'രണ്ട് ചാവേറുകൾ ലക്ഷ്യമിട്ടു, ഒരാൾ യുവതി, വധശ്രമം ഇറാഖ് സന്ദർശനത്തിനിടെ': വെളിപ്പെടുത്തലുമായി മാർപ്പാപ്പ

ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന് രഹസ്യ വിവരം ലഭിച്ചതോടെയാണ് പദ്ധതി നടക്കാതെ പോയതെന്ന് മാർപ്പാപ്പ ആത്മകഥയിൽ.

Pope Francis About Assassination Plot During Iraq Visit Foiled by British Intelligence

റോം: ഇറാഖിലേക്കുള്ള യാത്രയ്ക്കിടെ തന്നെ വധിക്കാൻ ഗൂഢാലോചന നടന്നതായി ഫ്രാൻസിസ് മാർപാപ്പ. ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന് രഹസ്യ വിവരം ലഭിച്ചതോടെയാണ് പദ്ധതി നടക്കാതെ പോയതെന്ന് മാർപ്പാപ്പ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയിൽ വിശദീകരിക്കുന്നുണ്ടെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

2021 മാർച്ചിൽ ബാഗ്ദാദിൽ ഇറങ്ങിയ ശേഷമാണ് വധ ഗൂഢാലോചനയെ കുറിച്ച് അറിഞ്ഞതെന്ന് പോപ്പ് പറഞ്ഞു. അവിടെ നടക്കുന്ന ഒരു പൊതുപരിപാടിക്കിടെ തനിക്കെതിരെ രണ്ട് പേർ ചാവേർ ബോംബാക്രമണം നടത്തുമെന്നാണ് വിവരം ലഭിച്ചത്. പിന്നീട് ഈ രണ്ട് അക്രമികളെയും സുരക്ഷാ വിഭാഗം കണ്ടെത്തി കൊലപ്പെടുത്തിയെന്നും പോപ്പിന്‍റെ ആത്മകഥയിൽ പറയുന്നതായി ഇറ്റാലിയൻ പത്രമായ കൊറിയർ ഡെല്ല സെറ റിപ്പോർട്ട് ചെയ്തു. 

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനമാണ് പോപ്പ് ഇറാഖിലേക്ക് നടത്തിയത്. ഒരു മാർപ്പാപ്പ ഇറാഖിലെത്തിയത് ആദ്യമായിരുന്നു. കനത്ത സുരക്ഷാ വലയത്തിലായിരുന്നു സന്ദർശനം. ഇറാഖ് സന്ദർശനം വേണ്ടെന്ന് പലരും തന്നെ ഉപദേശിച്ചിരുന്നുവെന്നും എന്നാൽ സന്ദർശിക്കണമെന്ന് തനിക്ക് തോന്നിയെന്നും പോപ്പ് വ്യക്തമാക്കി. 

ഒരു ചാവേർ യുവതിയായിരുന്നുവെന്ന് പോപ്പ് പറയുന്നു. തന്നെ വധിക്കുക എന്ന ലക്ഷ്യത്തോടെ ഒരു വാനും അതിവേഗത്തിൽ പുറപ്പെട്ടെന്ന് മാർപ്പാപ്പ കുറിച്ചു. അവർക്ക് എന്ത് സംഭവിച്ചുവെന്ന് അടുത്ത ദിവസം സുരക്ഷാ ഉദ്യോഗസ്ഥനോട് താൻ ചോദിച്ചെന്നും അവർ ജീവിച്ചിരിക്കുന്നില്ല എന്ന് മറുപടി ലഭിച്ചതായും മാർപ്പാപ്പ ആത്മകഥയിൽ എഴുതി. 'ഹോപ്പ്' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ജനുവരി 14 ന് പ്രസിദ്ധീകരിക്കും. വധശ്രമ ഗൂഢാലോചനയെ കുറിച്ചുള്ള ചോദ്യത്തോട്  വത്തിക്കാൻ പ്രതികരിച്ചില്ലെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios