ടേക്ക് ഓഫീന് പിന്നാലെ എൻജിനിൽ തീ പടർന്നു, കൂപ്പുകുത്തി വിമാനം, യാത്രക്കാർക്ക് ദാരുണാന്ത്യം
ടേക്ക് ഓഫിന് പിന്നാലെ എൻജിനിൽ തീ പടർന്നാണ് അപകടമുണ്ടായതെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രി വിശദമാക്കുന്നത്
മോസ്കോ: ടേക്ക് ഓഫിന് പിന്നാലെ തീ പിടിച്ച് കൂപ്പുകുത്തി വിമാനം. മുഴുവൻ യാത്രക്കാർക്കും ദാരുണാന്ത്യം. ഏഴ് യാത്രക്കാരും എട്ട് ജീവനക്കാരുമായി പറന്നുയർന്ന റഷ്യൻ കാർഗോ വിമാനമാണ് മോസ്കോയുടെ വടക്ക് കിഴക്കൻ മേഖലയിലുള്ള ഇവാനോവോയ്ക്ക് സമീപം തകർന്നുവീണത്. റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഇല്യുഷിൻ സെക്കൻഡ് 76 ഇനത്തിലുള്ള വിമാനമാണ് തകർന്നത്.
പശ്ചിമ റഷ്യയിലെ സൈനിക കേന്ദ്രത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം ചൊവ്വാഴ്ചയാണ് തകർന്നത്. ടേക്ക് ഓഫിന് പിന്നാലെ എൻജിനിൽ തീ പടർന്നാണ് അപകടമുണ്ടായതെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രി വിശദമാക്കുന്നത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായാണ് റഷ്യൻ മാധ്യമങ്ങൾ വിശദമാക്കുന്നത്. അപകടത്തിന് ഏതാനും നിമിഷങ്ങൾക്ക് മുന്‍പുള്ളതെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ജനുവരി മാസത്തിൽ സമാനമായ സംവത്തിൽ റഷ്യൻ വിമാനം ബെൽഗോരോഡ് മേഖലയിൽ തകർന്ന് വീണിരുന്നു. ഈ അപകടത്തിൽ 65 യാത്രക്കാരാണ് കൊല്ലപ്പെട്ടത്. അപകടത്തിന് പിന്നാലെ റഷ്യൻ വിമാനം യുക്രൈൻ വെടിവച്ച് വീഴ്ത്തിയെന്ന ആരോപണം റഷ്യ ഉന്നയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം