വൈദികരുടെ ലൈംഗികാതിക്രമം; 1353 പരാതിക്കാര്‍ക്ക് 7396 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ലോസാഞ്ചലസ് അതിരൂപത
കുട്ടികൾക്കെതിരായ വൈദികരുടെ ലൈംഗികാതിക്രമ പരാതികളിൽ ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ച് ലോസാഞ്ചലസ് അതിരൂപത. മറ്റ് പല രൂപതകളും കത്തോലിക്കാ സ്ഥാപനങ്ങളും പാപ്പർ ഹർജി ഫയൽ ചെയ്തിരിക്കുന്നതിനിടയിലാണ് ലോസാഞ്ചലസ് അതിരൂപതയുടെ തീരുമാനമെത്തുന്നത്
ലോസാഞ്ചലസ്: വൈദികരുടെ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കപ്പെട്ടവർക്ക് വൻ തുക നഷ്ടപരിഹാരം നൽകാനുള്ള തീരുമാനവുമായി ലോസാഞ്ചലസ് അതിരൂപത. 1353 പരാതിക്കാർക്കായി 880 മില്യൺ ഡോളർ (ഏകദേശം 73969968160 രൂപ) നൽകുമെന്നാണ് ലോസാഞ്ചലസ് കത്തോലിക്കാ അതിരൂപത. കത്തോലിക്കാ വൈദികരുടെ ലൈംഗികാതിക്രമത്തിന് ഇരയായവർക്ക് നഷ്ടപരിഹാര തുക ചെറിയ ആശ്വാസമെങ്കിലും നൽകട്ടേയെന്ന് വ്യക്തമാക്കിയാണ് ആർച്ച് ബിഷപ്പ് ജോസ് എച്ച് ഗോമസ് ബുധനാഴ്ച തീരുമാനം പ്രഖ്യാപിച്ചത്.
ദശാബ്ദങ്ങൾ മുൻപുള്ള ലൈംഗികാതിക്രമത്തിന് നൽകുന്ന ഏറ്റവും വലിയ നഷ്ടപരിഹാര തുകയാണ് ഇത്. പ്രായപൂർത്തിയാകാത്തവർക്ക് എതിരെ നടന്ന ലൈംഗികാതിക്രമം വർഷങ്ങൾക്ക് മുൻപ് നടന്നതാണെങ്കിലും കേസ് എടുക്കാമെന്ന കാലിഫോർണിയയിലെ നിയമ പരിഷ്കാരത്തിന് പിന്നാലെ 1353 പേരാണ് ലോസാഞ്ചലസ് അതിരൂപതയിൽ പരാതിയുമായി എത്തിയത്.
കാലിഫോർണിയയിലെ നിയമത്തിന് പിന്നാലെ വലിയ രീതിയിൽ കത്തോലിക്കാ സഭാ സ്ഥാപനങ്ങൾ പാപ്പരായതായുള്ള ഹർജികൾ ഫയൽ ചെയ്യുന്നതിനിടയിലാണ് ലോസാഞ്ചലസ് അതിരൂപതയുടെ ശ്രദ്ധേയമായ തീരുമാനം. സാൻഫ്രാൻസിസ്കോ, ഓക്ലാൻഡ്, സാൻഡിയാഗോ രൂപതകൾ ഇതിനോടകം പാപ്പർ ഹർജി ഫയൽ ചെയ്തു കഴിഞ്ഞതായാണ് ദി ഗാർഡിയൻ റിപ്പോർട്ട് വിശദമാക്കുന്നത്. പാപ്പർ ഹർജി നൽകാതെയാണ് അതിരൂപതയുടെ തീരുമാനം. അതിരൂപയുടെ ധന റിസർവ്വുകളിൽ നിന്നും നിക്ഷേപങ്ങളിൽ നിന്നും കടമായും മറ്റ് ചില മതസ്ഥാപനങ്ങളിൽ നിന്നുള്ള സംഭാവനയായുമാണ് ഈ പണം കണ്ടെത്തിയതെന്നാണ് ആർച്ച് ബിഷപ്പ് ജോസ് എച്ച് ഗോമസ് ബുധനാഴ്ച വിശദമാക്കിയത്.
വൻതുക നഷ്ടപരിഹാരം നൽകേണ്ടി വരുന്നത് അതിരൂപതയുടെ സന്നദ്ധ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച അഭിഭാഷകരോടൊപ്പമുള്ള സംയുക്ത വാർത്താ സമ്മേളനത്തിലാണ് ആർച്ച് ബിഷപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. ദശാബ്ദങ്ങളോളം നിശബ്ദമായി അപമാനവും വേദനയും സഹിക്കേണ്ടി വന്നവർക്ക് നീതി ലഭിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്നാണ് അതിരൂപത വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം