'വെളിച്ചത്തിലേക്കുള്ള തുരങ്കമാണത്, മതസൗഹാർദത്തിന്‍റെ പ്രതീകം': 'സൗഹൃദത്തിന്‍റെ തുരങ്കം' സന്ദർശിച്ച് മാർപ്പാപ്പ

എല്ലാവരും ദൈവത്തിലേക്ക് സഞ്ചരിക്കുന്ന തീർത്ഥാടകരാണ്. മതത്തെ മുൻനിർത്തി സംഘർഷമുണ്ടാക്കാൻ ശ്രമിക്കരുത്. ഇന്തോനേഷ്യ സന്ദർശനത്തിനിടെയാണ് പോപ്പിന്‍റെ പ്രതികരണം.

Pope Francis Praises Istiqlal Tunnel of Friendship as Symbols of Interfaith Harmony during Indonesia Visit

ജക്കാർത്ത: വ്യത്യസ്ത മതങ്ങളിൽ വിശ്വസിക്കുന്ന നമ്മളെല്ലാവരും സഹോദരങ്ങളാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. എല്ലാവരും ദൈവത്തിലേക്ക് സഞ്ചരിക്കുന്ന തീർത്ഥാടകരാണ്. മതത്തെ മുൻനിർത്തി സംഘർഷമുണ്ടാക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്തോനേഷ്യ സന്ദർശനത്തിനിടെയാണ് പോപ്പിന്‍റെ പ്രതികരണം. ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളിലൊന്നായ ജക്കാർത്തയിലെ ഇസ്തിഖലൽ മോസ്കിനെയും സെന്‍റ് മേരി ഓഫ് അസംപ്ഷൻ കത്തീഡ്രലിനെയും ബന്ധിപ്പിക്കുന്ന ഭൂഗർഭ തുരങ്കമായ 'സൗഹൃദത്തിന്‍റെ തുരങ്കം'  (ടണൽ ഓഫ് ഫ്രന്‍റ്ഷിപ്പ്) മാർപ്പാപ്പ സന്ദർശിച്ചു. 

മതവിഭാഗങ്ങൾക്കിടയിൽ സൗഹൃദം വളർത്തുന്നതിന് ഫ്രാൻസിസ് മാർപ്പാപ്പ ഇന്തോനേഷ്യയെ പ്രശംസിച്ചു. പള്ളിയുടെ ഗ്രാൻഡ് ഇമാം നസറുദ്ദീൻ ഉമറാണ് പോപ്പിനെ സ്വീകരിച്ചത്. 'സൗഹൃദത്തിന്‍റെ തുരങ്കം' മതസൗഹാർദത്തിന്റെ പ്രതീകമാണെന്ന് മാർപ്പാപ്പ പ്രശംസിച്ചു. മാനുഷികവും പാരിസ്ഥിതികവുമായ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് കൂട്ടായ പ്രവർത്തനം നടത്താൻ പ്രഖ്യാപനത്തിൽ ഇരുവരും ഒപ്പുവച്ചു. രാജ്യത്തെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ആറ് മതങ്ങളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം യുദ്ധവും പരിസ്ഥിതി പ്രശ്നങ്ങളുമാണെന്ന് മാർപ്പാപ്പ പറഞ്ഞു. 

മോസ്കിനെ കത്തീഡ്രലുമായി ബന്ധിപ്പിക്കുന്ന 'സൗഹൃദത്തിന്‍റെ തുരങ്ക'ത്തെ വെളിച്ചത്തിലേക്കുള്ള തുരങ്കം എന്നാണ് മാർപ്പാപ്പ വിശേഷിപ്പിച്ചത്.  2020 ഡിസംബറിൽ ആരംഭിച്ച തുരങ്ക നിർമാണം 2021 സെപ്തംബറിലാണ് അവസാനിച്ചത്. തുരങ്കത്തിന് 28.3 മീറ്റർ നീളവും മൂന്ന് മീറ്റർ ഉയരവുമുണ്ട്. 226 ചതുരശ്ര മീറ്ററാണ് വിസ്തീർണം. തുരങ്കത്തിലൂടെ ഇരുഭാഗത്തേക്കും സഞ്ചരിച്ച് ഇരു പള്ളികളുടെയും പാർക്കിങ് ഏരിയയിൽ എത്താം. 37.3 ബില്യണ്‍ ഇന്തോനേഷ്യൻ രൂപ ചെലവിട്ടാണ് നിർമാണം പൂർത്തിയാക്കിയത്. 

ഏഷ്യ - പസഫിക് രാജ്യങ്ങളിലെ 12 ദിവസത്തെ സന്ദർശനത്തിന്‍റെ ഭാഗമായാണ് പോപ്പ് ഇൻഡോനേഷ്യയിൽ എത്തിയത്. 1989ൽ ജോണ്‍ പോള്‍ രണ്ടാമന്‍റെ സന്ദർശനത്തിന് ശേഷം ആദ്യമായാണ് പോപ്പ് ഇന്തോനേഷ്യയിൽ എത്തുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios