'പ്രഥമ വനിതയ്ക്ക് പിഴച്ചു', ജനപ്രീതിയിൽ വൻ ഇടിവ്, രാജ്യത്തോട് മാപ്പ് പറഞ്ഞ് ദക്ഷിണ കൊറിയൻ പ്രസിഡന്റ്
ലക്ഷങ്ങളുടെ ആഡംബര ബാഗ് ഉപഹാരമായി വാങ്ങിയത് മൂലമുണ്ടായ രാഷ്ട്രീയ കോലാഹലം അവസാനിക്കാതെ വന്നതോടെ ദേശീയ ടെലിവിഷനിൽ മാപ്പ് പറഞ്ഞ് ദക്ഷിണ കൊറിയൻ പ്രസിഡന്റ്
സിയോൾ: പ്രഥമ വനിത വാങ്ങിയ ആഡംബര പഴ്സ് വിടാതെ പിന്തുടരുന്നു. ഒടുവിൽ മാപ്പ് പറഞ്ഞ് ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് യൂൻ സുക് യിയോൾ. സ്റ്റോക്ക് മാർക്കറ്റിലെ തിരിമറിയും ഡിയോർ ബാഗ് വിവാദവും മാസങ്ങൾക്ക് ശേഷവും അവസാനിക്കാതെ വന്നതോടെയാണ് ദേശീയ ടെലിവിഷനിൽ എത്തി ദക്ഷിണ കൊറിയൻ പ്രസിഡന്റ് ക്ഷമാപണം നടത്തിയത്. എന്നാൽ ആരോപണങ്ങൾ ചിലത് വലിയ രീതിയി പൊലിപ്പിച്ച് കാണിക്കുന്നതാണെന്നാണ് യൂൻ സുക് യിയോൾ വിശദമാക്കുന്നത്. ഭാര്യയ്ക്ക് വലിയ രീതിയിൽ പൈശാചിക മുഖം നൽകുന്നതാണ് നിലവിലെ ആരോപണങ്ങളെന്നാണ് യൂൻ സുക് യിയോൾ സംസാരിച്ചത്.
പ്രഥമ വനിതയുടെ ചുമതലകളേക്കുറിച്ച് നിരീക്ഷിക്കാനായി ഒരു പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് വ്യക്തമാക്കിയ യൂൻ സുക് യിയോൾ കിം കിയോൻ ഹീയ്ക്കെതിരെ അന്വേഷണം നടത്തില്ലെന്നും വിശദമാക്കിയിട്ടുണ്ട്. ഭാര്യയുടെ പേരിലുള്ള വിവാദങ്ങൾക്ക് പിന്നാലെ ദക്ഷിണ കൊറിയയിലെ ജനങ്ങൾക്കിടയിലെ ജനപ്രിയതയിൽ വലിയ രീതിയിലുള്ള ഇടിവ് വന്നതിന് പിന്നാലെയാണ് യൂൻ സുക് യിയോൾ മാപ്പ് പറയുന്നത്.
2023ലാണ് ഇടത് സ്വഭാവമുള്ള യുട്യൂബ് ചാനലിലൂടെ കിമ്മിനെതിരായ വീഡിയോ പുറത്ത് വന്നത്. മൂന്ന് ലക്ഷം വോൺ(ഏകദേശം 200000 രൂപ) വിലയുള്ള ആഡംബര ബാഗ് കിം ഒരു പാസ്റ്ററിൽ നിന്ന് കൈപ്പറ്റുന്ന വീഡിയോ ആണ് പുറത്ത് വന്നത്. 2022 സെപ്തംബറിൽ നടന്ന സംഭവമെന്ന് വ്യക്തമാക്കിയായിരുന്നു വീഡിയോ പുറത്ത് വന്നത്. ഫ്രഞ്ച് ആഡംബര ബാഗ് നിർമ്മാതാക്കളായ ക്രിസ്റ്റ്യൻ ഡിയോറിന്റെ ഉൽപന്നം ഉപഹാരമായി കൈപ്പറ്റുന്നത് ഇത് നൽകിയ പാസ്റ്ററുടെ കയ്യിലെ രഹസ്യ വാച്ചിലെ ക്യാമറ ഉപയോഗിച്ചാണ് ചിത്രീകരിച്ചത്.
യാഥാസ്ഥിതിക സ്വഭാവമുള്ള പീപ്പിൾ പവർ പാർട്ടിക്കെതിരായ രാഷ്ട്രീയ ആയുധമായാണ് വീഡിയോ വലിയ രീതിയിൽ പ്രയോഗിക്കപ്പെട്ടത്. രാഷ്ട്രീയ ഗൂഡാലോചനയെന്ന വാദവും യൂൻ സുക് യിയോളിന്റെ ജനപ്രീതി ഇടിയുന്നതിൽ നിന്ന് രക്ഷിച്ചിരുന്നില്ല. തുടക്കത്തിൽ ഗൂഡാലോചന എന്ന മറുവാദമുയർത്തി ക്ഷമാപണം നടത്താൻ യൂൻ സുക് യിയോൾ തയ്യാറായുമില്ല. നടപടി നാണംകെട്ട പ്രതീക്ഷ നൽകാത്ത ചുവടാണെന്ന് വ്യാപക വിമർശനം ഉയരുകയും ജനപ്രീതിയിൽ വലിയ രീതിയിലുള്ള ഇടിവ് സംഭവിക്കുകയും ചെയ്ത ശേഷമാണ് ദേശീയ ടെലിവിഷനിലൂടെയുള്ള പ്രസിഡന്റിന്റെ മാപ്പ് പറച്ചിൽ എത്തുന്നത്.
കിമ്മിന്റെ നടപടി ആഡംബരത്തിന് കുപ്രസിദ്ധി നേടിയ ലൂയി പതിനാറാമന്റെ ഭാര്യയും ഫ്രാൻസിലെ രാജ്ഞിയുമായ മെറീ അന്റോനെറ്റുമായി താരതമ്യം ചെയ്യുന്ന നിലപാട് സ്വന്തം പാർട്ടിയിലെ നേതാക്കൾ സ്വീകരിക്കുക കൂടി ചെയ്തതിന് പിന്നാലെയാണ് പ്രസിഡന്റിന്റെ മാപ്പ് പറച്ചിൽ എന്നതും ശ്രദ്ധേയമാണ്. ഇത് ആദ്യമായല്ല പ്രഥമ വനിത യൂൻ സുക് യിയോളിനെ വിവാദങ്ങളിൽ ചാടിക്കുന്നത്. 2024ന്റെ ആദ്യത്തിൽ ഷെയർ മാർക്കറ്റിലെ തിരിമറി വിവാദത്തിലും പ്രഥമ വനിത പഴി കേട്ടിരുന്നു. 63.6 കോടി യുവാൻ (ഏകദേശം 514 കോടി രൂപയുടെ) നിക്ഷേപത്തട്ടിപ്പിൽ അടുത്തിടെയാണ് പ്രോസിക്യൂഷൻ പ്രഥമ വനിതയെ ഒഴിവാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം