യാത്രക്കാർ പുറത്തിറങ്ങിയ ശേഷം നടത്തിയ പരിശോധനയിൽ ബോയിംഗ് വിമാനത്തിന് കണ്ടെത്തിയത് ഗുരുതര തകരാറ്
ബോയിംഗ് വിമാനക്കമ്പനിയുടെ തന്നെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന രീതിയിലുള്ള നിരവധി സംഭവങ്ങളാണ് അടുത്തിടെ ഉണ്ടായത്. ഒരു ആഴ്ചയ്ക്കിടെ സംഭവിക്കുന്ന മൂന്നാമത്തെ ഗുരുതര തകരാറാണ് ഇത്
ഓറിഗോൺ: ആകാശമധ്യേ യാത്രാവിമാനത്തിന്റെ വാതില്‍ പുറത്തേക്കു തെറിച്ചു പോയ സംഭവത്തെ തുടർന്ന് ബോയിംഗ് വിമാനങ്ങളിൽ വ്യാപകമായ രീതിയിൽ അറ്റകുറ്റ പണികൾ നടന്നിരുന്നു. ഇതിന് പിന്നാലെ ആരംഭിച്ച സർവ്വീസുകളിലും പരാതികൾ വ്യാപകമാവുന്നു. സർവ്വീസിനിടെ വിമാനത്തിന്റെ എക്റ്റേണൽ പാനൽ കാണാതായതാണ് ഇത്തരത്തിൽ ഒടുവിലെത്തുന്ന പരാതി. യുണൈറ്റഡ് എയർലൈൻറെ ബോയിംഗ് വിമാനത്തിന്റെ എക്സ്റ്റേണൽ പാനലാണ് യാത്രയ്ക്കിടെ കാണാതായത്. വിമാനം ലാൻഡ് ചെയ്തതിന് ശേഷം നടത്തിയ പരിശോധനയിലാണ് വിമാനത്തിന്റെ എക്സ്റ്റേണൽ പാനൽ കാണാതായത് ശ്രദ്ധിക്കുന്നത്. വെള്ളിയാഴ്ച അമേരിക്കയിലെ ഒറിഗോൺ വിമാനത്താവളത്തിലാണ് ഗുരുതരമായ തകരാറുമായി ബോയിംഗ് വിമാനം ലാൻഡ് ചെയ്തത്.
പ്രാദേശിക സമയം 11.30ഓടെയായിരുന്നു ഒറിഗോണിലെ റോഗ് വാലി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യുണൈറ്റഡ് എയർലൈൻ വിമാനം ലാൻഡ് ചെയ്തത്. സാൻഫ്രാൻസിസ്കോയിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതായിരുന്നു ഈ വിമാനം. വിമാനത്തിൽ നിന്ന് യാത്രക്കാർ ഇറങ്ങിയ ശേഷം പാർക്കിംഗ് ഗേറ്റിൽ വച്ച് നടത്തിയ പരിശോധനയിലാണ് എക്റ്റേണൽ പാനൽ കാണാനില്ലെന്ന് വ്യക്തമായത്. യുണൈറ്റഡ് എയർലൈൻറെ ബോയിംഗ് 737 വിമാനം തൊട്ട് മുൻപ് അവസാനിപ്പിച്ച സർവ്വീസിൽ 139 യാത്രക്കാരും 6 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഗുരുതര തകരാറ് കണ്ടെത്തിയതിന് പിന്നാലെ വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ച് കാണാതായ ഭാഗം കണ്ടെത്താനായി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സംഭവത്തിന് പിന്നാലെ വിമാനത്താവളത്തിൽ എമർജൻസി പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ വിമാനക്കമ്പനി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
എക്സ്റ്റേണൽ പാനൽ കാണാതായ വിമാനത്തിന് 25 വർഷത്തെ പഴക്കമാണുള്ളത്. കോണ്ടിനെന്‍റൽ എയർലൈന്റെ ഭാഗമായിരുന്നു ഈ വിമാനം. 2012ൽ ഇരു കമ്പനികളും ഒന്നായതോടെ ഈ വിമാനം യുണൈറ്റഡ് എയർലൈന്റെ ഭാഗമാവുകയായിരുന്നു. ബോയിംഗ് വിമാനക്കമ്പനിയുടെ തന്നെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന രീതിയിലുള്ള നിരവധി സംഭവങ്ങളാണ് അടുത്തിടെ ഉണ്ടായത്. ബുധനാഴ്ച ബോയിംഗ് 777 വിമാനം സാങ്കേതിക തകരാറിനേ തുടർന്ന് എമർജൻസി ലാൻഡിംഗ് നടത്തിയിരുന്നു. തിങ്കളാഴ്ച മറ്റൊരു ബോയിംഗ് 777 വിമാനത്തിൽ സർവ്വീസിനിടെ ഇന്ധന ചോർച്ച സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ വിമാനം വഴി തിരിച്ച് വിടേണ്ടി വന്നിരുന്നു. മറ്റൊരു സംഭവത്തിൽ ബോയിംഗ് 787 ഡ്രീം ലൈനർ വിമാനത്തിന് സംഭവിച്ച സാങ്കേതിക തകരാറിൽ 50 യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം