പൂര്‍ണമായി കൊവിഡ് മുക്തം, അതിര്‍ത്തികള്‍ തുറന്നു; പ്രഖ്യാപനവുമായി ഈ യൂറോപ്യന്‍ രാജ്യം
കൊവിഡ് മുക്തമായി പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തിന്റെ അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറന്നു. യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യക്കാര്‍ പ്രവേശിച്ചാല്‍ ക്വാറന്റൈന്‍ വേണമെന്നും അധികൃതര്‍ പറഞ്ഞു.
എല്‍ജുബല്‍ജാന: രാജ്യം പൂര്‍ണമായി കൊവിഡ് 19ല്‍ നിന്ന് മുക്തമായെന്ന് യൂറോപ്യന്‍ രാജ്യമായ സ്ലൊവേനിയ. യൂറോപില്‍ ആദ്യമായാണ് ഒരു രാജ്യം കൊവിഡ് മുക്തമായി പ്രഖ്യാപിക്കുന്നത്. 'യൂറോപ്പില്‍ മഹാമാരിയെ ഏറ്റവും നന്നായി കൈകാര്യം ചെയ്ത രാജ്യമാണ് സ്ലൊവേനിയ. അതുകൊണ്ട് തന്നെ ഭീഷണിയൊഴിഞ്ഞു. രാജ്യത്തെ കൊവിഡ് മുക്തമായി പ്രഖ്യാപിക്കുകയാണ്'- പ്രധാനമന്ത്രി ജാനെസ് ജന്‍സ പറഞ്ഞു. 20 ലക്ഷം ജനസംഖ്യയുള്ള സ്ലൊവേനിയയില്‍ 1500 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 103 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് സ്ലൊവേനിയ.
കൊവിഡ് മുക്തമായി പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തിന്റെ അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറന്നു. യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യക്കാര്‍ പ്രവേശിച്ചാല്‍ ക്വാറന്റൈന്‍ വേണമെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. ഹോട്ടലുകളും റസ്റ്ററന്റുകളും അടുത്ത ആഴ്ചയോടെ തുറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മെയ് 23ഓടെ ഫുട്ബാള്‍ മത്സരങ്ങളും ആരംഭിക്കും.
അതേസമയം സ്ലൊവേനിയന്‍ സര്‍ക്കാറിന്റെ തീരുമാനത്തെ വിമര്‍ശിച്ച് വിദഗ്ധര്‍ രംഗത്തെത്തി. രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും വൈറസ് ഭീതി പൂര്‍ണമായി ഒഴിഞ്ഞിട്ടില്ലെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. യൂറോപ്പിലും അമേരിക്കയിലുമാണ് കൊവിഡ് ബാധിച്ച് കൂടുതല്‍ ആളുകള്‍ മരിച്ചത്.