വിരമിക്കാന്‍ ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ ഇടഞ്ഞ 'വിമത' ബിഷപ്പിനെ പുറത്താക്കി ഫ്രാന്‍സിസ് മാർപ്പാപ്പ
ഗർഭഛിദ്രം, ട്രാന്‍സ് ജെന്‍ഡർ വിഭാഗങ്ങളിലുള്ളവരോടുള്ള മാര്‍പ്പാപ്പയുടെ സമീപനം എന്നിവയെല്ലാം സഭയിലെ യാഥാസ്ഥിതിക വിഭാഗങ്ങളില്‍ രൂക്ഷമായ എതിർപ്പ് സൃഷ്ടിച്ചിരുന്നു. 65കാരനായ ജോസഫ് സ്ട്രിക്ലാന്‍ഡ് ഫ്രാന്‍സിസ് മാർപ്പാപ്പയുടെ നിരന്തര വിമർശകരില്‍ പ്രധാനിയായിരുന്നു
ടെക്സാസ്: കത്തോലിക്കാ സഭയില്‍ സ്വീകരിക്കുന്ന സമീപനങ്ങള്‍ക്കും നയങ്ങള്‍ക്കുമെതിരെ തുടർച്ചയായി രൂക്ഷ വിമർശനം നടത്തിയിരുന്ന ബിഷപ്പിനെ നീക്കി ഫ്രാന്‍സിസ് മാർപ്പാപ്പ. ടെക്സാസിലെ ടെയ്ലർ രൂപതയിലെ ബിഷപ്പായിരുന്ന ജോസഫ് സ്ട്രിക്ലാന്‍ഡിനെയാണ് ഫ്രാന്‍സിസ് മാർപ്പാപ്പ നീക്കിയത്. അമേരിക്കയിലെ കത്തോലി സഭയിലും വിശ്വാസികള്‍ക്കിടയിലും ധ്രുവീകരണ ശ്രമങ്ങള്‍ നടത്തുന്നുവെന്ന നിരീക്ഷണത്തിലാണ് തീരുമാനം. മാർപ്പാപ്പയുടെ നയങ്ങളെ നിശിതമായി വിമർശിച്ചിരുന്ന ഈ ബിഷപ്പ് അമേരിക്കയിലെ സഭാ നേതൃത്വത്തിലെ പിളർപ്പിന്റെ അടയാളമായാണ് നിരീക്ഷിക്കപ്പെട്ടിരുന്നത്.
ഔദ്യോഗികമായ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ജോസഫ് സ്ട്രിക്ലാന്‍ഡിനെ വിമുക്തനാക്കുന്നുവെന്നാണ് വത്തിക്കാനില്‍ നിന്നുള്ള അറിയിപ്പിലുള്ളത്. താല്‍ക്കാലിക ചുമതലയിലേക്ക് ഓസ്റ്റിന്‍ രൂപതാ ബിഷപ്പിന് കൈമാറുകയും ചെയ്തിട്ടുണ്ട്. 65കാരനായ ജോസഫ് സ്ട്രിക്ലാന്‍ഡ് ഫ്രാന്‍സിസ് മാർപ്പാപ്പയുടെ നിരന്തര വിമർശകരില്‍ പ്രധാനിയായിരുന്നു. വിശ്വാസ നിക്ഷേപങ്ങളില്‍ കുറവ് വരുത്താന്‍ ഫ്രാന്‍സിസ് മാർപ്പാപ്പ കാരണമാകുന്നതായാണ് ജോസഫ് സ്ട്രിക്ലാന്‍ഡ് അടുത്തിടെയും പ്രതികരിച്ചിരുന്നു. ഗർഭഛിദ്രം, ട്രാന്‍സ് ജെന്‍ഡർ വിഭാഗങ്ങളിലുള്ളവരോടുള്ള മാര്‍പ്പാപ്പയുടെ സമീപനം എന്നിവയെല്ലാം സഭയിലെ യാഥാസ്ഥിതിക വിഭാഗങ്ങളില്‍ രൂക്ഷമായ എതിർപ്പ് സൃഷ്ടിച്ചിരുന്നു. വത്തിക്കാനില്‍ നിന്നുള്ള അന്വേഷണ സംഘം ടെയ്ലർ രൂപത ഈ വർഷമാദ്യം സന്ദർശിച്ചിരുന്നു.
ഈ അന്വേഷണ റിപ്പോർട്ടിന് പിന്നാലെയാണ് ബിഷപ്പിനെ നീക്കിയത്. എന്നാല്‍ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളേക്കുറിച്ച് വത്തിക്കാന്‍ ഇതുവരെ വിവരം പുറത്ത് വിട്ടിട്ടില്ല. സ്വമേധയാ പിരിഞ്ഞുപോകാനുള്ള അവസരം ബിഷപ്പിന് നല്‍കിയെങ്കിലും വഴങ്ങാതെ വന്നതോടെയാണ് പുറത്താക്കിക്കൊണ്ടുള്ള മാർപ്പാപ്പയുടെ ഉത്തരവ് വരുന്നത്. മുന്‍ മാർപ്പാപ്പ നിയോഗിച്ച ചുമതല പൂർണമാക്കാതെ മടങ്ങില്ലെന്നായിരുന്നു ടെയ്ലർ ബിഷപ്പ് നിലപാട് സ്വീകരിച്ചത്.
എന്നാൽ പഴയ രീതിയിലുള്ള കുർബാന അർപ്പണത്തിലെ നിയന്ത്രണങ്ങളില്‍ ഫ്രാന്‍സിസ് മാർപ്പാപ്പയോട് ചേർന്ന് പോകാന്‍ സാധിക്കാത്തതാണ് തീരുമാനത്തിന് പിന്നിലെന്നാണ് ജോസഫ് സ്ട്രിക്ലാന്‍ഡ് പ്രതികരിക്കുന്നത്. പുരോഗമനപരമായ നിലപാടുകള്‍ വിശ്വാസ ധാരയില്‍ വിള്ളലുകള്‍ സൃഷ്ടിക്കുമെന്നും സഭാ വിശ്വാസികള്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നാണ് യാഥാസ്ഥിക വിഭാഗങ്ങള്‍ നിരീക്ഷിക്കുന്നത്. അതിനാല്‍ തന്നെ ബിഷപ്പിനെതിരായ നടപടിയില്‍ ഈ വിഭാഗങ്ങളില്‍ പ്രതിഷേധമുയരുന്നുണ്ട്. ഒരു ബിഷപ്പിനെ മാർപ്പാപ്പ നേരിട്ട് നീക്കം ചെയ്യുന്നുവെന്ന അസാധാരണത്വവും ഈ നടപടിയിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം