പഞ്ചനക്ഷത്ര ഹോട്ടൽമുറിയിൽ മൂന്ന് പുരുഷന്മാരുടെയും മൂന്ന് സ്ത്രീകളുടെയും മൃതദേഹം, ദുരൂഹത നീങ്ങുന്നില്ല
മരിച്ചവരിൽ ചിലർക്ക് അമേരിക്കൻ പൗരത്വമുണ്ട്. സംഭവത്തിൽ തായ്‌ലൻഡ് പ്രധാനമന്ത്രി സ്രെത്ത തവിസിൻ അന്വേഷണത്തിന് ഉത്തരവിട്ടു.
ബാങ്കോക്ക്: ബാങ്കോക്കിലെ പഞ്ച നക്ഷത്ര ഹോട്ടലിൽ ചൊവ്വാഴ്ച ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തിയതായി തായ് പൊലീസ് സ്ഥിരീകരിച്ചു. വിയറ്റ്നാം പൗരന്മാരായ മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുയർന്ന്. വെടിവെപ്പിലാണ് ഇവർ മരിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ അങ്ങനെയല്ലെന്നും പൊലീസ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാത്രി 7.30 ഓടെ ലംഫിനിയിലെ ഗ്രാൻഡ് ഹയാത്ത് എറാവൻ ഹോട്ടലിലാണ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആറുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വെടിവെപ്പിൻ്റെ ലക്ഷണമൊന്നുമില്ലെന്നും പ്രഥമദൃഷ്ട്യാ സയനൈഡാണ് മരണകാരണമെന്ന് സംശയിക്കുന്നുവെന്നും പൊലീസ് പറയുന്നു. പ്രതികാരമോ അല്ലെങ്കിൽ ഏതെങ്കിലും ആരാധനാക്രമവുമായി ഇതിന് ബന്ധമുണ്ടായിരിക്കാമെന്നും പൊലീസ് വ്യക്തമാക്കി. മരിച്ചവരിൽ ചിലർക്ക് അമേരിക്കൻ പൗരത്വമുണ്ട്. സംഭവത്തിൽ തായ്‌ലൻഡ് പ്രധാനമന്ത്രി സ്രെത്ത തവിസിൻ അന്വേഷണത്തിന് ഉത്തരവിട്ടു.
Read More.... കയ്യിൽ കരുതിയ വെള്ളം തീർന്നു, കൊടുംചൂടിൽ ട്രെക്കിംഗിന് പോയ അച്ഛനും മകളും മരിച്ചു
വിദേശികൾ കൊല്ലപ്പെടുന്നത് രാജ്യത്തെ ടൂറിസം മേഖലക്ക് തിരിച്ചടിയാകുമെന്ന ആശങ്കയുയരുന്നുണ്ട്. കഴിഞ്ഞ വർഷം 28 ദശലക്ഷത്തിലധികം വിദേശ വിനോദ സഞ്ചാരികൾ തായ്‌ലൻഡ് സന്ദർശിച്ചു. 33.71 ബില്യൺ ഡോളറാണ് ടൂറിസത്തിൽ നിന്നുള്ള വരുമാനം. കൊവിഡ് പ്രതിസന്ധിക്ക് ശേഷം കരകയറുന്നതിന്റെ ലക്ഷണം കാണിക്കുന്ന ടൂറിസം മേഖലയിൽ, ഈ വർഷം 35 മില്യൺ വിദേശികളെയാണ് ഗവൺമെൻ്റ് പ്രതീക്ഷിക്കുന്നത്. വിദേശ സഞ്ചാരികൾക്ക് നിരവധി ഇളവുകളും സർക്കാർ നൽകുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഹയാത്തിന് സമീപമുള്ള ഒരു ആഡംബര ഷോപ്പിംഗ് മാളിൽ നടന്ന വെടിവെയ്പ്പിൽ രണ്ട് വിദേശികൾ കൊല്ലപ്പെട്ടിരുന്നു. പിന്നാലെയാണ് ഇപ്പോഴത്തെ സംഭവം.