പൊതുസ്ഥലങ്ങളില്‍ അണുനാശിനി പ്രയോഗം കൊറോണവൈറസിന് ഫലപ്രദമല്ല; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
തെരുവുകളിലും മാര്‍ക്കറ്റുകളിലും കൊറോണവൈറസിനെ നശിപ്പിക്കാന്‍ അണുനാശിനി പ്രയോഗിക്കുന്നത് ഫലപ്രദമല്ല. അണുനാശിനികള്‍ ജീര്‍ണതയിലും അഴുക്കിലും പ്രവര്‍ത്തിക്കില്ലെന്നതാണ് പ്രധാന കാരണം.
ജനീവ: കൊറോണവൈറസിനെതിരെ പൊതുസ്ഥലങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും അണുനാശിനി പ്രയോഗിക്കുന്നത് ഫലപ്രദമല്ലെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. അണുനാശിനി പ്രയോഗം ചിലപ്പോള്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഭീഷണിയാകുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അണുവിമുക്തമാക്കുന്നതിനായി പൊതുയിടങ്ങളില്‍ അണുനാശിനി പ്രയോഗിക്കുന്നത് വ്യാപകമായതോടെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
തെരുവുകളിലും മാര്‍ക്കറ്റുകളിലും കൊറോണവൈറസിനെ നശിപ്പിക്കാന്‍ അണുനാശിനി പ്രയോഗിക്കുന്നത് ഫലപ്രദമല്ല. അണുനാശിനികള്‍ ജീര്‍ണതയിലും അഴുക്കിലും പ്രവര്‍ത്തിക്കില്ലെന്നതാണ് പ്രധാന കാരണം. പൊതുസ്ഥലങ്ങളില്‍ അണുനാശിനി പ്രയോഗിക്കുന്നത് മനുഷ്യ ശരീരത്തിന് ഭീഷണിയാകും-ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കൊറോണവൈറസിനെ നശിപ്പിക്കാന്‍ പൊതുസ്ഥലങ്ങളില്‍ അണുനാശിനി പ്രയോഗിക്കുന്നത് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ക്ലോറിന്‍ പോലുള്ള രാസവസ്തുക്കള്‍ പ്രയോഗിക്കുന്നത് കണ്ണുകള്‍ക്കും ചര്‍മ്മത്തിനും ദോഷമാണെന്നും ശ്വസനപ്രക്രിയക്കും ദഹനപ്രക്രിയക്കും ദോഷമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അതേസമയം, തുണികൊണ്ടോ മറ്റെന്തെങ്കിലും കൊണ്ടോ അണുനാശിനി ഉപയോഗിച്ച് തുടക്കുന്നത് ഫലപ്രദമാണെന്നും അവര്‍ വ്യക്തമാക്കി.