നതാണ് ഇന്ത്യയുടെ നീക്കമെന്നാണ് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈ കമ്മീഷണര്‍ ഈ നീക്കത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. ശ്രീലങ്കന്‍ ഗതാഗത മന്ത്രി പവിത്ര വണ്ണിയരച്ചിയും ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ വിനോദ് കെ ജേക്കബും ഞായറാഴ്ച നടന്ന ലോഞ്ചില്‍ പങ്കെടുത്തു.
ഇന്ത്യ ശ്രീലങ്ക ബന്ധത്തിലെ മറ്റൊരു നാഴികക്കല്ലെന്നാണ് ഗതാഗത മന്ത്രി ഇന്ത്യയുടെ ചുവടുവയ്പിനെ വിശേഷിപ്പിച്ചത്. കൊവിഡ് പേമാരിക്കിടയിലെ ഇന്ത്യാ സര്‍ക്കാരിന്‍റെ സഹായത്തിന് ഏറെ കടപ്പെട്ടിരിക്കുന്നതായും പവിത്ര വണ്ണിയരച്ചി വ്യക്തമാക്കി. ആളുകള്‍ തമ്മിലുള്ള കൈമാറ്റം സുഗമമാകാനും രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിനും ഊന്നല്‍ നല്‍കുന്നതാണ് പദ്ധതിയെന്നാണ് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ വിനോദ് കെ ജേക്കബ് പറയുന്നത്.
'ഇന്ധനം വാങ്ങാന്‍ പണമില്ല'; ഇന്ത്യയോട് 50 കോടി ഡോളര്‍ കടം ചോദിച്ച് ശ്രീലങ്ക
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ധനം വാങ്ങാന്‍ ശ്രീലങ്ക ഇന്ത്യയോട് പണം കടം ചോദിച്ചെന്ന് റിപ്പോര്‍ട്ട്. വിദേശ വിനിമയ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് ശ്രീലങ്ക സഹായത്തിനായി ഇന്ത്യയെ സമീപിച്ചത്. അടുത്ത ജനുവരി വരേക്കുള്ള ഇന്ധനം മാത്രമേയുള്ളൂവെന്ന് ഊര്‍ജമന്ത്രി ഉദയ ഗമ്മന്‍പില മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ശ്രീലങ്കന്‍ സര്‍ക്കാറിന്റെ ഉടമസ്ഥതിയിലുള്ള സിലോണ്‍ പെട്രോളിയം കോര്‍പറേഷന്‍ രാജ്യത്തെ രണ്ട് പ്രധാന ബാങ്കുകള്‍ക്ക് 3.3 ബില്ല്യണ്‍ ഡോളര്‍ കടമായി നല്‍കാനുണ്ട്. ക്രൂഡ് ഓയില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും സംസ്‌കൃത എണ്ണ സിംഗപ്പൂര്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുമാണ് ശ്രീലങ്ക ഇറക്കുമതി ചെയ്യാറ്. എന്നാല്‍ കടുത്ത പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്ക 50 കോടി ഡോളര്‍ വായ്പ ആവശ്യപ്പെട്ട് ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സമീപിച്ചെന്ന് സിപിസി ചെയര്‍മാന്‍ സുമിത് വിജെസിംഗെയെ ഉദ്ധരിച്ച് ന്യൂസ്ഫസ്റ്റ്.എല്‍കെ. റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ നല്‍കുന്ന പണമുപയോഗിച്ച് പെട്രോളും ഡീസലും വാങ്ങുകയാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൈവ കൃഷി നയം പാളി, രാസവള വിലക്ക് നീക്കി ശ്രീലങ്ക
സമ്പൂർണ്ണ ജൈവകൃഷി എന്ന ലക്ഷ്യം പ്രഖ്യാപിച്ചുകൊണ്ട് രാസവളങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം ശ്രീലങ്ക പിൻവലിച്ചു. തേയില ഉത്പാദനത്തിലടക്കം 50 ശതമാനത്തോളം ഇടിവ് സംഭവിച്ച സാഹചര്യത്തിലാണ് നിരോധനം നീക്കിയത്. 2021 മെയ്യിലാണ് രാസവളങ്ങൾ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. രാസവളങ്ങൾക്ക് നിരോധനം പ്രഖ്യാപിച്ചെങ്കിലും ജൈവവളങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞില്ല. അതേസമയം ജൈവവളങ്ങൾ ലഭിക്കാതായതോടെ കാർഷിക മേഖല പ്രതിസന്ധിയിലായി. രാസവള നിരോധനം നിലനിൽക്കുമ്പോഴും ഇന്ത്യയിൽ നിന്ന് രാസവളങ്ങൾ ശ്രീലങ്കയിലേക്ക് കള്ളക്കടത്ത് നടത്തിയിരുന്നു. കറുവപട്ട, കുരുമുളക്, റബ്ബര്‍, ഏലം, ജാതി, വെറ്റില, കൊക്കോ, വനില തുടങ്ങി ആവശ്യമായ എല്ലാ കയറ്റുമതി ഉത്പന്നങ്ങളേയും പ്രതിസന്ധി ബാധിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകരും വ്യാപാരികളും. ഈ സാഹചര്യത്തിലാണ് നിരോധനം നീക്കാൻ സർക്കാർ തീരുമാനം.