പരീക്ഷണ പറക്കലിനിടെ വനമേഖലയിലേക്ക് കൂപ്പുകുത്തി, റഷ്യൻ യാത്രാ വിമാനത്തിലെ എല്ലാവരും കൊല്ലപ്പെട്ടു
പാശ്ചാത്യ വിമാനങ്ങളെ ഒഴിവാക്കാനായി തദ്ദേശീയമായി റഷ്യ വികസിപ്പിക്കുന്ന യാത്രാ വിമാനമാണ് സുഖോയ് സൂപ്പർ ജെറ്റ്.
മോസ്കോ: പരീക്ഷണ പറക്കലിനിറങ്ങിയ യാത്രാ വിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. റഷ്യയിലെ മോസ്കോയിലാണ് സുഖോയ് സൂപ്പർ ജെറ്റ് വിമാനം തകർന്ന് വീണത്. പരീക്ഷണ പറക്കലായതിനാൽ വിമാനത്തിൽ യാത്രക്കാരില്ലാത്തതിനാൽ ഒഴിവായത് വൻ ദുരന്തമാണ്. വിമാനത്തിലെ ക്രൂ അംഗങ്ങളായ മൂന്ന് പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
വിമാന ജീവനക്കാർ അല്ലാതെ യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നില്ലെന്നാണ് അധികൃതർ വിശദമാക്കുന്നത്. സുഖോയ് സൂപ്പർ ജെറ്റ് 100 വിമാനമാണ് വന മേഖലയിൽ തകർന്ന് വീണത്. പാശ്ചാത്യ വിമാനങ്ങളെ ഒഴിവാക്കാനായി തദ്ദേശീയമായി റഷ്യ വികസിപ്പിക്കുന്ന യാത്രാ വിമാനമാണ് സുഖോയ് സൂപ്പർ ജെറ്റ്. യുക്രൈൻ അധിനിവേശത്തിന് പിന്നാലെ റഷ്യയിലെ വ്യോമ ഗതാഗത മേഖലയിലെ വിമാനങ്ങൾ മാറ്റാൻ റഷ്യയ്ക്ക് ഇനിയും സാധിച്ചിട്ടില്ല.
ഇതിനിടയിലാണ് അപകടം. ജനവാസമേഖലയുടെ സമീപത്തുള്ള വനമേഖലയിലാണ് വിമാനം തകർന്നത്. ഗാസ്പ്രോം ആവിയ എന്ന എയർലൈനിന്റെ വിമാനമാണ് തകർന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2012ന് ശേഷം അപകടത്തിൽപ്പെടുന്ന മൂന്നാമത്തെ സുഖോയ് സൂപ്പർജെറ്റ് 100 വിമാനമാണ് ഇത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം