കുതിര ചവിട്ടി? എസ്റ്റേറ്റിൽ നടക്കാനിറങ്ങിയ ആനി രാജകുമാരിയുടെ തലയ്ക്ക് പരിക്ക്
രാജകുമാരി സുഖം പ്രാപിച്ച് വരികയാണെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു.
ലണ്ടന്‍: ചാള്‍സ് മൂന്നാമന്‍ രാജാവിന്‍റെ ഏക സഹോദരി ആനി രാജകുമാരിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം ഗ്ലോസെസ്റ്റർഷെയറിലെ ഗാറ്റ്‌കോംബ് പാർക്ക് എസ്റ്റേറ്റിൽ വച്ചാണ് 73 വയസ്സുള്ള രാജകുമാരിക്ക് തലയ്ക്ക് പരിക്കേറ്റത്. കുതിരയുടെ കാലു കൊണ്ട് ചവിട്ടിയതോ തല കൊണ്ട് ഇടിച്ചതോ മൂലമാണ് തലക്ക് പരിക്കേറ്റതെന്നാണ് മെഡിക്കല്‍ സംഘം പറയുന്നത്.
നിലവിൽ ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ആശുപത്രിയിൽ തുടുരുകയാണ് ആനി രാജകുമാരി. പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജകുമാരി സുഖം പ്രാപിച്ച് വരികയാണെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. രാജകുമാരി ഞായറാഴ്ച വൈകുന്നേരം ഗാറ്റ്‍കോംബ് എസ്റ്റേറ്റിൽ നടക്കുമ്പോഴാണ് സംഭവം ഉണ്ടായത്. ഉടൻ തന്നെ അടിയന്തര വൈദ്യ സേവനം എസ്റ്റേറ്റിലേക്ക് അയച്ചു. വൈദ്യ പരിചരണത്തിന് ശേഷം ആവശ്യമായ പരിശോധനകൾക്കും ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി രാജകുമാരിയെ ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Read Also - വിസ, ടിക്കറ്റ്, താമസം, ഭക്ഷണം സൗജന്യം; 30 ദിവസം ശമ്പളത്തോടുകൂടിയ അവധി, വൻ തൊഴിലവസരം സർക്കാർ ഏജൻസി വഴി നിയമനം
രാജാവിനെ വിവരം അറിയിച്ചതായും രാജകുമാരി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹവും രാജകുടുംബവും ആശംസിക്കുന്നതായും കൊട്ടാരം പ്രസ്താവനയില്‍ വ്യക്തമാക്കി.