95% വിജയം, സുരക്ഷിതം, കൊവിഡ് വാക്സിൻ ഉപയോഗിച്ച് തുടങ്ങാമെന്ന് ഫൈസർ
ഇന്ത്യയിൽ ഈ വാക്സിൻ നിലവിൽ ഉപയോഗിച്ച് തുടങ്ങില്ല. മൈനസ് 70 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വാക്സിൻ സൂക്ഷിക്കേണ്ടി വരുമെന്നത് ഇന്ത്യയിൽ വലിയ വെല്ലുവിളിയാണ്. ജർമൻ കമ്പനിയായ ബയോഎൻടെക് എസ്ഇ എന്ന കമ്പനിയുമായുള്ള പങ്കാളിത്തത്തോടെയാണ് വാക്സിൻ വികസിപ്പിച്ചത്.
ന്യൂയോർക്ക്/ ദില്ലി: കൊവിഡ് വാക്സിൻ 95% ഫലപ്രാപ്തിയിലെത്തിയെന്ന് അവകാശപ്പെട്ട് അമേരിക്കൻ ഔഷധഭീമൻ ഫിസർ. വാക്സിൻ സുരക്ഷിതമാണെന്നും, പാർശ്വഫലങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഫിസർ പറയുന്നു. മൂന്നാംഘട്ടപരീക്ഷണം വിജയകരമായി പൂർത്തിയാക്കിയെന്നും, ഉടൻ ഉപയോഗിച്ച് തുടങ്ങാവുന്ന സ്ഥിതിയിലാണ് വാക്സിൻ ഉള്ളതെന്നും, ഫിസർ വ്യക്തമാക്കുന്നു. അമേരിക്കയിൽ ഇത് ഉപയോഗിക്കുന്നതിന് അനുമതി തേടി, ഉടൻ അമേരിക്കയിലെ അധികൃതരെ ഫിസർ സമീപിക്കും.
ജർമൻ കമ്പനിയായ ബയോഎൻടെക് എസ്ഇ എന്ന കമ്പനിയുമായുള്ള പങ്കാളിത്തത്തോടെയാണ് ഈ വാക്സിൻ ഫിസർ വികസിപ്പിച്ചത്. വിവിധ പ്രായപരിധിയിലുള്ള, വിവിധ ഭൂപ്രദേശങ്ങളിലുള്ളവരിൽ ഈ വാക്സിൻ പരീക്ഷിച്ച് വിജയിച്ചുവെന്നും, ആരിലും വലിയ പാർശ്വഫലങ്ങൾ കണ്ടില്ലെന്നും, കമ്പനി അവകാശപ്പെടുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള 41,000 പേരിൽ രണ്ട് ഡോസുകൾ വീതം ഈ വാക്സിൻ പരീക്ഷിച്ചു. ലോകമെമ്പാടും ഈ വാക്സിൻ ഉപയോഗിക്കാവുന്നതാണെന്നും ഫിസർ പറയുന്നു.
എന്നാൽ, ഇന്ത്യയിൽ ഈ വാക്സിൻ നിലവിൽ ഉപയോഗിച്ച് തുടങ്ങില്ല. മൈനസ് 70 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വാക്സിൻ സൂക്ഷിക്കേണ്ടി വരുമെന്നത് ഇന്ത്യയിൽ വലിയ വെല്ലുവിളിയാണ്. വാക്സിൻ കൊണ്ടുവരേണ്ടി വന്നാൽ എന്തുവേണമെന്ന കാര്യം പരിശോധിക്കുകയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്.
അവസാനഘട്ടപരീക്ഷണം തുടങ്ങിയപ്പോൾ 90% ഫലപ്രാപ്തിയാണ് വാക്സിനുള്ളതെന്നാണ് ഫിസർ ആദ്യം അവകാശപ്പെട്ടത്. 95% ഫലപ്രാപ്തി അവകാശപ്പെട്ട് മൊഡേണ എന്ന കമ്പനിയും രംഗത്തെത്തിയിരുന്നു.