ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്ക്കിനെ അഭിനന്ദിച്ച് മോദി, 'നയതന്ത്രബന്ധം ശക്തിപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കാം'
ഇറാൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ പരിഷ്കരണ വാദി നേതാവായ മസൂദ് പെസഷ്ക്ക് തിളക്കമാർന്ന വിജയമാണ് സ്വന്തമാക്കിയത്
ദില്ലി: ഇറാന് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട മസൂദ് പെസെഷ്കിയാന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. ഇരു രാജ്യങ്ങളുടെയും ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കാമെന്ന് മോദി, പെസെഷ്കിയാനെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശത്തിൽ പറഞ്ഞു.
അതേസമയം ഇറാൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ പരിഷ്കരണ വാദി നേതാവായ മസൂദ് പെസഷ്ക്ക് തിളക്കമാർന്ന വിജയമാണ് സ്വന്തമാക്കിയത്. യാഥാസ്ഥിതിക നേതാവ് സയീദ് ജലീലിയെ തോൽപ്പിച്ചാണ് മസൂദ് പെസഷ്ക്കിൻ ഇറാൻ പ്രസിഡന്‍റ് ആകുന്നത്. മത പൊലീസിന്‍റെ ചട്ടങ്ങളിൽ ഇളവ് വേണമെന്നും പാശ്ചാത്യ രാജ്യങ്ങളുമായി ചർച്ച വേണമെന്നും വാദിക്കുന്ന നേതാവാണ് മസൂദ് പെസഷ്ക്കിൻ. എങ്കിലും അദ്ദേഹം പ്രസിഡന്‍റ് ആകുന്നതുകൊണ്ട് മാത്രം ഇറാന്‍റെ നയങ്ങളിൽ വലിയ മാറ്റം ഉണ്ടാകുമെന്ന് പലരും കരുതുന്നില്ല. പരമോന്നത ആത്മീയ നേതാവ് ആയത്തുള്ള അലി ഖമൈനിക്ക് ആണ് രാജ്യത്ത് പരമാധികാരം.
ജൂൺ 28 ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ ഇറാനിൽ ഒരു സ്ഥാനാർഥിക്കും ജയത്തിനാവശ്യമായ 50% വോട്ടു കിട്ടിയിരുന്നില്ല. തുടർന്നാണ് ഇന്നലെ വീണ്ടും വോട്ടെടുപ്പ് നടത്തിയത്. പ്രസിഡന്‍റ് ഇബ്രാഹിം റയ്സി കഴിഞ്ഞമാസം ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഇറാനിൽ ഇടക്കാല തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം