അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷിനെ വധിക്കാൻ ശ്രമം: സദ്ദാം ഹുസൈന്റെ ജീവനക്കാരൻ പിടിയിൽ
ഇയാൾക്ക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ സഹായവും ലഭിച്ചു. 2020 ലാണ് ഇയാൾ അമേരിക്കയിൽ എത്തിയത് 2021 നവംബർ വരെ ജോർജ് ബുഷിനെ വധിക്കാനുള്ള ശ്രമം തുടർന്നു
വാഷിങ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷിനെ വധിക്കാനുള്ള സദ്ദാം അനുയായിയുടെ നീക്കം തടഞ്ഞെന്ന് അമേരിക്കൻ അന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു. ഫോർബ്സ് വെബ്സൈറ്റ് ഇത് സംബന്ധിച്ച് എഫ് ബി ഐ കോടതിയിൽ സമർപ്പിച്ച രേഖകൾ പുറത്തുവിട്ടു.
ഇറാഖ് മുൻ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ജീവനക്കാരനാണ് ജോർജ് ബുഷിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. അക്രമി അമേരിക്കയിലെത്തിയ ശേഷം ജോർജ് ബുഷ് കടന്നുപോകുന്ന കെട്ടിടങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയിരുന്നു. ഇയാൾക്ക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ സഹായവും ലഭിച്ചു. 2020 ലാണ് ഇയാൾ അമേരിക്കയിൽ എത്തിയത് 2021 നവംബർ വരെ ജോർജ് ബുഷിനെ വധിക്കാനുള്ള ശ്രമം തുടർന്നു.
ബുഷിനെ വധിക്കുക എന്ന ലക്ഷ്യത്തോടെ കൂടുതൽ പേരെ അമേരിക്കയിൽ എത്തിക്കാൻ ഇയാൾ ശ്രമിച്ചു. ഇറാഖ് ആക്രമണത്തിന് പ്രതികാരമായി ബുഷിനെ വധിക്കാനായിരുന്നു അക്രമിയുടെ പദ്ധതി. അക്രമിയുടെ പേരോ മറ്റ് വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല. അതീവ രഹസ്യ നീക്കത്തിലൂടെയാണ് അക്രമിയുടെ വധശ്രമം സംബന്ധിച്ച് എഫ് ബി ഐ വിവരങ്ങൾ കണ്ടെത്തിയതും ഇയാളെ അറസ്റ്റ് ചെയ്തതുമെന്ന് കോടതിയിൽ സമർപ്പിച്ച രേഖകളെ ഉദ്ധരിച്ച് ഫോർബ്സ് മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു.
ജോർജ് ഡബ്ല്യു ബുഷ് അമേരിക്കയുടെ പ്രസിഡന്റായിരുന്ന കാലത്താണ് ഇറാഖിനെതിരെ അമേരിക്ക ആക്രമണം നടത്തിയത്. യുദ്ധത്തിൽ ഇറാഖിനെ കീഴ്പ്പെടുത്തുകയും സദ്ദാം ഹുസൈനെ കണ്ടെത്തുകയും ചെയ്തിരുന്നു. വിചാരണയ്ക്ക് ശേഷം അമേരിക്ക സദ്ദാം ഹുസൈനെ വധിച്ചിരുന്നു. ജോർജ് ബുഷ് ഇപ്പോൾ വിശ്രമ ജീവിതത്തിലാണ്. അമേരിക്കയിലെ ഡല്ലസിലാണ് 75കാരനായ ജോർജ് ബുഷിന്റെ താമസം.