യുക്രൈൻ സന്ദർശനത്തിന് പിന്നാലെ പുടിനുമായി മോദിയുടെ ചർച്ച; 'യുദ്ധത്തിന് ശാശ്വത പരിഹാരം നയതന്ത്ര ചർച്ച മാത്രം'

ഇന്ത്യയും റഷ്യയും തമ്മിലുള്ള സവിശേഷവും പ്രത്യേകവുമായ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും ഇരു നേതാക്കളും ചർച്ച ചെയ്തു

PM Narendra Modi held talks with Russian President Vladimir Putin today after ukraine visit

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനുമായി ചർച്ച നടത്തി. ടെലിഫോണിലൂടെയാണ് ഇരു നേതാക്കളും ച‍ർച്ച നടത്തിയത്. 22 -ാമത് ഇന്ത്യ - റഷ്യ ഉഭയകക്ഷി ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിഞ്ഞ മാസം നടത്തിയ റഷ്യൻ സന്ദർശനം പ്രധാനമന്ത്രി മോദി ഇന്നത്തെ ചർച്ചയിൽ അനുസ്മരിച്ചു. വിവിധ ഉഭയകക്ഷി വിഷയങ്ങളിലെ പുരോഗതി ഇരുനേതാക്കളും അവലോകനം ചെയ്തു. ഇന്ത്യയും റഷ്യയും തമ്മിലുള്ള സവിശേഷവും പ്രത്യേകവുമായ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും ഇരു നേതാക്കളും ചർച്ച ചെയ്തു.

പരസ്പര താൽപ്പര്യമുള്ള വിവിധ പ്രാദേശിക - ആഗോള വിഷയങ്ങളെക്കുറിച്ചും മോദിയും പുതിനും കാഴ്ചപ്പാടുകൾ കൈമാറി. റഷ്യ - യുക്രൈൻ സംഘർഷത്തെക്കുറിച്ച് ഇരുനേതാക്കളും അഭിപ്രായങ്ങൾ പങ്കുവച്ചു. അടുത്തിടെ നടത്തിയ യുക്രൈൻ സന്ദർശനത്തിന്‍റെ ഉൾക്കാഴ്ചകൾ പ്രധാനമന്ത്രി മോദി, റഷ്യൻ പ്രസിഡന്‍റുമായി പങ്കുവച്ചു. സംഘർഷത്തിന് ശാശ്വതവും സമാധാനപൂർണവുമായ പരിഹാരം കാണുന്നതിന് നയതന്ത്ര ചർച്ചകളുടെ പ്രാധാന്യത്തെക്കുറിച്ച് മോദി ആവർത്തിച്ചു. ബന്ധപ്പെട്ട എല്ലാ കക്ഷികളും തമ്മിലുള്ള ആത്മാർഥവും പ്രായോഗികവുമായ ഇടപെടലിനും അദ്ദേഹം ഊന്നൽ നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധം തുടർന്നും മുന്നോട്ടുകൊണ്ടുപോകുന്നതിനും മോദിയും പുതിനും തമ്മിൽ ധാരണയായി.

അതേസമയം റഷ്യ - യുക്രൈൻ സംഘർഷം പരിഹരിക്കാനുള്ള നീക്കങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സഹകരണം മോദിയുടെ സന്ദർശന വേളയിൽ യുക്രൈൻ പ്രസിഡൻറ് വ്ളോദിമിർ സെലൻസ്കി തേടിയിരുന്നു. ഇരു രാജ്യങ്ങളും സമാധാനത്തിനുള്ള ക്രിയാത്മക വഴികൾ തേടണമെന്ന് അന്ന് നരേന്ദ്ര മോദി നിർദ്ദേശിച്ചിരുന്നു. യുക്രൈന് മെഡിക്കൽ ക്യൂബ് അടക്കമുള്ള സഹായം സന്ദർശനവേളയിൽ ഇന്ത്യ കൈമാറിയിരുന്നു. സംഘർഷ മേഖലയിലെത്തി സെലൻസ്കിയെ ആലിംഗനം ചെയ്ത മോദി, ഇന്ത്യ യുക്രൈന് എതിരല്ലെന്ന സന്ദേശം നൽകിയാണ് മടങ്ങിയത്. ഒരു മാസം മുമ്പ് റഷ്യയിലെത്തി വ്ളാദിമിർ പുടിനെ ആലിംഗനം ചെയ്തത് ഉയർത്തിയ കടുത്ത അതൃപ്തി കൂടിയാണ് അന്ന് മോദി പരിഹരിച്ചത്.

'ഹേമ കമ്മിറ്റി റിപ്പോ‍ർട്ടിൽ സുരേഷ് ഗോപിയുടെ പേരുണ്ടോയെന്ന് സംശയം', തൃശൂരിലെ മോശം പെരുമാറ്റത്തിൽ അനിൽ അക്കര

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios