ഷെയ്ഖ് ഹസീനയെ കൈമാറാനുള്ള അഭ്യർത്ഥനയിൽ ഇന്ത്യ പ്രതികരിച്ചില്ല; വീണ്ടും കത്ത് നൽകുമെന്ന് ബംഗ്ലാദേശ്

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണമെന്നാണ് ബംഗ്ലാദേശ് ആവശ്യപ്പെട്ടിട്ടുള്ളത്.

Sheikh Hasina extradition request Bangladesh will send the letter again to india

ധാക്ക: ഷെയ്ഖ് ഹസീനയെ കൈമാറാനുള്ള അഭ്യർത്ഥനയിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ്. ഇന്ത്യ പ്രതികരിച്ചില്ലെങ്കിൽ വീണ്ടും കത്ത് നൽകുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണമെന്നാണ് ബംഗ്ലാദേശ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍, ഈ ആവശ്യത്തിൽ നിലവിൽ പ്രതികരിക്കാനില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. 

നയതന്ത്ര തലത്തില്‍ കത്ത് നല്‍കിയതായി ബംഗ്ലാദേശ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഇന്ത്യൻ ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചതായി എൻഡിടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൃത്യമായ ഒപ്പിടാത്ത ഒരു കത്താണ് ലഭിച്ചത്. അതിൽ ഇപ്പോൾ പ്രതികരണങ്ങളില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ പ്രതികരിച്ചതായി റിപ്പോര്‍ട്ടിൽ പറയുന്നു. ബംഗ്ലാദേശ് കലാപവുമായി ബന്ധപ്പെട്ടുണ്ടായ കൂട്ടക്കൊലയില്‍ ഹസീന വിചാരണ നേരിടണമെന്നാണ് ഇടക്കാല സര്‍ക്കാരിന്‍റെ നിലപാട്.  വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ സര്‍ക്കാര്‍ വീണതോടെ ഷെയ്ഖ് ഹസീന കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതല്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്. 

നാല് മാസം പിന്നിടുമ്പോഴാണ് ഹസീനയെ തിരിച്ചയക്കണമെന്ന ശക്തമായ ആവശ്യം ബംഗ്ലാദേശ് മുന്‍പോട്ട് വയ്ക്കുന്നത്. ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിലെ ആഭ്യന്തര ഉപദേഷ്ടാവ് ജഹാംഗീര്‍ ആലമാണ് ഇക്കാര്യം ഉന്നയിച്ച് വിദേശ കാര്യമന്ത്രാലയത്തിന് നല്‍കിയത്. നിയമ നടപടിക്ക് ഹസീന എത്രയും വേഗം വിധേയയാകണമെന്ന് വിദേശകാര്യമന്ത്രി തൗഹിദ് ഹുസൈനും ആവശ്യപ്പെട്ടു. നിലവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന കൈമാറ്റ ഉടമ്പടി പ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് ബംഗ്ലാദേശിന്‍റെ ആവശ്യം.  

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കൂട്ടക്കൊലയില്‍ മുന്‍ പ്രധാനമന്ത്രിക്കും, മന്ത്രിസഭാംഗങ്ങള്‍ക്കും പങ്കുണ്ടെന്നാണ് ഇടക്കാല സര്‍ക്കാരിന്‍റെ നിലപാട്. പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഹസീനയെ ഉടന്‍ മടക്കിക്കൊണ്ടുവരുമെന്നും ഇടക്കാല ഭരണത്തലവന്‍ മുഹമ്മദ് യൂനുസ് വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ വിദേശകാര്യസെക്രട്ടറിയുടെ സന്ദര്‍ശനത്തിലും ബംഗ്ലാദേശ് ഇക്കാര്യം ഉന്നയിച്ചതായാണ് വിവരം.

ബംഗ്ലാദേശ് അതിർത്തിയിൽ പോയി ഒളിച്ചാലും കേരള പൊലീസ് പിടിക്കും; സൈബർ തട്ടിപ്പുകളുടെ മാസ്റ്റർ ബ്രെയിൻ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios