24 വർഷത്തിനിടയിൽ ആദ്യം, വ്ലാദിമിർ പുടിന്റെ സന്ദർശനത്തിനൊരുങ്ങി ഉത്തര കൊറിയ
2019ൽ ചൈനീസ് നേതാവായ ഷി ജിൻപിൻങ് ഉത്തര കൊറിയ സന്ദർശിച്ചപ്പോൾ താമസിച്ച കുംസുസൻ അതിഥി മന്ദിരത്തിലാകും പുടിൻ താമസിക്കുകയെന്നാണ് പുറത്ത് വരുന്ന സൂചനകൾ
സിയോൾ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ സ്വീകരിക്കാനൊരുങ്ങി വിയറ്റ്നാമും ഉത്തര കൊറിയയും. 24 വർഷത്തിനിടയിൽ ആദ്യമായാണ് പുടിൻ ഉത്തര കൊറിയ സന്ദർശിക്കുന്നത്. പ്യോങ്‍യാങിൽ വച്ചാകും പുടിൻ കിം കൂടിക്കാഴ്ച നടക്കുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ സെപ്തംബറിലാണ് ഇരു നേതാക്കളും റഷ്യയിലെ വോസ്റ്റോച്ച്നി കോസ്മോഡ്രോമിൽ ഇതിന് മുൻപ് കൂടിക്കാഴ്ച നടത്തിയത്.
റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിൽ ആശങ്കയുണ്ടെന്നാണ് അമേരിക്കയുടെ പ്രതികരണം. എന്നാൽ സന്ദർശനം സൌഹൃദപരമായ സന്ദർശനം മാത്രമെന്നാണ് ക്രെംലിൻ പ്രതികരിക്കുന്നത്. അതേസമയം ഇരു രാജ്യങ്ങളും തമ്മിൽ സുരക്ഷാ വിഷയങ്ങളിൽ അടക്കം ധാരണകളിൽ ഒപ്പിടുമെന്നാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്യോങ്‍യാങിലെ ഓർത്തഡോക്സ് ദേവാലയം പുടിൻ സന്ദർശിക്കുമെന്നും റിപ്പോർട്ടുണ്ട്.
ഉത്തര കൊറിയയിലെ ഏക ഓർത്തഡോക്സ് ദേവാലയമാണ് ഇത്. ഇരു നേതാക്കളും പങ്കെടുക്കുന്ന പ്രത്യേക പരേഡും പ്യോങ്‍യാങിൽ നടക്കുമെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2019ൽ ചൈനീസ് നേതാവായ ഷി ജിൻപിൻങ് ഉത്തര കൊറിയ സന്ദർശിച്ചപ്പോൾ താമസിച്ച കുംസുസൻ അതിഥി മന്ദിരത്തിലാകും പുടിൻ താമസിക്കുകയെന്നാണ് പുറത്ത് വരുന്ന സൂചനകൾ.
റഷ്യയുടെ പുതിയ പ്രതിരോധ മന്ത്രി ആൻഡ്രേയ് ബെലൂസ്കോവിനൊപ്പമാകും പുടിൻ ഉത്തര കൊറിയയിലെത്തുമെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ നാളെയാണ് പുടിൻ വിയറ്റ്നാമിലെ ഹാനോയി സന്ദർശിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം