ചെങ്കടലിൽ സ്വന്തം വിമാനം വെടിവച്ചിട്ട് അമേരിക്കൻ സൈന്യം, പൈലറ്റുമാർ സുരക്ഷിതരെന്ന് റിപ്പോർട്ട്
അമേരിക്കൻ നാവിക സേനയുടെ വിമാന വാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന എഫ് എ 18 വിമാനമാണ് വെടിയേറ്റ് തകർന്നത്
ന്യൂയോർക്ക്: ചെങ്കടലിൽ ഹൂത്തി വിമതരെ ലക്ഷ്യമിട്ടുള്ള നിരീക്ഷണത്തിനിടയിൽ സ്വന്തം വിമാനം വെടിവച്ചിട്ട് അമേരിക്കൻ സൈന്യം. ചെങ്കടലിൽ നിരീക്ഷണ പറക്കൽ നടത്തുകയായിരുന്ന നാവിക സേനയുടെ എഫ് എ 18 വിമാനമാണ് തകർന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും ജീവനോടെ രക്ഷപ്പെട്ടതായാണ് അമേരിക്കൻ നാവിക സേന വിശദമാക്കുന്നത്. ഞായറാഴ്ചയാണ് അമേരിക്കയുടെ നാവിക സേനയുടെ തന്നെ കപ്പൽ നിരീക്ഷണ വിമാനം വെടിവച്ചിട്ടത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വിമാനത്തിൽ വെടിയേറ്റതിന് പിന്നാലെ സീറ്റുകൾ ഇജക്റ്റ് ചെയ്ത പൈലറ്റുമാർക്ക് നിസാര പരിക്കുകളാണ് സംഭവിച്ചുള്ളതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. ഇറാൻ പിന്തുണയോടെ ഹൂത്തി വിമതർ ചെങ്കടലിൽ നടത്തുന്ന ആക്രമണങ്ങൾ തടയാൻ പട്രോളിംഗ് നടത്തുന്നതിനിടയിലാണ് സംഭവം. അമേരിക്കൻ നാവിക സേനയുടെ വിമാന വാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന വിമാനമാണ് വെടിയേറ്റ് തകർന്നത്. വിർജീനിയ ആസ്ഥാനമായുള്ള ഓഷ്യാനിയ നാവിക ആസ്ഥാനത്തെ റെഡ് റൈപ്പേഴ്സ് സ്ക്വാഡിലെ സൂപ്പർ ഹോർണറ്റ് ജെറ്റ് വിമാനങ്ങളിലൊന്നിനാണ് വെടിയേറ്റത്. എത്തരത്തിലാണ് അബദ്ധത്തിൽ വെടിയുതിർത്തതെന്നതിനേക്കുറിച്ച് അമേരിക്കൻ സൈന്യം ഇനിയും പ്രതികരിച്ചിട്ടില്ല. ഇസ്രയേൽ ഗാസയിൽ ഒക്ടോബറിൽ ആക്രമണം ആരംഭിച്ചതിന് പിന്നാലെ 100ലേറെ ചരക്കുകപ്പലുകളാണ് ഹൂത്തികളുടെ ആക്രമണം നേരിട്ടത്.
നവംബർ മാസത്തിൽ രണ്ട് അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഹൂത്തികളുടെ വ്യോമാക്രമണമുണ്ടായിരുന്നു. ബാബ് അൽ മൻദബ് കടലിടുക്കിൽ വെച്ചാണ് കപ്പലുകൾക്ക് നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളുണ്ടായതെന്ന് പെന്റഗൺ സ്ഥിരീകരിച്ചത്. രണ്ട് അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ എട്ട് ആളില്ലാ വിമാനങ്ങളും അഞ്ച് ആന്റി ഷിപ്പ് ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ആന്റി ഷിപ്പ് ക്രൂസ് മിസൈലുകളുമാണ് ഹൂത്തികളും പ്രയോഗിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം