അമേരിക്കൻ വ്യോമാതിർത്തിക്ക് സമീപം റഷ്യൻ ബോംബറുകൾ എത്തി; അതീവ ഗുരുതര സാഹചര്യം, മൂന്നാം ലോക മഹായുദ്ധം ലോഡിംഗ്?
റഷ്യൻ TU-95MS ബോംബറുകൾ അമേരിക്കൻ വ്യോമാതിർത്തിക്ക് സമീപമെത്തിയത് ആഗോളതലത്തിൽ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
ന്യൂയോർക്ക്: വിവിധ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കൻ വ്യോമാതിർത്തിക്ക് സമീപം റഷ്യൻ ബോംബറുകൾ എത്തി. നോർത്ത് അമേരിക്കൻ എയ്‌റോസ്‌പേസ് ഡിഫൻസ് കമാൻഡ് (NORAD) ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാൽ, റഷ്യൻ ബോംബർ വിമാനങ്ങൾ അമേരിക്കയുടെയോ കാനഡയുടെയോ വ്യോമമേഖലയിൽ പ്രവേശിച്ചിട്ടില്ലെന്നും അലാസ്കൻ വ്യോമ പ്രതിരോധ ഐഡൻ്റിഫിക്കേഷൻ സോണിൽ റഷ്യൻ വിമാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും നോർത്ത് അമേരിക്കൻ എയ്‌റോസ്‌പേസ് ഡിഫൻസ് കമാൻഡ് അറിയിച്ചു.
റഷ്യൻ TU-95MS ബോംബറുകൾ അമേരിക്കൻ വ്യോമാതിർത്തിക്ക് സമീപം പറക്കുന്നതിന്റെ ഒരു വീഡിയോ പുറത്തുവന്നിരുന്നു. SU-35 യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് ബോംബറുകൾ എത്തിയത്. ഈ സംഭവം അമേരിക്കൻ സൈന്യത്തിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. റഷ്യയുടെ സൈനിക ശക്തിയെ പ്രതിനിധീകരിക്കുന്ന TU-95MS ബോംബറുകൾ അമേരിക്കയിലെ സുപ്രധാനമായ മേഖലകൾക്ക് സമീപമാണ് കാണപ്പെട്ടത്. ഇതോടെ അമേരിക്കൻ പ്രതിരോധ സേന ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്താൻ നിർബന്ധിതരായി. റഷ്യൻ യുദ്ധ വിമാനങ്ങൾ അമേരിക്കൻ അതിർത്തിയോട് അടുത്തതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘട്ടനത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചു. റഷ്യൻ വിമാനങ്ങളുടെ സാന്നിധ്യം റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം എത്രത്തോളം വഷളായെന്നാണ് അടിവരയിടുന്നതെന്ന് പ്രതിരോധ വിദഗ്ധർ വ്യക്തമാക്കി.
ദീർഘദൂര ലക്ഷ്യങ്ങളെ തകർക്കാനുള്ള കഴിവുകൾക്ക് പേരുകേട്ടവയാണ് റഷ്യൻ TU-95MS ബോംബറുകൾ. ഇവയ്ക്ക് വളരെ ദൂരത്തേക്ക് മിസൈലുകൾ പായിക്കാൻ കഴിയും. റഷ്യയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിൽ യുഎസ് സൈന്യം ജാഗ്രത പുലർത്തുന്നുണ്ട്. നേരിട്ട് ഏറ്റുമുട്ടൽ ഉണ്ടായില്ലെങ്കിലും സ്ഥിതിഗതികൾ സംഘർഷഭരിതമായി തുടരുകയാണ്. ആഗോള തലത്തിൽ തന്നെ വലിയ ആശങ്കകൾ ഉയർത്തിയ സമീപകാല സൈനിക സംഘർഷങ്ങളുടെ പട്ടികയിലേക്കാണ് ഈ സംഭവവും എഴുതിച്ചേർക്കപ്പെടുന്നത്.