ഭാര്യയുടെ ജാമ്യം റദ്ദാക്കി, കെനിയയിൽ മജിസ്ട്രേറ്റിനെതിരെ കോടതിയിൽ വച്ച് വെടിയുതിർത്ത് പൊലീസ് ഉദ്യോഗസ്ഥൻ
പിന്നാലെ മജിസ്ട്രേറ്റിന്റെ അംഗരക്ഷകർ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ വെടി വച്ച് വീഴ്ത്തി. പൊലീസ് ഉദ്യോഗസ്ഥൻറെ വെടിവയ്പിൽ മജിസ്ട്രേറ്റിന് പരിക്കേറ്റിട്ടുണ്ട്
നൈറോബി: ഭാര്യയ്ക്ക് എതിരായ കേസിൽ വിധി പറഞ്ഞ ജഡ്ജിയെ കോടതി മുറിയിൽ വച്ച് വെടിവച്ച് കൊല്ലാൻ ശ്രമിച്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ. കെനിയയിലെ മകഡാര പ്രിൻസിപ്പൽ മജിസ്ട്രേറ്റിനെയാണ് ചീഫ് ഇൻസ്പെകടർ വെടി വച്ചുകൊല്ലാൻ ശ്രമിച്ചത്. ഭാര്യ കൂടി പ്രതിയായ കേസിൽ മജിസ്ട്രേറ്റ് മോണിക കിവുറ്റി വിധി പറഞ്ഞതിന് തൊട്ടുപിന്നാലെ പൊലീസ് ഉദ്യോഗസ്ഥൻ വെടിയുതിർക്കുകയായിരുന്നു. പശ്ചിമ കെനിയയിലെ ലോൺഡിയാനി പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള സാംസണ കിപ്ച്ചിർചിർ കിപ്രുതോയാണ് മജിസ്ട്രേറ്റിന് നേരെ വെടിയുതിർത്തത്.
പിന്നാലെ മജിസ്ട്രേറ്റിന്റെ അംഗരക്ഷകർ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ വെടി വച്ച് വീഴ്ത്തി. പൊലീസ് ഉദ്യോഗസ്ഥൻറെ വെടിവയ്പിൽ മജിസ്ട്രേറ്റിന് പരിക്കേറ്റിട്ടുണ്ട്. കോടതി മുറിക്കുള്ളിൽ വച്ച് നടന്ന വെടിവയ്പിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. സാംസണ്റെ ഭാര്യയുടെ ജാമ്യം റദ്ദാക്കിയതായി മജിസ്ട്രേറ്റ് ഉത്തരവിൽ വിശദമാക്കിയതിന് പിന്നാലെയാണ് കോടതിയിലെ വെടിവയ്പ്. പരിക്കേറ്റ മജിസ്ട്രേറ്റും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും ചികിത്സയിലാണ്. ജാമ്യ വ്യവസ്ഥകൾ തെറ്റിച്ചെന്ന് വിശദമാക്കിയാണ് മജിസ്ട്രേറ്റ് പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ജാമ്യം റദ്ദാക്കിയത്.
സംഭവത്തിൽ വെടിവയ്പിന് കാരണമായ സാഹചര്യമെന്താണെന്ന് കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെനിയയിൽ പൊലീസുകാർ നിയമ വിരുദ്ധമായ വെടിവയ്പുകൾ നടത്തിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും കോടതിക്കുള്ളിൽ വച്ച് ഇത്തരമൊരു വെടിവയ്പുണ്ടാവുന്നത് ആദ്യമാണ്. സംഭവത്തിന് പിന്നാലെ രാജ്യത്തെ കോടതികളുടെ കൂടുതൽ ശക്തമാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം