കൊവിഡ് വാക്സിൻ വികസിപ്പിച്ചതായി റഷ്യ; മകൾക്ക് വാക്സിൻ കുത്തിവയ്പ്പ് നൽകിയെന്ന് പൂചിൻ
തന്‍റെ മകൾക്ക് വാക്സിൻ നൽകിയതായും പൂചിൻ അറിയിച്ചു.
മോസ്കോ: ലോകത്തിലെ ആദ്യ കൊവിഡ് വാക്സിൻ വികസിപ്പിച്ചതായി റഷ്യ, റഷ്യൻ പ്രസിഡന്‍റ് വ്ളാദിമർ പൂചിനാണ് ഇക്കാര്യം അറിയിച്ചത്. റഷ്യൻ പ്രതിരോധ മന്ത്രാലയവും ഗമേലിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിച്ച വാക്സിനാണ് റഷ്യ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തന്‍റെ മകൾക്ക് വാക്സിൻ നൽകിയതായും പൂചിൻ അറിയിച്ചു.
കൊവിഡ് പ്രതിരോധത്തിൽ നിർണ്ണായകമായ കാൽവയ്പ്പാണ് ഇതെന്ന് പൂചിൻ അഭിപ്രായപ്പെട്ടു. ആവശ്യമായ സുരക്ഷ പരിശോധനകളും നിരീക്ഷണകളും പൂർത്തിയായ ശേഷമാണ് വാക്സിൻ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് പൂചിൻ പറയുന്നത്. അടുത്ത മാസം ആരോഗ്യപ്രവർത്തകരിൽ വാക്സിൻ പരീക്ഷിക്കും. ജനുവരിയോടെ പൊതുജനങ്ങൾക്ക് ലഭ്യമാകും.
ജൂൺ 18നാണ് റഷ്യ വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചത്. 38 വോളന്‍റയർമാരിലായിരുന്നു പരീക്ഷണം. പല അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളും നേരത്തെ റഷ്യയുടെ വാക്സിൻ പരീക്ഷണത്തിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. വേണ്ടത്ര പരീക്ഷണങ്ങളും ഗവേഷണവും ട്രയലുകളും നടത്താതെയാണ് റഷ്യ വാക്സിൻ പുറത്തിറക്കുന്നതെന്ന സംശയമാണ് ഉയർത്തപ്പെടുന്നത്.
കുത്തിവെയ്പ്പെടുത്ത് ദീർഘകാലത്തിന് ശേഷമേ പാർശ്വഫലങ്ങൾ വെളിപ്പെടുകയുള്ളൂ എന്നിരിക്കെ, അപകടസാധ്യത കൂട്ടുന്നതാണ് റഷ്യൻ നീക്കമെന്നാണ് വിമർശനം. പരീക്ഷണം മാനദണ്ഡം പാലിച്ച് മാത്രം പൂർത്തിയാക്കമെന്ന് ലോകാരോഗ്യസംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.