യുക്രൈന് ഇന്ത്യയുടെ സഹായം, മെഡിക്കൽ ക്യൂബ് കൈമാറി മോദി; റഷ്യയുമായുള്ള സംഘർഷം പരിഹരിക്കാൻ സഹകരണം തേടി സെലൻസ്കി
സംഘർഷ മേഖലയിലെത്തി ഇന്ത്യ യുക്രൈന് എതിരല്ലെന്ന സന്ദേശം നരേന്ദ്ര മോദി നൽകി
കീവ്: റഷ്യ - യുക്രൈൻ സംഘർഷം പരിഹരിക്കാനുള്ള നീക്കങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹകരണം തേടി യുക്രൈൻ പ്രസിഡൻറ് വ്ളോദിമിർ സെലൻസ്കി. ഇരു രാജ്യങ്ങളും സമാധാനത്തിനുള്ള ക്രിയാത്മക വഴികൾ തേടണമെന്ന് നരേന്ദ്ര മോദി നിർദ്ദേശിച്ചു. യുക്രൈന് മെഡിക്കൽ ക്യൂബ് അടക്കമുള്ള സഹായം സന്ദർശനവേളയിൽ ഇന്ത്യ കൈമാറി.
സംഘർഷ മേഖലയിലെത്തി സെലൻസ്കിയെ ആലിംഗനം ചെയ്ത മോദി, ഇന്ത്യ യുക്രൈന് എതിരല്ലെന്ന സന്ദേശം നൽകി. ഒരു മാസം മുമ്പ് റഷ്യയിലെത്തി വ്ളാദിമിർ പുടിനെ ആലിംഗനം ചെയ്തത് ഉയർത്തിയ കടുത്ത അതൃപ്തിയാണ് ഇന്ന് മോദി പരിഹരിച്ചത്. മൂന്നു മണിക്കൂർ നീണ്ടു നിന്ന ചർച്ചയാണ് ഇരു നേതാക്കളും നടത്തിയത്. റഷ്യൻ പ്രസിഡന്‍റിന്‍റെ സന്ദേശം മോദി സെലൻസ്കിക്ക് കൈമാറും എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ചില കാഴ്ചപ്പാടുകൾ മോദി സെലൻസ്കിയുമായി പങ്കു വച്ചു എന്ന പ്രതികരണമാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് നല്കിയത്. മധ്യസ്ഥത വഹിക്കാം എന്ന നിർദ്ദേശം മോദി വച്ചില്ല. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ചർച്ച നടക്കണം എന്നാണ് പ്രധാനമന്ത്രി നിർദ്ദേശിച്ചത്. എന്നാൽ സമാധാനശ്രമങ്ങളിൽ ഇന്ത്യയുടെ പങ്കാളിത്തവും തുടരണം എന്ന് സെലൻസ്കി പ്രതികരിച്ചു.
അതേസമയം സാംസ്കാരിക രംഗത്തും, ഊർജ്ജ മേഖലയിലും ഉള്ള സഹകരണത്തിന് നാലു കരാറുകളിൽ ഇന്ത്യയും യുക്രൈനും ഒപ്പു വച്ചു. യുക്രൈൻ സംഘർഷമേഖലകളിലെ പ്രാഥമിക ചികിത്സയ്ക്കു വേണ്ട മെഡിക്കൽ ക്യൂബുകൾ ഇന്ത്യ കൈമാറി. പത്തു മണിക്കൂർ ട്രെയിൻ യാത്ര ചെയ്ത് കീവിലെത്തിയ നരേന്ദ്ര മോദിക്ക് വിദ്യാർത്ഥികൾ അടങ്ങുന്ന ഇന്ത്യൻ സമൂഹം സ്വീകരണം നൽകി. ഇന്ത്യ റഷ്യയുടെ കൂടെ നിൽക്കുന്നു എന്ന ചിന്താഗതി മാറ്റാൻ മോദിയുടെ സന്ദർശനത്തിനായി എന്ന വിലയിരുത്തലിലാണ് വിദേശകാര്യമന്ത്രാലയം.
'രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് ശ്രീലേഖ അന്ന് പറഞ്ഞിരുന്നു', സ്ഥിരീകരിച്ച് ജോഷി ജോസഫ്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം