സ്പാനിഷ് രാജാവിനും രാജ്ഞിക്കും പ്രധാനമന്ത്രിക്കും നേരെ ചെളിയേറ്; ജനരോഷം പ്രളയ മുന്നറിയിപ്പ് പാളിയതിന് പിന്നാലെ

നിങ്ങൾ കൊലപാതകികൾ എന്ന് ആക്രോശിച്ചാണ് ജനം ചെളിയെറിഞ്ഞത്. രാജാവിന്‍റെയും രാജ്ഞിയുടെയും മുഖത്തും റെയിൻകോട്ടിലും ചെളി തെറിച്ചു. ഇരുവരെയും സംരക്ഷിക്കുന്നതിനിടെ അംഗരക്ഷകന് പരിക്കേറ്റു.

people throw mud at spanish king queen and PM when visited flood hit town

മാഡ്രിഡ്: വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ച സ്പാനിഷ് രാജാവിനും രാജ്ഞിക്കും പ്രധാനമന്ത്രിക്കും നേരെ ചെളിയെറിഞ്ഞ്  രോഷാകുലരായ ജനങ്ങൾ. നിങ്ങൾ കൊലപാതകികൾ എന്ന് ആക്രോശിച്ചാണ് ജനം ചെളിയെറിഞ്ഞത്. സ്പെയിനിൽ അഞ്ച് പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കത്തിൽ 200ലധികം പേർ മരിച്ചിരുന്നു.

സ്പാനിഷ് രാജാവ് ഫിലിപ്പ്, രാജ്ഞി ലെറ്റിസിയ, പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് എന്നിവർക്ക് നേരെയാണ് ജനരോഷമിരമ്പിയത്. വെള്ളപ്പൊക്കത്തെ സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകിയില്ലെന്നും ദുരന്തമുണ്ടായപ്പോൾ അടിയന്തര സേവനങ്ങൾ വൈകിയെന്നുമാണ് പരാതി. 

"ഞങ്ങളെ സഹായിക്കൂ. ഇപ്പോഴും കാണാതായ പ്രിയപ്പെട്ടവരെ തിരഞ്ഞു നടക്കുകയാണ് നിരവധി പേർ. കൃത്യസമയത്ത് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ അവരെല്ലാം രക്ഷപ്പെടുമായിരുന്നു"- വലൻസിയ പ്രദേശത്ത് താമസിക്കുന്നവർ പറയുന്നു. രാജാവിന്‍റെയും രാജ്ഞിയുടെയും മുഖത്തും റെയിൻകോട്ടിലും ചെളി തെറിച്ചു. ഇരുവരെയും സംരക്ഷിക്കുന്നതിനിടെ അംഗരക്ഷകന് പരിക്കേറ്റു. പൈപോർട്ട സന്ദർശനത്തിനിടെ രാജാവ് കരയുന്നവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. രാജ്ഞിയുടെ കണ്ണുകളും നിറഞ്ഞു. 

ഒരു വർഷം പെയ്യേണ്ട മഴയാണ് സ്പെയിനിൽ ഒരൊറ്റ ദിവസം കൊണ്ട് പെയ്തത്. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നത് പ്രാദേശിക അധികാരികളുടെ ഉത്തരവാദിത്തമാണെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു. അതേസമയം ലഭ്യമായ വിവരങ്ങൾ വെച്ച് കഴിയുന്നത്ര മികച്ച രീതിയിൽ പ്രവർത്തിച്ചെന്ന് വലെൻസിയ അധികൃതർ പറഞ്ഞു. ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ട്. പല വീടുകളിലും ഇപ്പോഴും വൈദ്യുതിയില്ല. ജനങ്ങളുടെ രോഷം മനസ്സിലാക്കുന്നുവെന്നും അതേറ്റു വാങ്ങുക എന്നത് തന്‍റെ രാഷ്ട്രീയപരവും ധാർമികവുമായ ഉത്തരവാദിത്തമാണെന്നും പ്രാദേശിക നേതാവ് കാർലോസ് മാസോണ്‍ പ്രതികരിച്ചു. 

പ്രളയ ജലത്തിൽ വീടുകളും റോഡുകളും മുങ്ങിയ ശേഷമാണ് അധികൃതർ മുന്നറിയിപ്പ് നൽകിയതെന്നാണ് പരാതി. പ്രളയത്തെക്കുറിച്ച് ധാരണയില്ലാതെ വാഹനങ്ങളിൽ റോഡുകളിൽ കുടുങ്ങിയവരാണ് മിന്നൽ പ്രളയത്തിൽ മരിച്ചവരിൽ ഏറെയുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളത്തിലൂടെ നിരവധി വാഹനങ്ങൾ ഒലിച്ചുപോകുന്ന ദൃശ്യം പുറത്തുവന്നു. സ്പെയിനിലെ തെക്ക് കിഴക്കൻ മേഖലയിലാണ് രൂക്ഷമായ പ്രളയക്കെടുതി നേരിടുന്നത്. മെഡിറ്ററേനിയൻ തീരത്തെ വലൻസിയ മേഖലയിലാണ്  ഏറ്റവുമധികം ആളുകൾ മരിച്ചത്.  


തിരുവനന്തപുരത്ത് കനത്ത മഴയിൽ വെള്ളം കയറി കർഷകന്‍റെ 2000 കോഴിക്കുഞ്ഞുങ്ങൾ ചത്തു, ആയിരത്തോളം വാഴകളും നശിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios