ഗ്രേറ്റ് ബാരിയർ റീഫിൽ കുടുംബത്തോടൊപ്പം മത്സ്യ ബന്ധനം ; സ്രാവ് ആക്രമണത്തിൽ പാസ്റ്റർ മരിച്ചു
സ്രാവ് കടിച്ചതിനെത്തുടർന്ന് അപകടകരമായ രീതിയിൽ പരിക്കുകൾ പറ്റിയിരുന്ന പാസ്റ്റർ ഒന്നര മണിക്കൂറിന് ശേഷം മരിക്കുകയായിരുന്നു.
സിഡ്നി: ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫിൽ കുടുംബത്തോടൊപ്പം മത്സ്യബന്ധനം നടത്തുകയായിരുന്ന 40 കാരനായ പാസ്റ്ററെ സ്രാവ് ആക്രമിച്ച് കൊലപ്പെടുത്തി. രാജ്യത്തിൻ്റെ കിഴക്കൻ തീരത്തുള്ള ഹംപി ദ്വീപിന് സമീപം ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവമെന്ന് പോലീസും പ്രാദേശിക മാധ്യമങ്ങളും അറിയിച്ചു.
സെൻട്രൽ ക്വീൻസ്‌ലാൻ്റ് പട്ടണമായ റോക്ക്‌ഹാംപ്ടണിലെ കത്തീഡ്രൽ ഓഫ് പ്രെയ്‌സ് പള്ളിയിലെ പാസ്റ്ററായ ലൂക്ക് വാൽഫോർഡാണ് കൊല്ലപ്പെട്ടതെന്ന് പബ്ലിക് ബ്രോഡ്‌കാസ്റ്റർ എബിസി ഉൾപ്പെടെയുള്ള പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കുടുംബാംഗങ്ങൾക്കൊപ്പം മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഇയാൾക്ക് സ്രാവിൻ്റെ കടിയേറ്റതെന്ന് ക്വീൻസ്‌ലാൻഡ് സ്റ്റേറ്റ് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. സ്രാവ് കടിച്ചതിനെത്തുടർന്ന് അപകടകരമായ രീതിയിൽ പരിക്കുകൾ പറ്റിയിരുന്ന പാസ്റ്റർ ഒന്നര മണിക്കൂറിന് ശേഷം മരിക്കുകയായിരുന്നു.
കഴുത്തിൽ മാരകമായ മുറിവ് ഏറ്റതിനെ തുടർന്ന് സംഭവസ്ഥലത്ത് വെച്ച് തന്നെ അദ്ദേഹം മരിച്ചതായി പോലീസ് ഞായറാഴ്ച എഎഫ്‌പിയോട് പറഞ്ഞു. ഗ്രേറ്റ് ബാരിയർ റീഫിൻ്റെ കെപ്പൽ ബേ ഐലൻഡ്സ് നാഷണൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന ഹംപി ദ്വീപിൽ, ഡൈവിംഗിനും സ്നോർക്കലിങ്ങിനുമായി ക്യാമ്പിംഗ് ഗ്രൗണ്ടും ഉണ്ട്.
ഓസ്ട്രേലിയയിൽ 2023 ഡിസംബറിലും സ്രാവ് ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു. 15 വയസ്സുള്ള ഒരു ആൺകുട്ടിയാണ് അന്ന് മരിച്ചത്. 1791 മുതൽ ഓസ്‌ട്രേലിയയിൽ 1200 ലധികം ആളുകളാണ് സ്രാവിന്റെ ആക്രമണത്തിൽ പെട്ടിട്ടുള്ളത്. ഇതിൽത്തന്നെ 250 ൽ അധികം ആളുകൾ മരണപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം