ക്യാൻസർ വാക്സിൻ വികസിപ്പിച്ചെന്ന് റഷ്യയുടെ പ്രഖ്യാപനം; അടുത്ത വർഷം പുറത്തിറക്കും, സൗജന്യ വിതരണമെന്ന് സർക്കാർ

ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ക്യാൻസറിനെതിരായി പ്രവർത്തന സജ്ജമാക്കാൻ സാധിക്കുന്ന തരത്തിലുള്ള വാക്സിനുകളാണ് കണ്ടെത്തിയതായി റഷ്യൻ ഗവേഷകർ പ്രഖ്യാപിച്ചിരിക്കുന്നത്. 

Russia announces discovery of cancer vaccine and will be made available from next year and free distribution

മോസ്കോ: ക്യാൻസറിനെതിരായ വാക്സിൻ സ്വന്തമായി വികസിപ്പിച്ചെടുത്തെന്ന് പ്രഖ്യാപിച്ച് റഷ്യൻ സർക്കാർ. 2025 ആദ്യത്തിൽ പുറത്തിറക്കുമെന്നും രോഗികൾക്ക് സൗജന്യമായി വാക്സിൻ വിതരണം ചെയ്യുമെന്നും റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള റേഡിയോളജി മെഡിക്കൽ റിസർച്ച് സെന്ററിന്റെ ജനറൽ ഡയറക്ടർ ആൻഡ്രേ കാപ്രിൻ അറിയിച്ചു.

ക്യാൻസറിനെതിരായ എംആർഎൻഎ വാക്സിൻ വികസിപ്പിച്ചെടുത്ത വിവരം റേഡിയോ റഷ്യയിൽ സംസാരിക്കവെയാണ് രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥൻ പ്രഖ്യാപിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ക്യാൻസർ ട്യൂമറുകൾ ഉണ്ടാവുന്നത് തടയാനും കോശങ്ങളുടെ ക്യാൻസറിലേക്കുള്ള മാറ്റം ഫലപ്രദമായി തടയാനും ഈ വാക്സിന് സാധിക്കുമെന്ന് പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തെളിഞ്ഞതായി ഗമലെയ നാഷണൽ റിസർച്ച് സെന്റർ ഫോ‌ർ എപ്പിഡെമിയോളജി ആന്റ് മൈക്രോ ബയോളജി ഡയറക്ടർ അലക്സാണ്ടർ ഗിൻറ്റ്സ്‍ബെർഗ് വാർത്താ ഏജൻസിയോട് പറഞ്ഞു.

ക്യാൻസർ പ്രതിരോധ വാക്സിനുകൾ വികസിപ്പിച്ചെടുക്കുകയെന്ന ലക്ഷ്യത്തിന്റെ തൊട്ടടുത്ത് വരെ തങ്ങളുടെ ഗവേഷണങ്ങൾ എത്തിയതായി മാസങ്ങൾക്ക് മുമ്പ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുചിൻ ടെലിവിഷനിലൂടെ അറിയിച്ചിരുന്നു. ഒപ്പം ശരീരത്തിന്റെ പ്രതിരോധ ശേഷിയെ നിയന്ത്രിക്കുന്ന പുതുതലമുറ മരുന്നുകളുടെ കണ്ടെത്തലിനെക്കുറിച്ചും അദ്ദേഹം അന്ന് അറിയിച്ചിരുന്നു.

അതേസമയം വ്യക്തിഗതമായി മാറ്റം വരുത്തിയ വാക്സിനുകളുടെ രൂപഘടന കണ്ടെത്തുന്നതിനുള്ള നീണ്ട പ്രക്രിയ ആധുനിക സങ്കേതികവിദ്യയുടെ ഉപയോഗത്തോടെ ഒരു മണിക്കൂറിൽ താഴെയായി ചുരുങ്ങുയെന്നും റഷ്യൻ വാക്സിൻ പദ്ധതികളുടെ മേധാവി അറിയിച്ചു. വാക്സിനുകളുടെയും അതിലെ എംആർഎംഎകളെടെയും ഘടന നിശ്ചയിക്കുന്ന സങ്കീർണമായ പ്രക്രിയ നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവ‍ർത്തിക്കുന്ന ന്യൂറൽ നെറ്റ്‍വർക്ക് കംപ്യൂട്ടിങ് വഴി അര മണിക്കൂർ മുതൽ പരമാവധി ഒരു മണിക്കൂർ കൊണ്ട് പൂർത്തിയാകുന്ന തരത്തിലേക്ക് മാറ്റാൻ കഴിഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു.

ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ഉദ്ദീപിപ്പിച്ച് ക്യാൻസർ കോശങ്ങളെ നശിപ്പിക്കുകയാണ് ഈ വാക്സിനുകളുടെ രീതി. ട്യൂമർ കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ആന്റിജനുകളെയോ അല്ലെങ്കിൽ പ്രത്യേക പ്രോട്ടീനുകളെയോ ആയിരിക്കും വാക്സിനുകൾ ലക്ഷ്യമിടുക. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ക്യാൻസർ കോശങ്ങൾക്കെതിരായി പ്രവർത്തിക്കാൻ സജ്ജമാക്കുകയാണ് ചെയ്യുന്നത്. 

ഇതിന് പുറമെ ചില പ്രതിരോധ വാക്സിനുകൾ കാൻസറിലേക്ക് നയിക്കുന്ന എച്ച്.പി.വി പോലുള്ള വൈറസുകളെ ഉൾപ്പെടെ തടയാൻ പ്രാപ്തിയുള്ളവയാണ്. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷിയെ പ്രത്യേക രീതിയിൽ പരിപോഷിപ്പിച്ച് ക്യാൻസർ പ്രതിരോധത്തിനും രോഗത്തിന്റെ തിരിച്ചുവരവ് തടയാനും ക്യാൻസറിന്റെ പ്രാഥമിക ലക്ഷണങ്ങളെ പ്രതിരോധിക്കാനും സജ്ജമാക്കാനാകുമെന്ന കണ്ടെത്തൽ ക്യാൻസർ ചികിത്സയിൽ നിർണായക സ്വാധീനം ചെലുത്തിയേക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios