ഇറ്റലിയിലെ ഫ്ലോറൻസിലെ ആദ്യ വനിതാ മേയറായി സാറ ഫനേരോ, നഗരസഭ വിട്ടു നൽകാതെ ഇടത് നേതാവ്
ഫ്ലോറൻസ് കൂടാതെ ബെർഗാമോ, ലൊബാർഡ്, ബാരി. പഗ്ലിയ എന്നിവിടങ്ങളും ഇടതു പക്ഷം അധികാരം നിലനിർത്തി
ഫ്ലോറൻസ്: ഇറ്റലിയിലെ ഫ്ലോറൻസിലെ ആദ്യ വനിതാ മേയറായി സാറ ഫനേരോ. തീവ്രവലതുപക്ഷ സ്ഥാനാർത്ഥിയെ അമ്പരപ്പിച്ചാണ് ഇടതുപക്ഷ അനുഭാവിയായ സാറയുടെ ജയം. ഈ ഇറ്റാലിയൻ നഗരത്തിൽ 60 ശതമാനം വോട്ടുകൾ നേടിയാണ് ആദ്യമായി ഒരു സ്ത്രീ മേയർ സ്ഥാനത്തേക്ക് എത്തുന്നത്. എതിർ പക്ഷത്തുണ്ടായിരുന്ന സ്ഥാനാർത്ഥിക്ക് 39 ശതമാനം വോട്ടുകളാണ് നേടാനായത്. ഇവിടെ നടന്ന തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളാണ് ഇടതുപക്ഷ പാർട്ടിയായ ഡെമോക്രാറ്റിക് പാർട്ടിക്ക് നേടാനായത്.
ഫ്ലോറൻസിന്റെ മേയറാവാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ സാറ പ്രതികരിച്ചത്. മുത്തച്ഛൻ പിയറോ ബർഗെല്ലിനിക്കാണ് സാറ തന്റെ വിജയം സമർപ്പിച്ചിരിക്കുന്നത്. 1966 ലെ പ്രളയ കാലത്തെ ഫ്ലോറൻസ് മേയറായിരുന്നു സാറയുടെ മുത്തച്ഛൻ. പ്രളയത്തിൽ സാരമായ കേടുപാടുകളുണ്ടായ നഗരത്തെ പഴയ സ്ഥിതിയിലേക്ക് എത്തിക്കാൻ പിയറോ നടത്തിയ പ്രയത്നങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ഡെമോക്രാറ്റിക് പാർട്ടിയുടെ തുടർച്ചയായ നേട്ടങ്ങളുടെ പിന്നാലെയാണ് സാറയുടെ വിജയവും. ഞായറാഴ്ചയും തിങ്കളാഴ്ചയുമായിരുന്നു വോട്ടെടുപ്പ് നടന്നത്. സാറയുടെ വിജയത്തോടെ ഫ്ലോറൻസ് ഇടതുപക്ഷ പാർട്ടി നിലനിർത്തുകയാണ് ചെയ്തത്. ഫ്ലോറൻസ് കൂടാതെ ബെർഗാമോ, ലൊബാർഡ്, ബാരി. പഗ്ലിയ എന്നിവിടങ്ങളും ഇടതു പക്ഷം അധികാരം നിലനിർത്തി.
ഇതുകൂടാതെ ഇടതുപക്ഷ സഖ്യം കാഗ്ലിയാരി, സാർഡിനിയൻ കാപിറ്റൽ, പെരുഗിയ എന്നിവിടങ്ങളിലും അധികാരത്തിലെത്തി. തീവ്ര വലതുപക്ഷ അനുഭാവിയായ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ സഖ്യത്തിൽ നിന്ന് ഉമ്പ്രിയയും ഇടത് സഖ്യം നേടിയെടുത്തു. യൂറോപ്യൻ പാർലമെന്റിൽ വലത് സഖ്യം നേട്ടമുണ്ടാക്കിയതിന് പിന്നാലെയാണ് ഇറ്റലിയിലെ ഇടത് പാർട്ടികളുടെ നേട്ടമെന്നതാണ് ശ്രദ്ധേയം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം