ടേക്ക് ഓഫിനൊരുങ്ങിയ വിമാനത്തിന്റെ എൻജിനിൽ കുടുങ്ങി ഒരാൾക്ക് ദാരുണാന്ത്യം
അപകടത്തിൽ മരിച്ച ആളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ എങ്ങനെയാണ് വിമാനത്തിന്റെ എൻജിനിൽ കുടുങ്ങിയതെന്നും ഇനിയും വ്യക്തമായിട്ടില്ല
ഷിപോൾ: ടേക്ക് ഓഫിന് ഒരുങ്ങിയ വിമാനത്തിന്റെ എൻജിനിൽ കുടുങ്ങി ഒരാൾക്ക് ദാരുണാന്ത്യം. ആംസ്റ്റർഡാമിലെ ഷിപോൾ വിമാനത്താവളത്തിലാണ് ലംഭവംയ ബുധനാഴ്ച ഉച്ച കഴിഞ്ഞ് ഡെൻമാർക്കിലെ ബില്ലൂണ്ടിലേക്ക് ടേക്ക് ഓഫ് ചെയ്യാൻ തുടങ്ങിയ കെ എൽ 1341 വിമാനത്തിന്റെ എൻജിനിലാണ് ഒരാൾ കുടുങ്ങിയത്. സംഭവത്തിൽ അന്വേഷണം അരംഭിച്ചതായി നെതർലാൻഡിലെ സൈനിക പൊലീസ് വിശദമാക്കിയിട്ടുണ്ട്.
വിമാനത്തിലെ യാത്രക്കാരും ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്നും ദാരുണ സംഭവം കാണേണ്ടി വന്ന യാത്രക്കാർക്കും ജീവനക്കാർക്കും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നുണ്ടെന്നാണ് റോയൽ നെതർലാൻഡ്സ് മേരിചോസ് ഫോഴ്സ് വിശദമാക്കുന്നത്. അപകടത്തിൽ മരിച്ച ആളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ എങ്ങനെയാണ് വിമാനത്തിന്റെ എൻജിനിൽ കുടുങ്ങിയതെന്നും ഇനിയും വ്യക്തമായിട്ടില്ല. വിമാനത്തിലെ ടേക്ക് ഓഫിന് സജ്ജമാക്കുന്ന ഗ്രൌണ്ട് ഡ്യൂട്ട് ജീവനക്കാരനാണ് ദാരുണമായി മരിച്ചതെന്നാണ് ഡച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
യൂറോപ്പിലും പരിസരത്തുമായി സർവ്വീസ് നടത്തിയിരുന്ന കെഎൽഎമ്മിന്റെ സിറ്റിഹോപ്പർ സർവ്വീസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ജീവൻ നഷ്ടമായ ആളുടെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായി ഷിപോൾ വിമാനത്താവളം പ്രതികരിച്ചു. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഷിപോൾ. കഴിഞ്ഞ ഒരു മാസത്തിൽ മാത്രം 5.5 ദശലക്ഷം ആളുകളാണ് ഷിപോൾ വിമാനത്താവളം ഉപയോഗിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം