പാർലമെന്ററി കമ്മിറ്റിക്ക് മുൻപാകെ നുണ പറഞ്ഞു, പ്രതിപക്ഷ നേതാവിനെതിരെ നടപടിയുമായി സിംഗപ്പൂർ
എംപിയെന്ന പദവി ദുരുപയോഗം ചെയ്തതിന് പിഴയിട്ടതിന് പിന്നാലെ രാജി വച്ച വനിതാ നേതാവുമായി ബന്ധപ്പെട്ട സാക്ഷി മൊഴിയാണ് പ്രതിപക്ഷ നേതാവിന് പാരയായത്
സിംഗപ്പൂർ: പാർലമെന്ററി കമ്മിറ്റിക്ക് മുൻപാകെ നുണ പറഞ്ഞ പ്രതിപക്ഷ നേതാവിനെതിരെ നടപടിയുമായി സിംഗപ്പൂർ. സിംഗപ്പൂരിലെ പ്രതിപക്ഷ നേതാവായ പ്രീതം സിംഗിനെതിരെയാണ് മൂന്ന് വർഷം വരെ തടവ് ശിക്ഷയും വൻ തുക പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. മറ്റൊരു പാർലമെന്റ് അംഗത്തിനോട് തെറ്റായ ആരോപണം ഉന്നയിക്കാൻ പ്രചോദനം നൽകിയെന്നതാണ് പ്രീതം സിംഗിനെതിരായ ആരോപണം. 2021 ഓഗസ്റ്റിൽ അന്നത്തെ എംപിയായിരുന്ന റയീഷ ഖാൻ പൊലീസ് ലൈംഗിക അതിക്രമത്തിന് ഇരയായ ആളോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചിരുന്നു. എന്നാൽ പിന്നീട് ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഇവർ വ്യക്തമാക്കിയിരുന്നു.
എംപിയെന്ന പദവി ദുരുപയോഗം ചെയ്തതിന് റയീഷ ഖാന് പിഴ ശിക്ഷ വിധിച്ചിരുന്നു. പിന്നാലെ ഇവർ രാജി വച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് പാർലമെന്റ് കമ്മിറ്റി അന്വേഷണത്തിൽ പ്രീതം സിംഗ്, റയീഷ ഖാന് സാക്ഷ്യം പറഞ്ഞിരുന്നു. ആരോപണത്തിൽ ഉറച്ച് നിൽക്കാൻ പ്രീതം സിംഗ് പ്രോത്സാഹിപ്പിച്ചെന്നായിരുന്നു റയീഷ ഖാൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് പ്രതിപക്ഷ നേതാവിനെതിരെ നടപടിക്കുള്ള നീക്കം നടക്കുന്നത്. എന്നാൽ ആരോപണങ്ങൾ പ്രീതം സിംഗ് നിഷേധിച്ചിട്ടുണ്ട്. നടപടിക്കെതിരെ കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് പ്രീതം സിംഗുള്ളത്.
പാർലമെന്റിലെ പ്രതിജ്ഞാ ലംഘിച്ചുവെന്നതാണ് പ്രീതം സിംഗിനെതിരായ പ്രധാന ആരോപണം. അറിവോടെ തെറ്റായ ആരോപണം ഉന്നയിച്ചുവെന്നാണ് ചൊവ്വാഴ്ച പുറത്തു വന്ന കുറ്റപത്രം പ്രീതം സിംഗിനെതിരെ വിശദമാക്കുന്നത്. ഏതെങ്കിലും കുറ്റകൃത്യത്തിൽ ഒരു വർഷത്തിൽ അധികം ജയിൽ ശിക്ഷ അനുഭവിക്കുകയോ പതിനായിരം യുഎസ് ഡോളർ പിഴയോ ലഭിച്ചാൽ പിന്നീട് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ സിംഗപ്പൂരിൽ അനുവാദമില്ലെന്നിരിക്കെ മൂന്ന് വർഷം തടവും വൻതുക പിഴയും ലഭിക്കാൻ സാധ്യതയുള്ള കുറ്റങ്ങളാണ് പ്രതിപക്ഷ നേതാവിനെതിരെ ചുമത്തിയിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം