ലാൻഡിംഗിനിടെ കത്തിച്ചാമ്പലായി വിമാനം, ദക്ഷിണ കൊറിയയിൽ വിമാന ദുരന്തത്തിൽ 179 മരണം; മാപ്പുപറഞ്ഞ് വിമാന കമ്പനി
ബാങ്കോക്കിൽ നിന്നെത്തിയ ജെജു എയർലൈൻസിന്‍റെ വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മുവാൻ വിമാനത്താവളത്തിൽ തകർന്നത്.
സോൾ: ലോകത്തെ നടുക്കി ദക്ഷിണ കൊറിയയില്‍ വന്‍ വിമാന അപകടം. മുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം തകര്‍ന്ന് 179 പേര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബാങ്കോങ്കില്‍ നിന്നെത്തിയ ജെജു എയര്‍ലൈന്‍സ് വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നി മാറി പൊട്ടിത്തെറിച്ചാണ് ദുരന്തം.
ലോക വ്യോമായാന ചരിത്രത്തില്‍ മറ്റൊരു ദുരന്തം കൂടിയുണ്ടായിരിക്കുകയാണ്. ദക്ഷിണ കൊറിയയില്‍ മുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രദേശിക സമയം രാവിലെ 9 മണിക്കാണ് വന്‍ ദുരന്തമുണ്ടായത്. തായ്‍ലന്‍ഡ് തലസ്ഥാനമായ ബാങ്കോങ്കില്‍ നിന്ന് 175 യാത്രക്കാരും 6 ജീവനക്കാരുമായി എത്തിയ ജെജു എയര്‍ലൈന്‍സ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇടിച്ചിറങ്ങിയ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിനീങ്ങി സിഗ്നല്‍ സംവിധാനത്തില്‍ ഇടിച്ചു. വലിയ സ്ഫോടനത്തോടെ തീപിടിച്ചത് കനത്ത ആള്‍നാശത്തിന് വഴിവെച്ചു.
വിമാനത്തിന്‍റെ പിന്നിലിരുന്ന ജീവനക്കാരനും യാത്രക്കാരനും മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. യന്ത്ര തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലാന്‍ഡിംഗ് ഗിയര്‍ പ്രവര്‍ത്തന രഹിതമാവുകയും ടയറുകള്‍ പുറത്തേക്ക് വരാതിരിക്കുകയും ചെയ്തതോടെ ബെല്ലി ലാന്‍ഡിംഗ് അനിവാര്യമായി എന്നാണ് പ്രാഥമിക വിവരം.
റണ്‍വേയില്‍ ഇടിച്ച് തെന്നി നീങ്ങിയ വിമാനത്തിൽ ചെറിയ തോതില്‍ സ്പാര്‍ക്ക് ഉണ്ടായി. സിഗ്നല്‍ സംവിധാനത്തില്‍ ഇടിച്ചത് സ്ഫോടനത്തിലേക്കും വൻ തീപിടുത്തത്തിലേക്കും നയിച്ചു. ലാന്‍ഡിംഗിന് മുന്‍പ് വിമാനത്തില്‍ പക്ഷി ഇടിച്ചിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. അപകടത്തില്‍ ദക്ഷിണ കൊറിയ അന്വേഷണം പ്രഖ്യാപിച്ചു. ജെജു എയര്‍ലൈന്‍സ് മാപ്പ് അപേക്ഷിച്ച് സന്ദേശം പുറത്തിറക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം