അമേരിക്കന്‍ ബുള്ളി നായ്ക്കളെ നിരോധിക്കാനൊരുങ്ങി ബ്രിട്ടണ്‍, കാരണമറിയാം
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്റ്റോണലില്‍ വെച്ച് അമേരിക്കന്‍ എക്സ്എല്‍ ബുള്ളി വിഭാഗത്തില്‍പ്പെടുന്ന രണ്ടു നായ്ക്കള്‍ യുവാവിനെ ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് വെള്ളിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്
ലണ്ടന്‍: യുവാവിനെ കടിച്ചുകൊന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ എക്സ്എല്‍ ബുള്ളി വിഭാഗത്തില്‍പ്പെടുന്ന നായ്ക്കളെ രാജ്യത്ത് നിരോധിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് പറഞ്ഞു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്റ്റോണലില്‍ വെച്ച് അമേരിക്കന്‍ എക്സ്എല്‍ ബുള്ളി വിഭാഗത്തില്‍പ്പെടുന്ന രണ്ടു നായ്ക്കള്‍ യുവാവിനെ ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് വെള്ളിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ നായ്ക്കളെ നിയന്ത്രണമില്ലാതെ തുറന്നുവിട്ടതിന് മുപ്പതുകാരനായ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ച ബിര്‍മിങ്ഹാമില്‍ ഇതേ വിഭാഗത്തില്‍പ്പെട്ട നായയുടെ ആക്രമണത്തില്‍ 11 വയസുകാരിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കുട്ടിയെ നായയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടുത്തുന്നതിനിടെ രണ്ടു യുവാക്കള്‍ക്കും പരിക്കേറ്റിരുന്നു. പലതവണയായി അമേരിക്കന്‍ എക്സഎല്‍ ബുള്ള വിഭാഗത്തില്‍പ്പെടുന്ന നായ്ക്കളുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തതോടെ ഇവയെ നിരോധിക്കണമെന്ന ആവശ്യം യുകെയില്‍ ശക്തമാകുകയായിരുന്നു. തുടര്‍ന്നാണ് ഇവയെ നിരോധിക്കുമെന്ന് റിഷി സുനക് അറിയിച്ചത്. നമ്മുടെ സമൂഹത്തിന് പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഈ വിഭാഗത്തിലുള്ള നായ്ക്കള്‍ ഭീഷണിയാണെന്നും എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച വീഡിയോയില്‍ റിഷി സുനക് വ്യക്തമാക്കി.
ആഭ്യന്തര മന്ത്രി സുവെല്ല ബ്രേവര്‍മാന്‍ ആണ് നായ്ക്കള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. അമേരിക്കന്‍ ബുള്ളി അതീവ അപകടകാരിയും സമൂഹത്തിന് ഭീഷണിയുമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും ഇവയെ നിരോധിക്കണമെന്നും അവര്‍ പറഞ്ഞു. മോശം രീതിയില്‍ പരിശീലിപ്പിച്ചതുകൊണ്ടല്ല നായ്ക്കള്‍ ഇങ്ങനെ പെരുമാറുന്നതെന്നത്. ഈ വിഭാഗത്തില്‍പ്പെടുന്ന നായ്ക്കളുടെ സ്വഭാവം അങ്ങനെയാണ്. നിലവില്‍ ഇത്തരം നായ്ക്കളെ വളര്‍ത്തുന്നവര്‍ ജാഗ്രത പാലിക്കണം. ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കാനുള്ള അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും റിഷി സുനക് പറഞ്ഞു.
പൊതുസമൂഹത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിന് ഈ വിഭാഗത്തിലുള്ള നായ്ക്കളെ അക്രമകാരികളായ നായ്ക്കളായി പ്രഖ്യാപിക്കുന്നതിനുള്ള വ്യവസ്ഥ കൊണ്ടുവരും. അമേരിക്കന്‍ പിറ്റ്ബുള്‍ ടെറിയറിനേക്കള്‍ ആക്രമകാരികളായ നായ്ക്കളാണ് അമേരിക്കന്‍ എക്സ് എല്‍ ബുള്ളി 2021നുശേഷം ഈ ബ്രീഡില്‍ വരുന്ന നായ്ക്കളുടെ കടിയേറ്റ് 14 പേര്‍ മരിച്ചുവെന്നും റിഷി സുനക് പറഞ്ഞു. പിറ്റ് ബുള്‍ ടെറിയര്‍, ജാപ്പനീസ് ടോസ, ഡോഗോ അര്‍ജൻറീനോ, ഫില ബ്രാസിലേറിയോ എന്നീ ബ്രീഡുകളില്‍പ്പെടുന്ന നായ്ക്കള്‍ക്ക് നിലവില്‍ ബ്രിട്ടണില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.