സ്കൂളിൽ നിന്ന് വീട്ടിലേക്ക് നടക്കുമ്പോൾ നായ കടിച്ചു, ആരോടും പറഞ്ഞില്ല, രണ്ട് മാസത്തിനുശേഷം 13കാരി മരിച്ചു
തെരുവുനായ കടിച്ചത് കുട്ടി മാതാപിതാക്കളോട് പറഞ്ഞില്ല. കമ്പിയിൽ തട്ടി കാൽ മുറിഞ്ഞു എന്നാണ് പറഞ്ഞത്.
മനില: തെരുവുനായ കടിച്ചത് ആരോടും പറയാതിരുന്ന 13കാരിക്ക് ദാരുണാന്ത്യം. സ്കൂളിൽ നിന്ന് വീട്ടിലേക്ക് നടക്കുമ്പോഴാണ് കുട്ടിക്ക് കടിയേറ്റത്. നായ കടിച്ച് രണ്ട് മാസത്തിന് ശേഷമാണ് മരണം. ഫിലിപ്പീൻസിലാണ് സംഭവം.
ഫെബ്രുവരി 9 നാണ് ജമൈക്ക എന്ന 13കാരിയെ തെരുവുനായ കടിച്ചത്. ഫിലിപ്പീൻസിലെ മനിലയിലെ ടോണ്ടോ ജില്ലയിലാണ് സംഭവം നടന്നത്. നായ കടിച്ചത് കുട്ടി മാതാപിതാക്കളോട് പറഞ്ഞില്ല. കമ്പിയിൽ തട്ടി കാൽ മുറിഞ്ഞു എന്നാണ് പറഞ്ഞത്. രണ്ട് മാസത്തിന് ശേഷം ജമൈക്കയ്ക്ക് പനി, നടുവേദന, ക്ഷീണം, വെള്ളം കുടിക്കാൻ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെട്ടു അപ്പോഴാണ് നായ കടിച്ച കാര്യം അമ്മ റോസ്‌ലിനോട് പറഞ്ഞത്. ഏപ്രിൽ 5 ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പക്ഷേ കുട്ടിയുടെ ആരോഗ്യ നിലയിൽ മാറ്റമുണ്ടായില്ല. മകളുടെ അവസ്ഥ കണ്ട് ഹൃദയം തകർന്നു പോയെന്ന് അമ്മ പറയുന്നു. പിന്നാലെ മരണവും സംഭവിച്ചു. മകളുടെ മരണം ഉള്‍ക്കൊള്ളാൻ കഴിയുന്നില്ലെന്ന് ജമൈക്കയുടെ അമ്മ പറഞ്ഞു. വെള്ളം കുടിക്കാൻ കഴിയുന്നില്ലെന്ന് അവൾ പറഞ്ഞിരുന്നു. നായ കടിച്ചപ്പോള്‍ തന്നെ അവൾ തുറന്നു പറഞ്ഞിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നും അമ്മ പറഞ്ഞു. കുട്ടിയുടെ മരണം പേവിഷബാധ കാരണമാണ് എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
ജമൈക്കയെ കടിച്ച നായ ഫെബ്രുവരിയിൽ മറ്റ് ഏഴ് പേരെയും ആക്രമിച്ചതായി അധികൃതർ പറഞ്ഞു. തുടർന്ന് നായയെ പിടികൂടി. എട്ട് ദിവസത്തിന് ശേഷം ഈ നായ ചത്തു. നായയോ പൂച്ചയോ കടിച്ചാൽ തമാശയായി കാണാതെ ഗൗരവമായി എടുക്കാൻ കുട്ടികളെ പഠിപ്പിക്കണമെന്ന് ജമൈക്കയുടെ മാതാപിതാക്കള്‍ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. മൃഗങ്ങള്‍ക്ക് വാക്സിനേഷൻ എടുക്കാനും ഉത്തരവാദിത്വം കാണിക്കാനും ഉടമകള്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം