മോദിയുടെ റഷ്യൻ സന്ദർശനം, വ്യാപാര സഹകരണത്തിലടക്കം പ്രതീക്ഷകളേറെ! ഇന്ന് പുടിന്‍റെ അത്താഴ വിരുന്ന്, നാളെ ഉച്ചകോടി
നാല് പതിറ്റാണ്ടിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയയിലെത്തുന്നത്
മോസ്കോ: മൂന്നാം വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിൽ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്. ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടിയാണ് മോദിയുടെ റഷ്യൻ സന്ദർശനത്തിലെ പ്രധാന അജണ്ട. റഷ്യ - യുക്രൈൻ സംഘർഷം തുടങ്ങിയ ശേഷമുള്ള ആദ്യത്തെ സന്ദർശനം എന്ന നിലയിൽ, അക്കാര്യമടക്കം റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനുമായി മോദി ചർച്ച നടത്തും. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ ഇന്ന് നരേന്ദ്ര മോദിക്ക് അത്താഴ വിരുന്ന് നൽകും. നാളെ ഇരു നേതാക്കളും പങ്കെടുക്കുന്ന ഉച്ചകോടി നടക്കും.
റഷ്യ യുക്രയിൻ സംഘർഷമടക്കമുള്ള ലോക കാര്യങ്ങളടക്കം ഉച്ചകോടിയിൽ ചർച്ചയാകും. ഇന്ത്യ - റഷ്യ വ്യാപാര സഹകരണം ശക്തമാക്കുന്നതിനുള്ള തീരുമാനവും ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതിനിടെ റഷ്യയിലെ ഇന്ത്യൻ സമൂഹത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദി കാണും.
ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലേക്ക് പോകും. നാല് പതിറ്റാണ്ടിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയയിലെത്തുന്നത്. ഓസ്ട്രിയൻ പ്രസിഡന്‍റ്, ചാൻസലർ എന്നിവരുമായി ചർച്ച നടത്തുന്ന മോദി വിയന്നയിലും ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം