വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ഉദയം, ലങ്കയുടെ ചരിത്രംതിരുത്തിയ കമ്മ്യൂണിസ്റ്റ് നേതാവിന് നേരിടാൻ വെല്ലുവിളികളേറെ

ശ്രീലങ്കയുടെ ഒമ്പതാം പ്രസിഡന്റായി 55 കാരനായ അനുര കുമാര ദിസനായകെ അധികാരമേൽക്കുമ്പോൾ ഏതു ദിശയിലാണ് അദ്ദേഹം രാജ്യത്തെ നയിക്കുക എന്ന ആകാംക്ഷ ശക്തമാണ്. 

raised as student leader and making history in Sri Lanka anura kumara dissanayake profile

കൊളംബോ: ഇടതുപക്ഷ നേതാവ് അനുര കുമാര ദിശനായകെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി ഇന്ന് അധികാരമേൽക്കും. കടുത്ത വെല്ലുവിളികളാണ് പുതിയ ലങ്കൻ പ്രസിഡന്റിന് മുന്നിലുള്ളത്. സമ്പദ്‌ വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക, കോടിക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുക, തലയ്ക്കു മുകളിൽ നിൽക്കുന്ന വിദേശ കടത്തിന് പരിഹാരം കണ്ടെത്തുക. അങ്ങനെ ദുഷ്കരമായ ദൗത്യങ്ങളാണ് ലങ്കയുടെ പുതിയ പ്രെസിഡന്റായ കമ്യുണിസ്റ്റ് നേതാവിന് മുന്നിലുള്ളത്. 

ശ്രീലങ്കയുടെ ഒമ്പതാം പ്രസിഡന്റായി 55 കാരനായ അനുര കുമാര ദിസനായകെ അധികാരമേൽക്കുമ്പോൾ ഏതു ദിശയിലാണ് അദ്ദേഹം രാജ്യത്തെ നയിക്കുക എന്ന ആകാംക്ഷ ശക്തമാണ്. ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ ബന്ധം എങ്ങനെയാകും എന്നതും പ്രധാനം. അഴിമതി തുടച്ചുനീക്കും, സ്വകാര്യവത്കരണം പുനഃപരിശോധിക്കും, ആഭ്യന്തര ഉത്പാദനം കൂട്ടും, ക്ഷേമ പദ്ധതികൾ വ്യാപിപ്പിക്കും തുടങ്ങി ഒട്ടേറെ വാഗ്ദാനങ്ങൾ ആണ് ലങ്കൻ ജനതയ്ക്ക് മുന്നിൽ ഡിസനായകെ നൽകിയിരിക്കുന്നത്.

പ്രസിഡന്റ് ഗോട്ടബയ രാജപക്സെയെ അധികാരത്തിൽനിന്ന് പുറത്താക്കിയ ജനകീയ വിപ്ലവത്തിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിലാണ് അനുരയുടെ മിന്നും ജയം. നൂറ്റാണ്ടുകളുടെ സ്വപ്നം യാഥാർഥ്യമായെന്ന് ആണ് തന്റെ വിജയത്തെപ്പറ്റി അനുര കുമാര ദിസനായകെ പ്രതികരിച്ചത്. ലങ്കൻ ചരിത്രം തിരുത്തിയെഴുതാൻ തയ്യാറാണ് എന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. 

1988ൽ സോഷ്യൽ സ്റ്റുഡന്റ്സ് അസോസിയേഷന്റെ ദേശീയ സംഘാടകനെന്ന നിലയിൽ തുടങ്ങിയതാണ് അനുര ദിസനായകെയുടെ രാഷ്ട്രീയ ജീവിതം. 2001ൽ അദ്ദേഹം ശ്രീലങ്കൻ പാർലമെന്റിലെത്തി. ദിസനായകെയുടെ നേതൃത്വത്തിലുള്ള 'അരഗലയ' മൂവ്മെന്റാണ് രാജപക്സയെ പുറത്താക്കിയ ജനകീയ പോരാട്ടത്തിന് നേതൃത്വം നൽകിയത്. ആ ജനപ്രീതിയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ വിജയത്തിലേക്ക് എത്തിച്ചതും. 

കമ്യുണിസ്റ്റ്‌ പാർട്ടിയായ ജനത വിമുക്തി പെരമുനയുടെ നേതാവായ അനുര ദിസനായകെ ആദ്യ വോട്ടെണ്ണലിൽ 42 ശതമാനം വോട്ടുകളാണ് കിട്ടിയത്. പ്രതിപക്ഷ നേതാവും സമാഗി ജന ബലവേഗയയുടെ തലവനുമായ സജിത് പ്രേമദാസയ്ക്ക് 32 ശതമാനം വോട്ടു കിട്ടി. നിലവിലെ പ്രസിഡന്റ് റനിൽ വിക്രമസിംഗെയ്ക്ക് 17 ശതമാനം വോട്ടെ നേടാനായുള്ളൂ. മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ മൂത്ത മകൻ നമൽ രാജപക്സെയ്ക്ക് രണ്ടര ശതമാനം വോട്ടു മാത്രമാണ് കിട്ടിയത്. 

ലങ്കയിലെ നിയമം അനുസരിച്ച് ഒരു സ്ഥാനാർത്ഥിക്കും 50 ശതമാനം വോട്ടുകൾ നേടാനായില്ലെങ്കിൽ രണ്ടാം വോട്ടുകൾ എണ്ണും. അങ്ങനെ രണ്ടാം വോട്ടുകൾ കൂടി എണ്ണിയായിരുന്നു അന്തിമ ഫലപ്രഖ്യാപനം. രാജ്യത്തെ ആകെ 22 ജില്ലകളിൽ 15ലും ദിസനായകെ മുന്നിലെത്തി. തകർന്നടിഞ്ഞ ലങ്കൻ സമ്പദ്ഘടനയെ സ്വകാര്യവത്കരണ വിരുദ്ധ നിലപാടുളള ഒരു കമ്യുണിസ്റ്റ്‌ എങ്ങനെ കൈപിടിച്ച് കയറ്റും എന്നാണു ലോകം ഉറ്റുനോക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios