അഭയാർത്ഥികൾക്ക് നേരെ ആക്രമണം; ഇസ്രയേലിനെതിരെ സൗദിയും ഖത്തറും; അറബ് ഇസ്ലാമിക് മന്ത്രിതല കമ്മിറ്റി സ്പെയിനിൽ

 അന്താരാഷ്ട്ര നീതിന്യായ കോടതിയുടേത് ഉൾപ്പടെ തീരുമാനങ്ങൾ നടപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ഖത്തർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Saudi Arabia and Qatar against attack on refugees in Rafah Arab Islamic ministerial committee in spain

റിയാദ്: റഫയിൽ അഭയാർത്ഥികൾക്ക് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് സൗദി അറേബ്യയും ഖത്തറും. റഫയിലും ആക്രമണം നടക്കുന്ന പലസ്തീന്റെ മേഖലകളിലും സംഭവിക്കുന്നതിനെല്ലാം ഉത്തരവാദി ഇസ്രയേലായിരിക്കുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നൽകി. പ്രതിരോധമില്ലാത്ത മനുഷ്യരെയാണ് ആക്രമിക്കുന്നതെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ  പറഞ്ഞു.  നടപടിയെ അപലപിച്ചു കൊണ്ടാണ് സൗദി അറേബ്യയുടെ പ്രസ്താവന.

അഭയാർത്ഥി ടെന്റുകൾ ആക്രമിക്കുന്ന ഇസ്രയേൽ നടപടിയെ  അപലപിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയവും പ്രസ്താവന പുറത്തിറക്കി.  അന്താരാഷ്ട്ര നീതിന്യായ കോടതിയുടേത് ഉൾപ്പടെ തീരുമാനങ്ങൾ നടപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ഖത്തർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അതേസമയം അറബ് രാജ്യങ്ങൾ ചുമതലപ്പെടുത്തിയ അറബ് ഇസ്ലാമിക് മന്ത്രിതല കമ്മിറ്റി പലസതീനെ രാഷ്ട്രമായി അംഗീകരിച്ച സ്പെയിനിൽ സന്ദർശനം നടത്തി.

സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാന്റെ നേതൃത്വത്തിലുള്ള അറബ് ഇസ്ലാമിക് മന്ത്രിതല കമ്മിറ്റി സ്പെയിൻ പ്രധാനമന്ത്രിയെയും  വിദേശകാര്യ മന്ത്രിയെയും കണ്ടു. സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസുമായി  മാഡ്രിഡിൽ വെച്ചാണ് കൂടിക്കാഴ്ച്ച നടത്തിയത്. പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച സ്പെയിനിന്റെ നിലപാടിനെ മന്ത്രിതല സംഘം സ്വാഗതം ചെയ്തു.  പലസ്തീനെ അംഗീകരിച്ച യൂറോപ്യൻ രാഷ്ട്രങ്ങൾ ചരിത്രത്തിന്റെ ശരിയായ പക്ഷത്താണെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു.  

രാജ്യമെന്ന നിലയിലുള്ള  അംഗീകാരം പലസ്തീന് പ്രതീക്ഷ വർദ്ധിപ്പിക്കുമെന്ന് സ്പെയിൻ പ്രധാനമന്ത്രി പറഞ്ഞു. നേരത്തെ പലസ്തീൻ വിഷയത്തിൽ അന്താരാഷ്ട്ര സമ്മർദം ശക്തമാക്കാൻ മന്ത്രിതല സംഘം വിവിധ രാഷ്ട്ര തലവന്മാരെ സന്ദർശിച്ചിരുന്നു.  അന്താരാഷ്ട്ര ഇടപെടൽ തുടരുന്നതിന്റ ഭാഗമായാണ് സന്ദർശനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios