ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിൽ വെടിയുണ്ട തറച്ചു; ഭയന്നുവിറച്ച് യാത്രക്കാർ, സംഭവം ഡാലസ് വിമാനത്താവളത്തിൽ
വിമാനത്തിൻ്റെ വലതുവശത്ത് ഫ്ലൈറ്റ് ഡെക്കിന് തൊട്ടുതാഴെയായാണ് വെടിയുണ്ട തറച്ചത്.
ടെക്സസ്: ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്. ടേക്ക് ഓഫിന് തയ്യാറെടുക്കുകയായിരുന്ന സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിന് നേരെയാണ് വെടിവെയ്പ്പ് ഉണ്ടായത്. വിമാനത്തിൻ്റെ വലതുഭാഗത്ത് വെടിയുണ്ട തറച്ചതായാണ് റിപ്പോർട്ട്. പരിഭ്രാന്തരായ യാത്രക്കാരെ ഉടൻ തന്നെ വിമാനത്തിൽ നിന്ന് പുറത്തിറക്കി. ടെക്‌സസിലെ ഡാലസ് ലവ് ഫീൽഡ് എയർപോർട്ടിലാണ് സംഭവം.
"സൗത്ത്‌വെസ്റ്റ് എയർലൈൻസ് ഫ്ലൈറ്റ് 2494 ഇന്ത്യാനപൊളിസിലേക്ക് പുറപ്പെടാൻ സജ്ജീകരിച്ചിരിക്കുകയായിരുന്നു, വിമാനത്തിൻ്റെ വലതുവശത്ത്, ഫ്ലൈറ്റ് ഡെക്കിന് തൊട്ടുതാഴെയായി, ക്രൂ ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെ ഒരു വെടിയുണ്ട തറച്ചു" സൗത്ത് വെസ്റ്റ് വക്താവ് പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഡാലസ് പൊലീസും ഡാലസ് ഫയർ-റെസ്ക്യൂ ഉദ്യോഗസ്ഥരും അതിവേഗം ആവശ്യമായ നടപടികൾ സ്വീകരിച്ചു. വിമാനത്താവളത്തിൽ വ്യാപകമായി പരിഭ്രാന്തി സൃഷ്ടിച്ച വെടിവെയ്പ്പിൻ്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു.