എത്ര ശുദ്ധമായ ഭാവന; 'തികച്ചും അസത്യം, എങ്ങനെ ഇങ്ങനെ കെട്ടുകഥ മെനയുന്നു?' ട്രംപ്-പുടിൻ ഫോൺ വിളി പാടെ തള്ളി റഷ്യ
ഇരുവരും സ്വകാര്യ സംഭാഷണം നടത്തിയെന്ന റിപ്പോർട്ടുകൾ റഷ്യൻ പ്രസിഡന്റിന്റെ ഓഫീസ് അപ്പാടെ തള്ളി. ക്രെംലിൻ വക്താവ് ഇതിനെ "ശുദ്ധമായ ഭാവന" എന്നാണ് വിശേഷിപ്പിക്കുന്നത്.
മോസ്കോ: യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചര്‍ച്ച നടത്തിയെന്ന വാര്‍ത്തയിൽ വഴിത്തിരിവ്. ഇരുവരും സ്വകാര്യ സംഭാഷണം നടത്തിയെന്ന റിപ്പോർട്ടുകൾ റഷ്യൻ പ്രസിഡന്റിന്റെ ഓഫീസ് അപ്പാടെ തള്ളി. ക്രെംലിൻ വക്താവ് ഇതിനെ "ശുദ്ധമായ ഭാവന" എന്നാണ് വിശേഷിപ്പിക്കുന്നത്. ഇക്കാലത്ത് ചില വലിയ പ്രസിദ്ധീകരണങ്ങൾ പോലും നൽകുന്ന വാര്‍ത്താ വിവരങ്ങളുടെ ഗുണനിലവാരത്തിൻ്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണിത്. പുറത്തുവന്ന വാര്‍ത്ത തികച്ചും അസത്യമാണ്. എങ്ങനെ ഇത്തരം ശുദ്ധമായ കെട്ടുകഥ മെനയുന്നു എന്നും സ്‌പുട്‌നിക് ന്യൂസ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് ചോദിച്ചു.
രഹസ്യ വൃത്തങ്ങളെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റായിരുന്നു ആദ്യം വാർത്ത നൽകിയത്. പിന്നാലെ മറ്റ് മാധ്യമങ്ങളും സമാന വാര്‍ത്തകൾ വന്നു. വ്യാഴാഴ്ച ഫ്ലോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിൽ വച്ച്, ഒരു സ്വകാര്യ ടെലിഫോൺ സംഭാഷണത്തിൽ ട്രംപ് പുടിനുമായി സംസാരിച്ചു എന്നായിരുന്നു ഞായറാഴ്ച വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തത്. യുക്രൈനിൽ റഷ്യ കൈവശപ്പെടുത്തിയ ഭൂമിയുടെ പ്രശ്നം ട്രംപ് ഉന്നയിച്ചു എന്നും യൂറോപ്പിലെ യുഎസ് സൈനിക സാന്നിധ്യത്തെക്കുറിച്ച് ട്രംപ് പുടിനെ ഓർമ്മിപ്പിച്ചതായും സംഘർഷം പരിഹരിക്കുന്നതിനുള്ള കൂടുതൽ സംഭാഷണങ്ങളിൽ താൽപ്പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ട് അവകാശപ്പെട്ടിരുന്നു.
രണ്ടാം തവണ പ്രസിഡന്റ് പദവി ഏറ്റെടുക്കുന്ന സാഹചര്യത്തിൽ യുക്രെയ്ൻ-റഷ്യൻ യുദ്ധം വഷളാവുന്നതിൽ ട്രംപിന് താൽപര്യമില്ല. ഫ്ലോറിഡയിലെ റിസോർട്ടിൽനിന്നാണ് ട്രംപ് ഫോണിൽ സംസാരിച്ചത്. ബുധനാഴ്ച യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കിയുമായുള്ള സംഭാഷണത്തിന്റെ തുടർച്ചയായിരുന്നു പുടിനുമായുള്ള ചർച്ച. അതുകൊണ്ട് തന്നെ ഇരുവരും തമ്മിലുള്ള സംഭാഷണത്തെക്കുറിച്ച് യുക്രെയ്നെ അറിയിച്ചിട്ടുണ്ട്. യുക്രെയ്നിലെ യുദ്ധം നീട്ടിക്കൊണ്ടുപോകാതിരിക്കുന്നതാണ് നല്ലതെന്ന് ഉപദേശിച്ച ട്രംപ്, യൂറോപ്പിലുള്ള യു.എസിന്റെ ശക്തമായ സൈനിക സാന്നിധ്യത്തെക്കുറിച്ച് പുടിനെ ഓർമിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ട് പറഞ്ഞു.നിയുക്ത പ്രസിഡൻറ് എന്ന നിലയിൽ ട്രംപും മറ്റ് ലോക നേതാക്കളും തമ്മിലുള്ള സ്വകാര്യ ഫോൺ സംഭാഷണങ്ങളെ കുറിച്ച് പ്രതികരിക്കില്ലെന്ന് അദ്ദേഹത്തിന്റെ കമ്യൂണിക്കേഷൻ ഡയറക്ടർ സ്റ്റീവൻ ച്യൂങ് പ്രതികരിച്ചു.
അതിനിടെ, കഴിഞ്ഞ ബുധനാഴ്ച യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കിയുമായും ടെലഫോണിൽ ചർച്ച നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലൻസ്കിയുമായുള്ള ഫോൺ ചർച്ചയിൽ ട്രംപ്, യുക്രൈന് സഹായം ചെയ്യുമെന്ന നിലയിലുള്ള വാഗ്ദാനം നൽകിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നത്. ട്രംപും സെലൻസ്കിയുമായുള്ള ചർച്ചക്കിടെ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. 25 മിനിറ്റ് സമയമാണ് ട്രംപും സെലൻസ്കിയും ഫോണിൽ തമ്മിൽ സംസാരിച്ചത്.
ഈ ചർച്ചക്കിടെ മസ്കിന് ട്രംപ് ഫോൺ കൈമാറിയെന്നാണ് റിപ്പോർട്ട്. മസ്കും സെലൻസ്കിയും തമ്മിൽ എന്താണ് സംസാരിച്ചതെന്ന കാര്യം പുറത്തുവന്നിട്ടില്ല. ട്രംപിനോട് സംസാരിക്കുന്നതിനിടെ മസ്കും സെലൻസ്കിയോട് ചർച്ച നടത്തിയെന്ന കാര്യം യുക്രൈൻ അധികൃതർ സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുളള അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ എത് തരത്തിലുളള ഇടപെടലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.